സർക്കാർ ഉത്തരവുകൾ നടപ്പായില്ല; 10 പഞ്ചായത്തുകൾ പ്രളയഭീതിയിൽ
1 min read
ചെറുതോണി: സർക്കാർ ഉത്തരവു നടപ്പാക്കാത്തതിനാൽ 10 പഞ്ചായത്തുകൾ പ്രളയഭീതിയിലായി. കഞ്ഞിക്കുഴി, വെള്ളിയാമറ്റം, അറക്കുളം, അടിമാലി, വണ്ടിപ്പെരിയാർ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ, ഉപ്പുതറ, കരിമണ്ണൂർ, ഉടുന്പന്നൂർ പഞ്ചായത്തുകളാണ് പ്രളയഭീതിയിലായിരിക്കുന്നത്.
2018 മുതലുള്ള പ്രളയക്കെടുതിയിൽ പുഴകളിൽ അടിഞ്ഞുകൂടിയ പ്രളയാവശിഷ്ടങ്ങൾ നീക്കംചെയ്യാത്തതാണ് പ്രതിസന്ധിക്കു കാരണം. വേനൽ മഴയിൽപോലും തീരദേശവാസികളെ മാറ്റിപാർപ്പിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ജില്ലയിലെ ചെറുതും വലുതുമായ നദികളിലും ഡാമുകളിലും മണലും ചെളിയും നിറഞ്ഞ് സംഭരണശേഷിയുടെ അന്പതു ശതമാനത്തിലധികം നഷ്ടപ്പെട്ടിരിക്കുകയാണ്. പുഴകളിൽ മണലും ചെളിയും പാറയുമാണ് കൂടുതലായും അടിഞ്ഞുകൂടിയിക്കുന്നത്.

മുൻ ജില്ലാ കളക്ടർ ഈ പഞ്ചായത്തുകളിലെ പുഴകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന പ്രളയാവശിഷ്ടങ്ങൾ നീക്കംചെയ്യുന്നതിന് തീരുമാനിച്ചിരുന്നു. ഹരിതകേരളം ഇടുക്കി ജില്ലാ കോ – ഓ ഓർഡിനേറ്ററുടെ 16.04.20 ലെ പഠനറിപ്പോർട്ടുകളുടെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ 11.05.2020ൽ ചെളിയും മണലും പാറയും നീക്കംചെയ്യുന്നതിനും അവയിൽനിന്നും മണൽ വേർതിരിച്ചെടുത്ത് നിർമാണ പ്രവർത്തനങ്ങൾക്കു വിനിയോഗിക്കണമെന്നും നിർദേശിച്ചിരുന്നു. ജില്ലാ നിർമിതി കേന്ദ്രത്തിനെ ഇതിന്റെ ചുമതല ഏൽപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെതിരേ മൂന്നാർ ഡിഎഫ്ഒയുടെ നേതൃത്വത്തിൽ വനംവകുപ്പ് രംഗത്തെത്തിയതോടെ പ്രവൃത്തി തടസപ്പെടുകയായിരുന്നു.
തീരദേശവാസികളും പ്രവൃത്തിയേറ്റെടുത്തിരുന്ന കരാറുകാരനും വനംവകുപ്പിന്റെ നടപടി ചോദ്യംചെയ്ത് കോടതിയെ സമീപിച്ചിരുന്നു.