ബാങ്ക് ചതിച്ചു: ചിന്താമണി സമരം തുടങ്ങി
1 min readതൊഴിലാളി ദിനത്തിൽ കേരള ബാങ്കിന്റെ ജില്ല ഹെഡ് ക്വാർട്ടേഴ്സിന് മുമ്പിൽ നിരാഹാര സമരം നടത്തുകയാണ് മുൻ പാർട്ട് ടൈം സ്വീപ്പർ. ഇടുക്കി പാറേമാവ് മോഹന വിലാസത്തിൽ എം.എസ്. ചിന്താമണിയാണ് മരണം വരെ നിരാഹാരം ആരംഭിച്ചത്.
ഇടുക്കി ജില്ലാ ബാങ്കിലെ പാർട്ട് ടൈം സ്വീപ്പർ ആയി ജോലിചെയ്തുവരുമ്പോളാണ് ചിന്താമണിയെ ബാങ്ക് പിരിച്ചുവിട്ടത്.

തുടർന്ന് ഏറെ വർഷം നിയമപോരാട്ടം നടത്തിയ ഇവർ ട്രിബ്യൂണലിൽനിന്നു സർവീസിൽ തിരിച്ചുകേറുന്നതിനു വേണ്ടിയിട്ടുള്ള അനുകൂല വിധി നേടി. 2018-ൽ സഹകരണ ട്രിബ്യൂണലിൽനിന്നു നേടിയ ഉത്തരവ് നടപ്പാക്കുവാൻ ബാങ്ക് തയ്യാറാവാത്ത സാഹചര്യത്തിലാണ് ഇവർ നിരാഹാര സമരം ആരംഭിച്ചത്.
കഴിഞ്ഞ നാലു വർഷമായി ജോലി തിരികെ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവർ കാത്തിരുന്നത്. ഇതിനിടെ ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്ക് ആയി മാറി. ഇവർക്ക് ശേഷം ജോലിയിൽ വന്നവരും മുൻപ് ജോലിചെയ്തിരുന്നവരും ഇതേ തസ്തികയിൽ സ്ഥിരപ്പെട്ടപ്പോൾ ചിന്താമണിയെ ബാങ്ക് അവഗണിക്കുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് തൊഴിലാളി ദിനത്തിൽ തന്നെ മരണംവരെ നിരാഹാരം പ്രഖ്യാപിച്ച് ബാങ്കിന് മുമ്പിൽ ഇവർ സമരം ആരംഭിച്ചത്. രോഗികളായ മാതാപിതാക്കളും മക്കളും ഭർത്താവുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ചിന്താമണിയുടെ ജോലി. ബാങ്ക് തിരികെ ജോലിയിൽ പ്രവേശിപ്പിക്കാതായതോടെ ജീവിതം ദുരിതത്തിലായതായി ചിന്താമണി പറഞ്ഞു.