22/06/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

അടിമാലി പഞ്ചായത്തിന്റെ മാലിന്യത്തില്‍ നിന്നും വൈദ്യതി പദ്ധതി; കാല്‍ കോടിയുടെ ബയോഗ്യാസ് പ്ലാന്റ് നോക്കുകുത്തി

1 min read

നിര്‍മ്മാണത്തിലെ അപാകതയും നടത്തിപ്പിലെ അവ്യക്തതയും ഭരണ സമിതിയുടെ സ്വാര്‍ത്ഥ താല്‍പര്യവും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും മൂലം അടിമാലി ഗ്രാമ പഞ്ചായത്തിലെ 27 ലക്ഷം രൂപ മുടക്കി പൂര്‍ത്തിയാക്കിയ മാലിന്യത്തില്‍ നിന്നും വൈദ്യതി പദ്ധതിയുടെ ബയോഗ്യാസ് പ്ലാന്റ് നോക്കുകുത്തിയായി മാറി. പൊതു മല്‍സ്യ മാര്‍ക്കറ്റില്‍ ആധുനിക അറവുശാലയ്ക്കു മുന്നില്‍ അശാസ്ത്രീയമായി നിര്‍മ്മിച്ച 50- എം. ക്യൂം ശേഷിയുള്ള ബയോഗ്യാസ് പ്ലാന്റ് ഇപ്പോള്‍ പ്രദേശ വാസികള്‍ക്ക് സുരക്ഷ ഭീഷണിയും ഉയര്‍ത്തുകയാണ്.

അടിമാലി ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിച്ച് പ്ലാന്റില്‍ നിക്ഷേപിച്ച് ഗ്യാസ് ഉല്‍പ്പാദിപ്പിച്ച് വിപണനം നടത്തുന്നതിനും മാര്‍ക്കറ്റ് ഭാഗങ്ങളിലെ സ്ട്രീറ്റ് ലൈറ്റുകള്‍ തെളിയിക്കുന്നതിനുമായിരുന്നു പദ്ധതിയെന്ന് മുന്‍ പഞ്ചായത്ത് ഭരണ സമിതിയും സെക്രട്ടറിയും ജനങ്ങളെ ധരിപ്പിച്ചിരുന്നു.

എന്നാല്‍ നിര്‍മ്മാണത്തിലെ അപാകത കാരണം ഈ പദ്ധതി ഫലം കണ്ടില്ല. എന്നാല്‍ 27 ലക്ഷം രൂപ നിര്‍മ്മാണം നടത്തിയ കരാറുകാരനും ഏജന്‍സിയും കൊണ്ടു പോയി. ആയിരത്തിലധികം വ്യാപാര സ്ഥാപനങ്ങളുള്ള അടിമാലി ടൗണിലെ മൂന്നു സ്ഥാപനങ്ങളില്‍ നിന്നു മാത്രമാണ് പ്ലാന്റിലേക്ക് മാലിന്യം എത്തിക്കുന്നത്.

ശേഖരിക്കുന്ന മാലിന്യമാകട്ടെ ബയോഗ്യാസ് പ്ലാന്റിനുള്ളിലേക്ക് തള്ളുന്നു. ഈ മാലിന്യം വെറുതെ ടാങ്കില്‍ ഇടുന്നതല്ലാതെ യാതൊരു വിധ പ്രവര്‍ത്തനവും നടത്തുന്നില്ല. മാലിന്യങ്ങള്‍ ഇടുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക ദ്രവീകൃത വാതകം സൂര്യതാപത്താല്‍ പുറത്തേക്ക് പരക്കുന്നു. ഈ ഗ്യാസ് സംരക്ഷിക്കാനോ വൈദ്യുതി ഉത്പാദിപ്പിക്കുവാനോ നടപടി സ്വീകരിച്ചിട്ടില്ല. ഇപ്പോള്‍ പ്ലാന്റിന്റെ മുകള്‍ ഭാഗത്തെ വാല്‍വ് തുറന്ന് അനാവശ്യമായി നശിപ്പിച്ചു കളയുകയാണ്.

