ഇടുക്കിയില് നാടൻ തോക്കുകൾ; രഹസ്യ നിർമാണവും തകൃതി
1 min read
ഇടുക്കി ജില്ലയിൽ നാടൻ തോക്കു നിർമാണവും ഇതേത്തുടർന്നുള്ള അതിക്രമങ്ങളും വർധിക്കുന്നു. ശനിയാഴ്ച മൂലമറ്റത്ത് ഒരാളുടെ മരണത്തിനിടയാക്കിയ കേസിലും പ്രതി ഉപയോഗിച്ചതും ലൈസൻസില്ലാത്ത തോക്കായിരുന്നു. കാട്ടുമൃഗങ്ങളെ വേട്ടയാടാനും മറ്റുമാണ് പലരും അതീവ രഹസ്യമായി നാടൻതോക്ക് നിർമിച്ച് സൂക്ഷിക്കുന്നത്. എന്നാൽ ഇപ്പോൾ മനുഷ്യരുടെ നേരെയും വ്യാജ തോക്കുകൾ ഉന്നംവയ്ക്കുന്നു. ജില്ലയിൽ പല ഭാഗത്തും നാടൻ തോക്ക് നിർമാണത്തിൽ വൈദഗ്ധ്യം ഉള്ളവരുണ്ട്. മെച്ചപ്പെട്ട പ്രതിഫലം ലഭിക്കുമെന്നതിനാലാണ് പലരും നാടൻതോക്കു നിർമാണം രഹസ്യമായി നടത്തുന്നത്.

എടാടുള്ള ഇരുന്പുപണിക്കാരനാണ് മൂലമറ്റം വെടിവെയ്പ്പു കേസിലെ പ്രതി ഫിലിപ്പ് മാർട്ടിന് വ്യാജ തോക്ക് നിർമിച്ചു നൽകിയതെന്ന് വ്യക്തമായിട്ടുണ്ട്. ഏതാനും വർഷം മുൻപും എടാട് ഭാഗത്തു നിന്നും വ്യാജ തോക്ക് പോലീസ് പിടികൂടിയിരുന്നു. കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് നടത്തിയ കൂടുതൽ പരിശോധനയിലാണ് അന്ന് തോക്ക് പോലീസ് കസ്റ്റഡിയിലെടുത്ത്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.
2020 ഓഗസ്റ്റിൽ മറയൂരിൽ ആദിവാസി യുവതി നാടൻതോക്കിൽ നിന്നുള്ള വെടിയേറ്റ് മരിച്ചിരുന്നു. ആദിവാസി, തോട്ടം മേഖലകളിൽ വ്യാപകമായി നാടൻതോക്കുകൾ ഉപയോഗിക്കുന്നുണ്ട്. കാട്ടുമൃഗങ്ങളെ വേട്ടയാടാനാണ് പലരും ഇത്തരം തോക്കുകൾ ഉപയോഗിക്കുന്നത്. വനംവകുപ്പ് നിരീക്ഷണവും മറ്റും ശക്തമാക്കിയതോടെ നാടൻതോക്കു കൊണ്ടുള്ള വേട്ടയാടൽ കുറഞ്ഞിട്ടുണ്ട്.
ജില്ലയിൽ വളരെ കുറച്ചുപേർക്കു മാത്രമേ ലൈസൻസുള്ള തോക്കുകൾ ഉള്ളൂ. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാനും മറ്റും ഇവരെ ഉപയോഗപ്പെടുത്തുന്നുണ്ട്. കർശനമായ ഉപാധികളോടെയാണ് തോക്കിന് ലൈസൻസ് അനുവദിക്കുന്നത്.
തെരഞ്ഞെടുപ്പു സമയത്തും മറ്റും തോക്കുകൾ പോലീസ് സ്റ്റേഷനിൽ ഹാജരാക്കണമെന്നാണ് നിബന്ധന. ഇപ്പോൾ തോക്കിന് ലൈസൻസ് ലഭിക്കാനുള്ള ബുദ്ധിമുട്ട് മൂലം പലരും നാടൻ തോക്ക് രഹസ്യമായി നിർമിച്ച് സൂക്ഷിക്കുകയാണ്