22/06/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

അവധി ആഘോഷമാക്കി ഇടുക്കി

1 min read

അടുപ്പിച്ചെത്തിയ അവധിദിനങ്ങൾ ഇടുക്കിക്ക് സമ്മാനിച്ചത് തിരക്കിന്റെ മേളം. മേയ് ദിനവും പെരുന്നാളും അടുത്തടുത്ത ദിവസങ്ങളിൽ വന്നതോടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം ജനപ്രവാഹമായിരുന്നു. ഇതോടെ റോഡുകളും തിരക്കിന്റെ പിടിയിലമർന്നു.

മേയ് ദിനത്തിൽ ഇടുക്കി അണക്കെട്ടിൽ സന്ദർശകരുടെ വൻ തിരക്കായിരുന്നു. കഴിഞ്ഞ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായി 5847 സഞ്ചാരികൾ ഇടുക്കി അണക്കെട്ട് സന്ദർശിച്ചു.

ശനിയാഴ്ച 1100 പേരും, മേയ് ദിനത്തിൽ 2499 മുതിർന്നവരും 335 കുട്ടികളുമടക്കം 2834 പേരും, തിങ്കളാഴ്ച 1913 പേരും ഇടുക്കി അണക്കെട്ട് സന്ദർശിച്ചു. വെള്ളാപ്പാറയിൽനിന്നുള്ള വനം വകുപ്പിന്റെ ബോട്ടിങ്ങിൽ പലർക്കും പങ്കെടുക്കാൻ പറ്റിയില്ല. 20 പേർക്ക് ഒരേസമയം കയറാവുന്ന ഒരു ബോട്ട് മാത്രമാണ് ഉണ്ടായിരുന്നത്.

നിറഞ്ഞുകിടക്കുന്ന ഇടുക്കി ജലസംഭരണിയുടെ വശ്യസൗന്ദര്യവും, ഹിൽവ്യൂ പാർക്കും സന്ദർശിക്കുവാൻ മണിക്കൂറുകളോളം ക്യൂ നിന്നാണ് സന്ദർശകർ പാസ് വാങ്ങിയത്.

യാത്രയൊരുക്കി കെ.എസ്.ആർ.ടി.സി.

കെ.എസ്.ആർ.ടി.സി. കൂത്താട്ടുകുളം സ്റ്റേഷനിൽനിന്നു എല്ലാ ഞായറാഴ്ചയും ഇടുക്കി, അഞ്ചുരുളി, വാഗമൺ വിനോദയാത്ര ബസ് സർവീസ് ആരംഭിച്ചു. മേയ് ഒന്നിനാണ് വിനോദയാത്ര ബസ് സേവനം തുടങ്ങിയത്.

രാവിലെ 5.30-ന് കൂത്താട്ടുകുളത്തുനിന്നു പുറപ്പെടുന്ന ബസ് ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ, അഞ്ചുരുളി, വാഗമൺ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി യാത്രക്കാരെ വൈകീട്ട് തിരികെ കൂത്താട്ടുകുളത്തെത്തിക്കുന്നു.

500 രൂപയാണ് ടിക്കറ്റ് നിരക്ക്. മുമ്പ് ആരംഭിച്ച കൊല്ലം-മൂന്നാർ സർവീസും കെ.എസ്.ആർ.ടി.സി. വിജയകരമായി തുടരുകയാണ് കൊല്ലത്തുനിന്നു പുറപ്പെട്ട് വാഗമൺ, ഇടുക്കി, മൂന്നാർ മേഖലകൾ കണ്ട് മടങ്ങുന്ന രണ്ട്‌ ദിവസത്തെ യാത്രയ്ക്ക് 1200 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്. സാധാരണക്കാർക്ക് ഏറെ പ്രയോജനകരമായ ചെലവുകുറഞ്ഞ ഇത്തരം വിനോദയാത്രാ പൊതുഗതാഗത സേവനങ്ങൾ കൂടുതൽ കേന്ദ്രങ്ങളിൽനിന്നും ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്.

ദിവസവും തുറക്കണം

ശനി, ഞായർ ദിവസങ്ങളിലും പൊതു അവധിദിവസങ്ങളിലും മാത്രമാണ് ഇപ്പോൾ ഇടുക്കി അണക്കെട്ട് സഞ്ചാരികൾക്കായി തുറന്നു നൽകുന്നത്.

ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സന്ദർശകർക്കായി എല്ലാ ദിവസവും തുറന്നു കൊടുക്കണമെന്ന ആവശ്യം കാലങ്ങളായി ഉന്നയിക്കുന്നുണ്ടെങ്കിലും നടപ്പാകുന്നില്ല.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!