മംഗളാദേവി ചിത്രപൗർണമിക്ക് ആയിരങ്ങൾ എത്തി
1 min read
പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമായ മംഗളാദേവിയിൽ ചിത്രപൗർണമി ഉത്സവത്തിന് ആയിരങ്ങളെത്തി. കേരളവും തമിഴ്നാടും സംയുക്തമായാണ് ഉത്സവത്തിനുള്ള ഒരുക്കം നടത്തിയത്.ആയിരത്തിലധികം വർഷം പഴക്കമുള്ളതും കാലപ്പഴക്കം സംഭവിച്ചതുമായ ക്ഷേത്രത്തിൽ ഉത്സവനാളിൽ കേരളം, തമിഴ്നാട് ശൈലികളിലെ പൂജകളാണ് നടത്തുന്നത്. അടുത്തടുത്ത രണ്ട് ശ്രീകോവിലുകളിലും മംഗളാദേവി പ്രതിഷ്ഠയാണുള്ളത്.
ഇരു കോവിലുകളിലും വെളുപ്പിന് അഞ്ചോടെ നട തുറന്ന് ഉത്സവ ചടങ്ങുകൾ ആരംഭിച്ചു. ഉച്ചകഴിഞ്ഞ് രണ്ടോടെ കുമളി ബസ് സ്റ്റാൻഡിൽ സജ്ജീകരിച്ച ഒന്നാം ഗേറ്റിൽ നിന്നു ഭക്തർക്ക് കോവിലിലേക്കുള്ള പ്രവേശനം അവസാനിപ്പിച്ചു. ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കേരള, തമിഴ്നാട് പോലീസ്, റവന്യു, വനം വകുപ്പ്, എക്സൈസ്, മോട്ടോർ വാഹന വകുപ്പ്, ആരോഗ്യം, അഗ്നിരക്ഷാ സേന അധികൃതർ സംയുക്തമായാണ് ഉത്സവത്തിനുള്ള ക്രമീകരണം ഒരുക്കിയത്.
കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി ഉത്സവം നടത്തിയിരുന്നില്ല. കുമളിയിൽ നിന്നും വനത്തിനുള്ളിലൂടെ 14 കിലോമീറ്ററോളം സഞ്ചരിച്ചാണ് ക്ഷേത്രത്തിലെത്തുന്നത്. ഭക്തജനങ്ങൾക്കായി കുടിവെള്ളം, ടോയ്ലറ്റ് സൗകര്യം, പാസോടുകൂടിയ വാഹന സൗകര്യം എന്നിവ ഏർപ്പെടുത്തിയിരുന്നു.അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പിന്റെ മെഡിക്കൽ ക്ലിനിക്ക്, ആംബുലൻസ്, ഫയർ ആന്റ് റെസ്ക്യു തുടങ്ങിയവയുടെ സേവനങ്ങളും ഒരുക്കിയിരുന്നു.
ക്ഷേത്രം വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്നതിനാൽ വന്യ ജീവികളുടെ സ്വൈര്യവിഹാരത്തിന് തടസം ഉണ്ടാക്കാത്ത രീതിയിലാണ് ഭക്തരുടെ പ്രവേശനവും ക്ഷേത്ര ചടങ്ങുകളും സജ്ജീകരിച്ചത്.വാഴൂർ സോമൻ എംഎൽഎ, ജില്ലാ കളക്ടർ ഷീബ ജോർജ്, എഡിഎം ഷൈജു പി. ജേക്കബ്, ആർഡിഒ എം.കെ.ഷാജി, പീരുമേട് തഹസിൽദാർ വിജയലാൽ തുടങ്ങിയവർ നേതൃത്വം നൽകി.