മലിന ജലമാകട്ടേ സമീപത്തെ ഓടയിലേയ്ക്ക് ഒഴുക്കി വിടുന്നു. ഇതിന് കാരണം ടാങ്കില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഗ്യാസ് പുറത്തേക്ക് സപ്ലേ ചെയ്തു കൊണ്ട് പോകുന്നതിന് സംവിധാനം ഇല്ലാത്തതാണ്. ടാങ്കില്‍ അളവില്‍ കൂടുതല്‍ മാലിന്യങ്ങള്‍ നിറഞ്ഞാല്‍ മര്‍ദ്ദം മൂലം പൊട്ടിതെറിക്കുന്നതിനും കാരണമാകും. ഇതാണ് സമീപ വാസികള്‍ക്കും കച്ചവടക്കാര്‍ക്കും ഭീഷണിയാകുന്നത്. ജനവാസ മേഖലയില്‍ ഇത്തരം പ്ലാന്റുകള്‍ വലിയ അപകടം വരുത്തുമെന്നുള്ളതിനാല്‍ ഫയര്‍ ഫോഴ്‌സ് അനുമതി നിര്‍ബന്ധമാണ്. എന്നാല്‍ ഊ അനുമതിയും പഞ്ചായത്ത് വാങ്ങിയിട്ടില്ല. പാചക വാതകം നിര്‍മ്മിച്ച് സിലിണ്ടര്‍ വഴിയോ പൈപ്പുകള്‍ വഴിയോ വിതരണം ചെയ്യുന്നതിന് ഫയര്‍ ഫോഴ്‌സ് അനുമതി വേണമെന്ന കാര്യം പോലും പദ്ധതി രൂപീകരണ സമയത്തോ പ്ലാന്റ് നിര്‍മ്മാണ സമയത്തോ പഞ്ചായത്ത് ആലോചില്ല.

മതിയായ പഠനമില്ലാതെ നടപ്പിലാക്കിയ ബയോഗ്യാസ് പ്ലാന്റ് ഇപ്പോള്‍ പ്രദേശിവാസികളുടെ മേല്‍ ഭീതിയുടെ നിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. ശരിയായ രീതിയില്‍ ഈ പ്ലാന്റ് പ്രവര്‍ത്തന സജ്ജമാകണമെങ്കില്‍ ഇനിയും 20 ലക്ഷത്തിലധികം രൂപ മുതല്‍ മുടക്കണമെന്ന് പദ്ധതിയുടെ നടത്തിപ്പുകാരായ തൊടുപുഴയിലെ ഏജന്‍സി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൂടാതെ 2021 ഡിസംബര്‍ 9ന് ചേര്‍ന്ന പഞ്ചായത്ത് കമ്മറ്റി ബയോഗ്യാസ് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നതിനായി ശമ്പളത്തോടെ ഒരു ജീവനക്കാരനെയും നിയമിച്ചിരുന്നു. എന്നാല്‍ ഈ ജീവനക്കാരന്‍ നാളിതു വരേയും ജോലിക്കെത്തിയിട്ടില്ലായെന്ന് മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ തന്നെ പറഞ്ഞു.

പൊതു ഖജനാവില്‍ നിന്നും കാല്‍ കോടിയോളം രൂപ ഉപയോഗശൂന്യമായി ചിലവഴിച്ചതു വഴി വന്‍ അഴിമതിക്ക് കളമൊരുങ്ങിയതായി ആരോപിച്ച് പ്രദേശവാസികള്‍ വിജിലന്‍സിനെ സമീപിച്ചു കഴിഞ്ഞു.

Facebook Comments Box

1 thought on “അടിമാലി പഞ്ചായത്തിന്റെ മാലിന്യത്തില്‍ നിന്നും വൈദ്യതി പദ്ധതി; കാല്‍ കോടിയുടെ ബയോഗ്യാസ് പ്ലാന്റ് നോക്കുകുത്തി

  1. ഫലപ്രദമായ പദ്ധതി ആണ്
    ആവശ്യത്തിന് മാലിന്യം നിക്ഷേപിച്ചാൽ ഭംഗിയായി പ്രവർത്തിക്കും

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!