വന്യമൃഗങ്ങൾ നശിപ്പിച്ചാൽ ലഭിക്കുന്നത് 2750 രൂപ; തുക നിശ്ചയിച്ചത് പത്തു വർഷം മുന്പ്
1 min read
FILE PICTURE @ CHANNEL TODAY ARCHIVE
2012-ൽ റവന്യു വകുപ്പ് വന്യമൃഗങ്ങൾ നശിപ്പിക്കുന്ന വിളകളുടെ നഷ്ടപരിഹാരം നിശ്ചയിച്ച് ഇറക്കിയ ഉത്തരവു പ്രകാരമാണ് ഇപ്പോഴും നഷ്ടപരിഹാരം ലഭിക്കുന്നത്. റവന്യു വകുപ്പ് നിശ്ചയിച്ച തുകയുടെ പത്തു ശതമാനം അധികമായി വനംവകുപ്പ് നൽകും.

10 സെന്റ് സ്ഥലത്തെ മരച്ചീനി കാട്ടുമൃഗങ്ങൾ നശിപ്പിച്ചാൽ വനം വകുപ്പ് നഷ്ടപരിഹാരമായി നൽകുന്നത് 165 രൂപ മാത്രമാണ്. കായ്ഫലമുള്ള തെങ്ങ് നശിച്ചാൽ ഒന്നിന് 770 രൂപ, കായ്ക്കാത്ത തെങ്ങിന് 385 രൂപ, ഒരു വർഷം പ്രായമുള്ള തെങ്ങിൻതൈയ്ക്ക് 110 രൂപ മാത്രം. കുലച്ച വാഴയ്ക്ക് 110 രൂപയും കുലയ്ക്കാത്ത വാഴയ്ക്ക് 83 രൂപയുമാണ് ലഭിക്കുന്നത്. ടാപ്പ് ചെയ്യുന്ന റബറിന് 330 രൂപയും ടാപ്പ് ചെയ്യാത്തതിന് 220 രൂപയുമാണ് നഷ്ടപരിഹാരം. കൊക്കോ-110, കാപ്പി-110, കുരുമുളക് -83, അടയ്ക്ക-165 എന്നിങ്ങനെയാണ് ലഭിക്കുന്നത്. പത്ത് സെന്റ് ഇഞ്ചികൃഷി നശിച്ചാൽ 165 രൂപ, മഞ്ഞളിന് 132 , പച്ചക്കറി പത്ത് സെന്റിന് 220 , പൈനാപ്പിൾ പത്ത് സെന്റിന് 825 , ഗ്രാന്പു ഒന്നിന് 440 എന്നിങ്ങനെയാണ് തുക. ഒരു ഹെക്ടർ ഏലംകൃഷിയോ, കരിന്പോ വന്യമൃഗങ്ങൾ നശിപ്പിച്ചാൽ ലഭിക്കുന്നത് 2750 രൂപ മാത്രമാണ്. കാട്ടുമൃഗങ്ങളിൽ നിന്നും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനൊപ്പം ഇവറ്റകൾ വരുത്തുന്ന വിളനാശത്തിനു മതിയായ നഷ്ടപരിഹാരം നൽകണമെന്നുമാണ് കൃഷിക്കാരുടെ പ്രധാന ആവശ്യം. ഉത്പാദനച്ചെലവു പോലും നഷ്ടപരിഹാരമെന്ന നിലയ്ക്കു ലഭിക്കുന്നില്ല. വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചാൽ നഷ്ടപരിഹാരം ലഭിക്കുന്നതിന് ഒട്ടേറെ തവണ വനംവകുപ്പ് ഓഫീസുകൾ കയറിയിറങ്ങേണ്ടി വരുന്നതും കർഷകർക്ക് തിരിച്ചടിയാകുന്നു.