പ്രാവുകളുടെ 23 വർഷത്തെ ചങ്ങാത്തം
1 min read
നെടുങ്കണ്ടം കൂട്ടാർ ഗ്രാമത്തിന്റെ എല്ലാ പ്രഭാത കാഴ്ചകളിലും അവരുണ്ട്, പ്രാവുകൾ. മരച്ചില്ലകളിൽ അവയുടെ കുറുകലും ചിറകടിച്ചുള്ള പറക്കലും എന്നത്തെയും കാഴ്ചയാണ്. എന്നാൽ ‘ഹലോ’ എന്ന ഓട്ടോറിക്ഷയിൽ ഗോതമ്പ് മണികളുമായി എത്തുന്ന കൈലാത്ത് ശശിയുടെ തലവെട്ടം കണ്ടാൽ പ്രാവുകൾ പറന്നെത്തും. പിന്നെ ഓട്ടോറിക്ഷയുടെ മുകളിലും ശശിയുടെ തോളിലും ഇരുന്ന് കഥപറച്ചിലും നിലത്തിറങ്ങി കൊത്തിപ്പെറുക്കലും തുടങ്ങും. എഴുപതുകാരനായ ശശി 23 വർഷം മുമ്പാണ് പ്രാവുകളോടുള്ള ചങ്ങാത്തം തുടങ്ങിയത്.കൂട്ടാർ സ്റ്റാൻഡിൽ ശശി ഓട്ടോറിക്ഷ ഓടിക്കാൻ തുടങ്ങിയിട്ടും അത്രതന്നെ കാലമായി. വിശ്രമവേളയിൽ ചായക്കടയിൽനിന്ന് പാലും വെള്ളവും പലഹാരവും കഴിക്കും. പണ്ട് പലഹാരത്തിന്റെ ഒരു കഷണം മുന്നിൽകണ്ട ഒരു പ്രാവിന് ഇട്ടുകൊടുത്തു. അങ്ങനെ തുടങ്ങിയ സൗഹൃദമാണ് ഇന്ന് വലിയ ആത്മബന്ധമായി മാറിയത്. പ്രഭാത ഭക്ഷണത്തിനായി ശശിയെ കാത്തിരിക്കുന്ന പ്രാവുകളുടെ എണ്ണം ദിനംപ്രതി കൂടിവന്നതോടെ പലഹാരം മാറ്റി അരിമണികൾ നൽകാൻ തുടങ്ങി. ഇപ്പോൾ കൂട്ടുകാരായി 150-ലേറെ പ്രാവുകളുണ്ട് ശശിക്ക്. ആഴ്ചയിൽ 15 കിലോയോളം ഗോതമ്പാണ് പ്രാവിൻ കൂട്ടത്തിന് ഭക്ഷണമായി ശശി നൽകുന്നത്. കുറച്ച്നാൾ മുമ്പുവരെ ശശി സ്റ്റാൻഡിലെത്തുന്ന ദിവസങ്ങളിലെല്ലാം പ്രാവുകൾക്ക് മൂന്ന് നേരം ഭക്ഷണം നൽകുമായിരുന്നു.


എന്നാൽ ശശിയുടെ കൂട്ടുകാരോട് അത്ര വാത്സല്യം നാട്ടിലെ മറ്റ് ചിലർക്കില്ല. വാഹനത്തിന് മുകളിലും കടവരാന്തയിലും പ്രാവിൻ കൂട്ടം കാഷ്ടിക്കുന്നതിനാൽ പലരും ഇവയെ ഓടിച്ചുവിടും. ഇക്കാര്യം മനസ്സിലാക്കിയ ശശി ഇപ്പോൾ രാവിലെ 6.30-ന് തന്നെ സ്റ്റാൻഡിലെത്തും. ചുറ്റിലും കൂടുന്ന പ്രാവുകൾക്ക് ആവശ്യമായ ഗോതമ്പുമണികൾ നൽകും.