കേരള-തമിഴ്നാട് അതിർത്തി മേഖലകളിൽ സോളാർ വേലി
1 min read
കാട്ടാനശല്യം തടയുന്നതിനായി അണക്കരമെട്ട്, തേവാരംമെട്ട് പ്രദേശങ്ങളിൽ കേരള-തമിഴ്നാട് അതിർത്തിയോടു ചേർന്ന് സോളാർ വേലി സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. വേലി സ്ഥാപിക്കുന്നതിന് മുന്നോടിയായി ഇരുന്പ് തൂണുകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങളിൽ കുറ്റി നാട്ടുന്ന നടപടികളാണ് ആരംഭിച്ചത്. പ്രദേശവാസികളുടെ സഹകരണത്തോടെയാണ് നിർമാണം.
നെടുങ്കണ്ടം പഞ്ചായത്താണ് അതിർത്തിപ്രദേശങ്ങളിൽ സൗര വൈദ്യുതിവേലി സ്ഥാപിക്കുന്നത്. പുഷ്പക്കണ്ടം അണക്കരമെട്ടിൽ 1600 മീറ്ററും തേവാരംമെട്ടിൽ 1000 മീറ്ററും നീളത്തിലാണ് സൗര വൈദ്യുതിവേലി സ്ഥാപിക്കുന്നത്. അണക്കരമെട്ടിൽ വേലി സ്ഥാപിക്കുന്നതിനായി 4.9 ലക്ഷം രൂപയും തേവാരംമെട്ടിൽ നാല് ലക്ഷം രൂപയുമാണ് നെടുങ്കണ്ടം പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. വില്ലേജ് ഓഫീസറുടെയും താലൂക്ക് സർവേയറുടെയും മേൽനോട്ടത്തിലാണ് കുറ്റി നാട്ടുന്ന ജോലികൾ ആരംഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം നെടുങ്കണ്ടം പഞ്ചായത്തും റവന്യൂ വകുപ്പും സ്ഥലത്ത് സംയുക്തമായി പരിശോധന നടത്തിയിരുന്നു. പ്രദേശവാസികളുടെ സ്ഥലത്താണ് വേലി സ്ഥാപിക്കുന്നത്. ഇതിനായി സ്ഥല ഉടമകളുടെ സമ്മതപത്രം പഞ്ചായത്ത് വാങ്ങിയിട്ടുണ്ട്. വേലിയുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി പ്രദേശവാസികളെ ഉൾപ്പെടുത്തി കമ്മിറ്റിയും രൂപീകരിച്ചു.
ഏതാനും വർഷങ്ങളായി തമിഴ്നാട് വനമേഖലയിൽനിന്നും എത്തുന്ന കാട്ടാനകളും കാട്ടുപന്നികളും അണക്കരമെട്ട്, തേവാരംമെട്ട് പ്രദേശങ്ങളിൽ കൃഷിയും വീടുകളും നശിപ്പിക്കുന്നത് പതിവാണ്. കർഷകരുടെ ഏലച്ചെടികൾ അടക്കം നശിപ്പിച്ച് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് മേഖലയിൽ രണ്ടു വർഷത്തിനിടെ ഉണ്ടാക്കിയിട്ടുള്ളത്. കാട്ടാനശല്യം തടയാൻ അതിർത്തി പ്രദേശങ്ങളിൽ ട്രഞ്ച് ഉൾപ്പടെയുള്ള പല സാധ്യതകളും പരീക്ഷിച്ചെങ്കിലും ഫലം കാണാതെ വന്നതോടെയാണ് സൗര വൈദ്യുതിവേലി സ്ഥാപിക്കണമെന്ന ആവശ്യം പ്രദേശവാസികൾ ഉന്നയിച്ചത്.
സൗര വൈദ്യുതിവേലി സ്ഥാപിക്കുന്നതിനൊപ്പം പ്രദേശത്ത് വൈദ്യുതി വിളക്കുകൾ സ്ഥാപിക്കാനും ധാരണയായിട്ടുണ്ട്. ഇതിനായി പഞ്ചായത്ത് കെ എസ്ഇബിക്ക് കത്ത് നൽകി. നിർമാണത്തിനായുള്ള കരാർ നടപടികൾ ഒരുമാസം മുൻപ് പൂർത്തീകരിച്ചിരുന്നു.
സൗരവേലി സ്ഥാപിക്കുന്നതോടെ കാട്ടുമൃഗങ്ങളുടെ കടന്നുകയറ്റം തടയാനാകുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്തും റവന്യൂ വകുപ്പും.