ഇന്ധനംനിറച്ച ലോറി കൊക്കയിലേക്ക് തെന്നിനീങ്ങി
1 min read
മൂലമറ്റം നാടുകാണിക്ക് സമീപം അയ്യകാട് പത്താംവളവിൽ നിയന്ത്രണം നഷ്ടപ്പെട്ട ഇന്ധനംനിറച്ച ടാങ്കർ ലോറി റോഡിൽ നിന്നു വൻ കൊക്കയുടെ വക്കത്തേക്ക് തെന്നിനീങ്ങി.
മുൻ ഭാഗത്തെ ടയറുകൾ മണ്ണിൽ പുതഞ്ഞുപോയതിനാൽ ഭാഗ്യം കൊണ്ട് വൻ അപകടത്തിൽനിന്ന് ഒഴിവായ ലോറി മണിക്കൂറുകളോളം അഗ്നിരക്ഷാസേനയുടെ വടത്തിന്റെ ബലത്തിലാണ് കൊക്കയിലേക്ക് പതിക്കാതെ നിന്നത്. തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും പോലീസും ഒത്തുചേർന്നു നടത്തിയ മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് സുരക്ഷിതമാക്കിയത്. തൊടുപുഴയിൽനിന്നു ക്രെയിൻ കൊണ്ടുവന്നാണ് വാഹനം ഉയർത്തിയത്.

തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയിൽ രണ്ടേമുക്കാലോടെയാണ് കട്ടപ്പനയ്ക്ക് 12000 ലിറ്റർ ഇന്ധനവുമായി പോയ ലോറി റോഡിൽനിന്നു തെന്നിനീങ്ങിയത്. നാട്ടുകാർ അറിയിച്ചതനുസരിച്ചെത്തിയ അഗ്നിരക്ഷാസേന അവരുടെ വടം എതിർഭാഗത്തെ മരത്തിൽ കെട്ടി വാഹനം നിർത്തുകയായിരുന്നു. തലേദിവസം മഴ പെയ്തിരുന്നതിനാൽ വാഹനത്തിന്റെ ടയറുകൾ മണ്ണിൽനിന്നു വിട്ടുപോരാത്തനിലയുണ്ടായി. വാഹനം സ്റ്റാർട്ടാക്കി റോഡിലേക്കെത്തിക്കാൻ ശ്രമിക്കുംതോറും വാഹനം കൂടുതൽ മണ്ണിൽ പുതഞ്ഞതും കൂടുതൽ ചരിഞ്ഞതും രക്ഷാ പ്രവർത്തനം സങ്കീർണമാക്കി. കുളമാവ് പോലീസും പ്രദേശവാസികളുമെല്ലാം രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി.