മൂന്ന് മുന്നണികൾക്കും സ്ഥാനാർഥികൾ
1 min read
അയ്യപ്പൻകോവിൽ പഞ്ചായത്തിലെ നാലാം വാർഡിൽ 17-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മൂന്നു മുന്നണികൾക്കും സ്ഥാനാർഥികളായതോടെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി.ഷൈമോൾ രാജൻ (എൽ.ഡി.എഫ്), സുനിത ബിജു (യു.ഡി.എഫ്), സി.എച്ച്.ആശാമോൾ (എൻ.ഡി.എ) എന്നിവരാണ് മത്സര രംഗത്തുള്ളത്.
എൽ.ഡി.എഫ്. പ്രതിനിധിയായിരുന്ന മിനിമോൾ നന്ദകുമാർ പ്രസിഡന്റ് പദവും ,മെമ്പർ സ്ഥാനവും രാജിെവച്ചതാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിന് കാരണമായത്. വാർഡ് കൈവിട്ടുപോയാലും ഭരണസമിതിയിൽ എൽ.ഡി.എഫിന് ഭൂരിപക്ഷമുണ്ട്. എങ്കിലും വാർഡ് നിലനിർത്താനുള്ള പ്രവർത്തനമാണ് എൽ.ഡി.എഫ്. നടത്തുന്നത്. ഭൂരിഭാഗം തിരഞ്ഞെടുപ്പിലും യു.ഡി.എഫി.നെ തുണച്ച വാർഡ് പിടിച്ചെടുക്കാനുള്ള പ്രവർത്തനത്തിലാണ് യു.ഡി.എഫ്.വാർഡിൽ നിർണായക സ്വാധീനമുള്ള എൻ.ഡി.എ.യും ശക്തമായ പ്രവർത്തനമാണ് സംഘടിപ്പിക്കുന്നത്. എം.എം. മണി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ വാർഡ്-ഭവന കൺവെൻഷനുകളിൽ സജീവമാണ്. ഡി.സി.സി. പ്രസിഡന്റ് എം.സി.മാത്യു, ഡീൻ കുര്യാക്കോസ് എം.പി. തുടങ്ങിയ നേതാക്കൾ ഇതിനോടകം വാർഡിലെ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. ബി.ജെ.പി.യുടെ മുതിർന്ന നേതാക്കൾ അടുത്ത ദിവസങ്ങളിൽ എൻ.ഡി.എ.യ്ക്കുവേണ്ടി പ്രചാരണത്തിനെത്തും.