പെരുന്പാന്പിൻകുഞ്ഞിനെ അടിച്ചുകൊന്നു; രണ്ടു പേർക്കെതിരേ കേസ്
1 min read
FILE PICTURE
വ്യാപാര സ്ഥാപനത്തിൽ കയറിയ പെരുന്പാന്പിൻകുഞ്ഞിനെ കന്പിവടിക്ക് അടിച്ചു കൊന്നു. രണ്ടു പേർക്കെതിരേ വനംവകുപ്പ് കേസെടുത്തു. ഇന്നലെ ഉച്ചയോടെയാണ് തൊടുപുഴ-ഇടുക്കി റോഡിലെ മൊബൈൽ സർവീസ് സെന്ററിൽ പെരുന്പാന്പിന്റെ കുഞ്ഞ് കയറിയത്. ആളുകൾ കൂടിയതോടെ പാന്പ് സ്ഥാപനത്തിനു മുകളിലായുള്ള ഷീറ്റിനു സൈഡിലൊളിച്ചു.

നാട്ടുകാർ വനംവകുപ്പിനെ വിവരമറിയിച്ചതോടെ ഫോറസ്റ്റ് ഫ്ളൈയിംഗ് സ്ക്വാഡ് സ്ഥലത്തെത്തി. എന്നാൽ ഇവർക്കൊപ്പം പാന്പിനെ പിടികൂടാൻ ലൈസൻസുള്ളവർ ഇല്ലായിരുന്നു. അതിനാൽ പാന്പിനെ ശല്യം ചെയ്യരുതെന്നും ലൈസൻസുള്ള പാന്പുപിടിത്തക്കാരെയുമായി എത്താമെന്നും പറഞ്ഞ് ഇവർ മടങ്ങി.
എന്നാൽ ഇതിനിടെ രണ്ടുപേർ ചേർന്ന് സ്ഥാപനത്തിലുണ്ടായിരുന്ന കന്പി ഉപയോഗിച്ച് പാന്പിനെ കുത്തി താഴെയിടുകയും തുടർന്ന് അടിച്ചു കൊല്ലുകയുമായിരുന്നു. വനം ഉദ്യോഗസ്ഥർ പാന്പു പിടിത്തക്കാരെയുമായി എത്തിയപ്പോൾ പാന്പ് ചത്ത നിലയിലായിരുന്നു. ഇതിനിടെ പാന്പിനെ അടിച്ചു കൊന്നവർ സ്ഥലം വിടുകയും ചെയ്തു. തുടർന്ന് ഇവർക്കെതിരെ വന്യ ജീവി സംരക്ഷണ നിയമ പ്രകാരം കേസെടുക്കുകയായിരുന്നു. ഷെഡ്യൂൾ ഒന്നിൽപ്പെടുന്ന പെരുന്പാന്പിനെ കൊല്ലുന്നത് മൂന്നു വർഷം വരെ തടവു ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പാന്പിനെ കൊന്നവരുടെ ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവർക്കായി അന്വേഷണം ആരംഭിച്ചു. സ്ഥാപന ഉടമയ്ക്കെതിരെ കേസെടുത്തിട്ടില്ല. പെരുന്പാന്പിന്റെ ജഡം പോസ്റ്റുമോർട്ടത്തിനായി കോട്ടയം ഫോറസ്റ്റ് സർജനു കൈമാറുമെന്ന് റേഞ്ച് ഓഫീസർ ലിബിൻ ജോസ് പറഞ്ഞു.