ഇടുക്കിയിൽ രജിസ്റ്റർ ചെയ്യുന്ന ആധാരങ്ങളുടെ എണ്ണത്തിൽ വൻ വർധന.
1 min read
ഭൂമിയുടെ ന്യായവില പത്തുശതമാനം വർധിപ്പിക്കാനുള്ള ബജറ്റ് നിർദേശം ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിലാകുന്നതിനാൽ രജിസ്റ്റർ ചെയ്യുന്ന ആധാരങ്ങളുടെ എണ്ണത്തിൽ വൻ വർധന. തീറാധാരം, ഇഷ്ടദാനം, ധനനിശ്ചയം, ഭാഗ ഉടന്പടി എന്നിവയുടെ എണ്ണത്തിലാണ് വർധനയുണ്ടായിരിക്കുന്നത്. നേരത്തെയുണ്ടായിരുന്നതിന്റെ 50 ശതമാനം വർധനയാണ് നിലവിലുള്ളത്.
ജില്ലയിൽ എട്ടു സബ് രജിസ്ട്രാർ ഓഫീസുകളാണുള്ളത്. ഈ ഓഫീസുകളിലെല്ലാം വൻതിരക്കാണ് കഴിഞ്ഞദിവസങ്ങളിൽ ഉണ്ടായത്. കോവിഡ് കാലയളവിൽ കാരിക്കോട് സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്ട്രേഷനായി 25 ടോക്കണുകളാണ് അനുവദിച്ചിരുന്നതെങ്കിൽ തിരക്ക് വർധിച്ചതോടെ 40 ആയി വർധിപ്പിച്ചിട്ടുണ്ട്. തൊടുപുഴ സബ് രജിസ്ട്രാർ ഓഫീസിൽ 30 ടോക്കണുകളാണുള്ളത്. ദേശീയ പണിമുടക്കിനെത്തുടർന്നു രണ്ടുദിവസം രജിസ്ട്രാർ ഓഫീസ് പ്രവർത്തിക്കാത്തതു നിരവധിപ്പേർക്ക് ദുരിതമായി മാറിയിട്ടുണ്ട്. 30നു മാത്രമാണ് ഇനി ഓഫീസ് പ്രവർത്തിക്കുന്നത്.
സാന്പത്തിക വർഷം അവസാനിക്കുന്നതിനാൽ 31നു ഓഫീസ് ഭാഗികമായി മാത്രമേ പ്രവർത്തിക്കാൻ ഇടയുള്ളൂ.
ഈസാഹചര്യത്തിൽ ഈമാസം ആധാരം നടത്താൻ ശ്രമിച്ചവർക്ക് ഇതിനു കഴിയാതെ വരുന്നത് വൻ സാന്പത്തിക നഷ്ടത്തിനു കാരണമാകും. നഗരപ്രദേശങ്ങളിൽ ഉള്ളവർക്കാണ് കൂടുതൽ സാന്പത്തിക നഷ്ടമുണ്ടാക്കുന്നത്. ഇവിടങ്ങളിൽ ഭൂമിയുടെ ന്യായവില ഒരു ആറിന് നാലും അഞ്ചും ലക്ഷത്തിനു മുകളിലാണ്. ഇതനുസരിച്ച് ഏപ്രിൽ ഒന്നുമുതൽ രജിസ്ട്രേഷൻ ഫീസിനത്തിലുണ്ടാകുന്ന വർധന ഭീമമായ തുകയാണ്. ഇതിനുപുറമെ വില്ലേജ് ഓഫീസുകൾ പ്രവർത്തിക്കാത്തതിനാൽ കരം അടയ്ക്കാനും മറ്റു രേഖകൾ ലഭിക്കാനുമെല്ലാം സാധിക്കാതെ വരുന്നതും ആളുകൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
അതേസമയം അശാസ്ത്രീയമായാണ് ഭൂമിയുടെ ന്യായവില പലയിടത്തും വർധിപ്പിച്ചിരിക്കുന്നതെന്ന ആക്ഷേപം നേരത്തെതന്നെ ഉയർന്നിരുന്നു. ഇതു പരിഹരിക്കുന്നതിനു ശ്രമിക്കാതെ പലപ്പോഴായി 100 ഇരട്ടിയും 200 ഇരട്ടിയും വർധിപ്പിച്ചതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടും പത്തുശതമാനം വർധിപ്പിച്ചിരിക്കുന്നത്.
ഇതു ഭൂരിഭാഗം പ്രദേശങ്ങളിലും വിപണിവിലയേക്കാൾ കൂടിയ നിരക്കാണെന്ന വ്യാപക ആക്ഷേപവും ഉയരുന്നുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതൽ സ്റ്റാന്പ് ഡ്യൂട്ടിയുള്ളതും കേരളത്തിലാണ്. ഇതു ഏകീകരിക്കാൻ കേന്ദ്രസർക്കാർ ശ്രമം ആരംഭിച്ചിട്ടുണ്ട്. അങ്ങനെ വന്നാൽ നിലവിലുളള എട്ടുശതമാനത്തിൽനിന്നു അഞ്ചുശതമാനത്തിലേക്ക് സ്റ്റാന്പ് ഡ്യൂട്ടി താഴും. ഇതു നേരിയ ആശ്വാസമാകും.