ജീവനക്കാര്‍ ജോലി ചെയ്യാതെ അനധികൃതമായി ശമ്പളം കൈപ്പറ്റുന്നു; വിജിലന്‍സിനും ചീഫ് സെക്രട്ടറിക്കും നാട്ടുകാരുടെ പരാതി.
1 min read
അടിമാലി ഗ്രാമ പഞ്ചായത്തിലെ ഫുള്‍ ടൈം സ്വീപ്പര്‍ തസ്തികയില്‍ നിയമനം നേടിയ ജീവനക്കാര്‍ ജോലി ചെയ്യാതെ അനധികൃതമായി ശമ്പളം കൈപ്പറ്റുന്നതായി പരാതി. നിയമനം ലഭിച്ച പഞ്ചായത്ത് പരിധിയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താതെ ശമ്പളം ജീവനക്കാര്‍ കൈപ്പറ്റുന്നുവെന്ന് കാണിച്ച് അടിമാലി സ്വദേശി വിജിലന്‍സ് വിഭാഗത്തിനും ചീഫ് സെക്രട്ടറിക്കും പരാതി നല്കി. ഈ ജീവനക്കാര്‍ ചെയ്യേണ്ട ജോലി അഞ്ച് താല്‍ക്കാലിക ജീവനക്കാരെ ദിവസ വേതനത്തില്‍ നിയമിച്ചാണ് പഞ്ചായത്ത് പൂര്‍ത്തീകരിക്കുന്നത്. എന്നാല്‍ മതിയായ വിദ്യാഭ്യാസമോ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതിനുള്ള പ്രൊഫഷണല്‍ യോഗ്യതയോ ഇല്ലാത്ത സ്വീപ്പര്‍ തസ്തികയിലെ ജീവനക്കാരെ ഉപയോഗിച്ച് ഫ്രണ്ട് ഓഫീസിലടക്കം പഞ്ചായത്ത് അധികൃതര്‍ അനധികൃതമായി ജോലി ചെയ്യിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.

സ്വീപ്പര്‍ തസ്തികയിലുള്ള ഓരോ ജീവനക്കാരനും പ്രതിമാസം 29,256 രൂപ മുതല്‍ 39,966 രൂപ വരേയാണ് ശമ്പളമായി ലഭിക്കുന്നത്. പ്രതിമാസം ഈ 6 ജീവനക്കാര്‍ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും 2,08,468 രൂപ (രണ്ടു ലക്ഷത്തി എണ്ണായിരത്തി നാനൂറ്റി അറുപത്തി എട്ടു രൂപ) നല്‍കുന്നുണ്ട്. ഇതിനു പുറമെ പഞ്ചായത്ത് ക്ലീനിംഗ് ജോലികള്‍ക്കായി പ്രതിദിനം അഞ്ചു താല്‍ക്കാലിക ജീവനക്കാര്‍ക്ക് 500 രൂപ വീതം പ്രതിമാസം ശരാശരി 75,000 രൂപ നല്കുന്നു. ഈ തുകയാകട്ടെ പഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്നുമാണ് നല്‍കുന്നത്.
വിവരാവകാശ നിയമം വഴി ലഭിച്ച മറുപടിയിലാണ് സര്‍ക്കാര്‍ ഖജനാവിന് ഭാരിച്ച സാമ്പത്തിക ബാധ്യത നല്കുന്ന നിയമ വിരുദ്ധ നടപടിയെ കുറിച്ച് വ്യക്തമാക്കുന്നത്. പഞ്ചായത്ത് സെക്രട്ടറി ഇക്കാര്യങ്ങള്‍ യഥാ സമയം സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭരണ സമിതിയുടെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ കൂട്ടു നില്‍ക്കുകയാണ്. ചില രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കളേയും ഇഷ്ടക്കാരെ തിരുകി കയറ്റി പഞ്ചായത്തില്‍ താല്‍ക്കാലിക നിയമനം തരപ്പെടുത്തി നല്‍കുകയാണെന്നും ആക്ഷേപമുണ്ട്. പഞ്ചായത്തിലെ ഒഴിവുകള്‍ പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ മൂടി വച്ചിരിക്കുകയാണെന്ന് പിഎസ് സി റാങ്ക് ഹോള്‍ഡേഴ്സ് സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി.

ഫുള്‍ ടൈം സ്വീപ്പര്‍ തസ്തികയില്‍ നിയമനം നേടിയ ജീവനക്കാര്‍ അവരുടെ തൊഴില്‍ ചെയ്താല്‍ അടിമാലി പഞ്ചായത്തില്‍ ആറു പുതിയ തസ്തികകള്‍ സൃഷ്ടിക്കപ്പെടും. ഇതുവഴി സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ട് ഉന്നത വിദ്യാഭ്യാസം നേടി പിഎസ് സി പരീക്ഷ എഴുതി കാത്തിരിക്കുന്ന അടിമാലി പഞ്ചായത്ത് പരിധിയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സാഹയകരമാകും.
സംഭവത്തില്‍ അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും സര്‍ക്കാരിനും പഞ്ചായത്തിനും അമിത സാമ്പത്തിക ഭാരം വരുത്തിയ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്ത് ശിക്ഷിക്കണമെന്നുള്ള ആവശ്യം ശക്തമായി.