കനത്ത ചൂടില്‍ പാറ പൊട്ടിയടര്‍ന്നു
1 min read
ജനവാസമേഖലയുടെ മുകൾഭാഗത്ത് പാറ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി. ശനിയാഴ്ച ഉച്ചയ്ക്ക് വട്ടവട പഞ്ചായത്തിലെ ഗോത്രവർഗ ഗ്രാമമായ വത്സപ്പെട്ടിക്ക് മുകൾഭാഗത്താണ് ഉഗ്രശബ്ദത്തോടെ പാറ പൊട്ടിത്തെറിച്ചത്. വലിയ ശബ്ദം കേട്ടതോടെ വീടുകളിലുണ്ടായിരുന്ന ഗോത്രവർഗക്കാർ വീടുകളിൽനിന്നു പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.
ഗോത്രവർഗ വിഭാഗത്തിൽപെട്ട 85-ഓളം കുടുംബങ്ങൾ കഴിയുന്നതിന് രണ്ട് കിലോമീറ്റർ മുകളിലുള്ള പാറക്കൂട്ടങ്ങളിൽ നിന്നാണ് പൊട്ടിത്തെറിയുണ്ടായത്. ഇതോടെ പൊട്ടിത്തെറിച്ച വൻപാറകൾ താഴേക്ക് ഉരുണ്ടുവന്നെങ്കിലും യൂക്കാലി മരങ്ങളിൽ തട്ടിനിന്നതിനാൽ വൻ അപകടം ഒഴിവായി.
വലിയ പാറക്കല്ലുകൾ താഴേക്ക് ഉരുണ്ടുവന്ന വഴിയിൽ ഒരു കിലോമീറ്റർ ദൂരത്തെ നിരവധി യൂക്കാലിമരങ്ങളാണ് തകർന്നത്. വട്ടവട മേഖലയിൽ കനത്ത ചൂട് തുടരുന്നതിനാൽ തുടർ സ്ഫോടനങ്ങൾ ഉണ്ടാകുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ.