ആരോഗ്യസ്ഥിതി മോശമായി: ചിന്താമണിയെ ആശുപത്രിയിലേക്ക് മാറ്റി
1 min read
ചെറുതോണി കേരള ബാങ്കിന്റെ ജില്ല ആസ്ഥാനത്തിനു മുൻപിൽ കഴിഞ്ഞ മൂന്ന് ദിവസമായി നിരാഹാര സമരം നടത്തിവന്ന മുൻ പാർട് ടൈം സ്വീപ്പർ ഇടുക്കി പാറേമാവ് മോഹന വിലാസത്തിൽ എം.എസ്. ചിന്താമണിയെ പോലീസ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലും നിരാഹാരം തുടരുകയാണ്.തന്നെ ബാങ്കിന് മുമ്പിൽ തിരികെ എത്തിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.മരണം വരെ സമരം തുടരുമെന്നും അല്ലെങ്കിൽ തനിക്ക് ജോലി ലഭിക്കണമെന്നും ചിന്താമണി പറഞ്ഞു.
മേയ് ഒന്നിന് തൊഴിലാളി ദിനത്തിലാണ് എം.എസ്. ചിന്താമണി കേരള ബാങ്ക് ഇടുക്കി ജില്ല ഹെഡ് ഓഫീസിന് മുൻപിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്.

ഇടുക്കി ജില്ലാ ബാങ്കിൽ പാർട് ടൈം സ്വീപ്പർ ആയി ജോലിചെയ്തിരുന്ന ചിന്താമണിയെ ബാങ്ക് അകാരണമായി പിരിച്ചുവിട്ടു. തുടർന്ന് ഏറെ വർഷം നിയമ പോരാട്ടം നടത്തിയ ഇവർ ട്രിബ്യൂണലിൽനിന്നു സർവീസിൽ തിരിച്ചുകേറുന്നതിനു വേണ്ടിയിട്ടുള്ള അനുകൂല വിധി നേടി. 2018-ൽ സഹകരണ ട്രിബ്യൂണലിൽനിന്നു നേടിയ ഉത്തരവ് നടപ്പാക്കുവാൻ ബാങ്ക് തയ്യാറാവാത്ത സാഹചര്യത്തിലാണ് ഇവർ നിരാഹാര സമരം ആരംഭിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന സമര പോരാട്ടത്തിനൊടുവിലാണ് ചിന്താമണിയെ ഇപ്പോൾ പോലീസ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റിയത്. കാര്യമായ ആരോഗ്യപ്രശ്നം തനിക്കില്ലെന്നും സമരം തുടരണമെന്നു പോലീസിനെ അറിയിച്ചെങ്കിലും ഇത് അംഗീകരിക്കാതെയാണ് പോലീസ് ചിന്താമണിയെ ആശുപത്രിയിലേക്ക് മാറ്റിയത്. തങ്ങൾക്ക് യാതൊരുവിധ രാഷ്ട്രീയ പിന്തുണകളും ലഭിച്ചില്ലെന്നും ചിന്താമണിയുടെ കുടുംബം പറഞ്ഞു.
കഴിഞ്ഞദിവസം പോലീസെത്തി ഇവരെ വെള്ളം കുടിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും ചിന്താമണി എതിർത്തു. തുടർന്ന് ആരോഗ്യസ്ഥിതി മോശമാണെന്നാരോപിച്ചാണ് പോലീസ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിലും ചിന്താമണി നിരാഹാരം തുടരുകയാണ്. തനിക്ക് അർഹമായ ജോലി കിട്ടുന്നതുവരെ സമരം തുടരുമെന്നും ചിന്താമണി പറഞ്ഞു.
കഴിഞ്ഞ നാലു വർഷമായി ജോലി തിരികെ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവർ കാത്തിരുന്നത്. ഇതിനിടെ ഇവർക്ക് ശേഷം ജോലിയിൽ വന്നവർ ഇതേ തസ്തികയിൽ സ്ഥിരപ്പെട്ടപ്പോൾ ചിന്താമണിയെ ബാങ്ക് അവഗണിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മരണം വരെ നിരാഹാരം പ്രഖ്യാപിച്ച് ബാങ്കിന് മുമ്പിൽ ഇവർ സമരം ആരംഭിച്ചത്.