ചൂടു കൂടി : ചെറുനാരങ്ങാ വില കുതിയ്ക്കുന്നു
1 min read
ചൂടു കൂടിയതോടെ ദാഹശമിനികൾക്ക് ആവശ്യക്കാരേറിയ സാഹചര്യത്തിൽ വിപണിയിൽ ചെറുനാരങ്ങായുടെ വില കുത്തനെ ഉയർന്നു. വേനൽക്കാലത്ത് വൻതോതിൽ ഉപയോഗിക്കുന്ന ചെറുനാരങ്ങയുടെ വില കിലോയ്ക്ക് 180 രൂപ മുതൽ 200 വരെയാണ്. വില വീണ്ടും കൂടുമെന്നാണ് വിപണി വൃത്തങ്ങൾ നൽകുന്ന സൂചന. നാരങ്ങാ വില ഏറിയതോടെ ജനപ്രിയ ദാഹശമിനിയായ നാരങ്ങാവെള്ളത്തിനും പല കച്ചവടക്കാരും വില കൂട്ടി. സോഡാ നാരങ്ങാവെള്ളത്തിന് 20 -25 നിരക്കിലാണ് പലരും ഈടാക്കുന്നത്. നാരങ്ങാ പിഴിഞ്ഞെടുക്കുന്ന സാദാ നാരങ്ങാവെള്ളത്തിനും വിലയേറി. 12 മുതൽ 15 വരെ വിലയീടാക്കുന്നുണ്ട്.

നാരങ്ങാ വെള്ളത്തിന്റെ വിൽപ്പന കൂടിയ സാഹചര്യത്തിലാണ് അവസരം മുതലെടുത്ത് ചെറുനാരങ്ങായുടെ വില കച്ചവടക്കാർ കുത്തനെ കൂട്ടിയത്.ഇതിനു പുറമെ നാരങ്ങായിൽ വിറ്റാമിൻ സി കൂടുതലായി അടങ്ങിയിട്ടുള്ളതിനാൽ കോവിഡ് കാലത്തും ആവശ്യക്കാരേറെയായിരുന്നു. തമിഴ്നാട്ടിൽ നിന്നും വരുന്ന നാരങ്ങായ്ക്കാണ് ഈ വില നൽകേണ്ടത്. പ്രദേശികമായി ചെറുനാരങ്ങാ ഉത്പ്പാദനം ഇല്ലാത്തതും വില കൂടാൻ കാരണമായി. നാരങ്ങാ വില ഇനിയും ഉയർന്നാൽ ദാഹശമിനിയുടെ വിലയും കൂട്ടേണ്ടി വരുമെന്ന് കച്ചവടക്കാർ പറയുന്നു.