ആറാംക്ലാസ് വിദ്യാർഥിയുടെ മരണകാരണം ന്യൂമോണിയ
1 min read
നെടുങ്കണ്ടം : ഗുരുതരമായ ഛർദിയും തളർച്ചയും വയറുവേദനയുമായി ആശുപത്രിയിലെത്തിച്ച ഒൻപതു വയസ്സുകാരന്റെ മരണകാരണം ന്യൂമോണിയയെന്ന് മൃതദേഹ പരിശോധനയിൽ കണ്ടെത്തി. ഛർദിച്ചതിനിടെ ശ്വാസകോശത്തിൽ ഭക്ഷണാവശിഷ്ടം കുടുങ്ങിയതാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.
എന്നാൽ ഇടുക്കി മെഡിക്കൽ കോളേജിൽ ഞായറാഴ്ച നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണകാരണം ന്യുമോണിയ ആണെന്ന് സ്ഥിരീകരിച്ചതെന്ന് ഉടുമ്പൻചോല സി.ഐ.ഫിലിപ്പ് സാം പറഞ്ഞു.
പാറത്തോട് കോളനി സ്വദേശികളായ കാർത്തിക്കിന്റെയും ദുർഗാദേവിയുടെയും മകൻ സന്തോഷ് കുമാറാണ് ശനിയാഴ്ച രാവിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
വെള്ളിയാഴ്ച രാത്രി കുട്ടി പൊറോട്ട കഴിച്ചിരുന്നു. ഇതിന് ശേഷം കുട്ടിയുടെ വയറ്റിൽ അസ്വസ്ഥതകൾ ഉണ്ടാവുകയും ഛർദിക്കുകയും ചെയ്തു.
ശനിയാഴ്ച പുലർച്ചെയായിട്ടും ഛർദി കുറയാതിരുന്നതോടെ കുട്ടിയെ രാവിലെ ആറോടെ നെടുങ്കണ്ടം കല്ലാറിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പ്രാഥമിക ചികിത്സ നൽകിയതോടെ കുട്ടിയുടെ ഛർദി കുറഞ്ഞു. എന്നാൽ രാവിലെ 10.30-ഓടെ കുട്ടിയുടെ രക്തസമ്മർദം കുറയുകയും മരണം സംഭവിക്കുകയുമായിരുന്നു.
ആദ്യം ബന്ധുക്കൾക്ക് മൃതദേഹം വിട്ടുനൽകിയെങ്കിലും മരണകാരണത്തിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിൽ ഉടുമ്പൻചോല പോലീസ് മൃതദേഹം കസ്റ്റഡിയിലെടുത്ത് ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച് സംസ്കാരം നടത്തി. മരിച്ച സന്തോഷ് കുമാർ ഉടുമ്പൻചോല കല്ലുപാലം വിജയമാതാ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്.