അഞ്ചര വയസുകാരിയെ മർദിച്ച വീട്ടുജോലിക്കാരിക്കെതിരെ കേസ്
1 min read
അഞ്ചര വയസുകാരിയെ ക്രൂരമായി മർദിച്ച വീട്ടുജോലിക്കാരിക്കെതിരെ കേസ്.

ഇടുക്കിയിൽ അഞ്ചര വയസുകാരിയെ ക്രൂരമായി മർദിച്ച വീട്ടുജോലിക്കാരിക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ പിതാവ് ഉടുമ്പന്നൂർ സ്വദേശി ബിബിന്റെ പരാതിയിൽ മൂലമറ്റം സ്വദേശി തങ്കമ്മയ്ക്കെതിരെയാണ് കേസെടുത്തത്. കുട്ടിയെ ഇവർ അടുക്കളയിൽ നിന്ന് വലിച്ചെറിയുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ഭാര്യ വിദേശത്തായതിനാൽ അഞ്ചര വയസുള്ള മകളെയും നാലര വയസുള്ള മകനെയും പരിചരിക്കാനാണ് ബിബിൻ ജോലിക്കാരിയെ ഏർപ്പാടാക്കിയത്. ബിബിൻ കഴിഞ്ഞ ദിവസം മലയാറ്റൂർ തീർഥാടനത്തിന് പോയിരുന്നു. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് വേലക്കാരി കുട്ടികളെ ഉപദ്രവിച്ചത്. അവർ പെൺകുട്ടിയെ ഉപദ്രവിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് ബിബിൻ പൊലീസിൽ പരാതി നൽകിയത്. ഒരു മാസത്തെ കരാറിൽ മൂന്ന് ദിവസം മുമ്പാണ് തങ്കമ്മ വീട്ടുജോലിക്കെത്തിയത്. ഇവർ ഇപ്പോൾ ഒളിവിലാണ്.

ബിബിൻ തൊടുപുഴയിലുള്ള ഏജന്റ് വഴിയാണ് വീട്ടിൽ ജോലിക്കാരിയെ നിർത്തിയത്. സംഭവത്തെ കുറിച്ച് വീട്ടുജോലിക്കാരിയോട് തിരക്കിയപ്പോൾ ഇവർ ദേഷ്യപ്പെട്ടതായും വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതായും ബിബിൻ പറയുന്നു.