ഹാഷിഷ് ഓയിൽ കടത്തിയ പ്രതിക്ക് കഠിനതടവും പിഴയും
1 min read
ഹാഷിഷ് ഓയിൽ കടത്തിക്കൊണ്ടുവന്ന ഒറീസ സ്വദേശിക്ക് കഠിനതടവും പിഴയും ശിക്ഷ. ഒറീസ കോരപുട്ട് ജില്ല ഗൊല്ലൂർ വില്ലേജിൽ പന്തല്ലൂർകുളം മോഹൻ കുളംപേട (31) യെയാണ് 12 വർഷം കഠിന തടവിനും രണ്ടുലക്ഷം രൂപ പിഴ അടയ്ക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി കഠിനതടവിനും തൊടുപുഴ എൻഡിപിഎസ് കോടതി ജഡ്ജി ജി. അനിൽ ശിക്ഷിച്ചത്.
കഴിഞ്ഞ വർഷം ജൂലൈ എട്ടിന് ഉടുന്പന്നൂർ -തൊടുപുഴ റോഡിൽ കരിമണ്ണൂർ പള്ളി ജംഗ്ഷനിൽനിന്നും 2.018 കിലോഗ്രാം ഹാഷിഷുമായി കരിമണ്ണൂർ എസ്ഐ ആയിരുന്ന സി.ആർ. ഹരിദാസും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കരിമണ്ണൂർ സിഐ സുമേഷ് സുധാകരൻ തുടർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ബി. രാജേഷ് ഹാജരായി.