21/06/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

ദേശിയ പാത 183ൽ ദിശാബോർഡുകൾ കാടുപിടിച്ച നിലയിൽ

1 min read

ANSARY PERIYAR

പീരുമേട് : ദിശാബോർഡുകൾ കാടുപിടിച്ച നിലയിൽ ഡ്രൈവർമാരെ വലക്കുന്നു. അപകടങ്ങൾ തുടർക്കഥയായിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ . ദേശിയ പാത 183ൽ വണ്ടിപ്പെരിയാറിനും പെരുവന്താനത്തിനുമിടയിൽ വാഹാനങ്ങളിൽ യാത്ര ചെയ്യുന്നവർ റൂട്ട്മാപ്പ് കൂടി കയ്യില്‍ കരുതുന്നത് ആവിശ്യമാകുന്നു. പാതയോരത്ത് സ്ഥാപിച്ചിരിക്കുന്ന ദിശാ ബോർഡുകൾ കാടുപിടിച്ചും, അക്ഷരങ്ങൾ മാഞ്ഞും ചെളിപിടിച്ചും ഉപയോഗ ശൂന്യമായി നിൽക്കുന്നതാണ് ഇതിന് കാരണം.

ദിശാബോർഡുകളുടെ അവസ്ഥ പരസ്യമായ രഹസ്യമാണങ്കിലും മൗനം പാലിക്കുകയാണ് അധികൃതർ. വാഗമൺ, പരുന്തുംപാറ, തേക്കടി ലക്ഷ്യമാക്കി നിരവധി വിനോദ സഞ്ചാരികളാണ് ഇതുവഴി ദിവസേന കടന്നു പോകുന്നത്. അന്യ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ചരക്കു വാഹനങ്ങളും നിരവധിയാണ്. ആവിശ്യമായ ബോര്‍ഡുകളില്ലാതെ വിഴിയാത്രികർ റോഡിൽ വട്ടം ചുറ്റുന്നതു സ്ഥിരം കാഴ്ച്ചയാണ്. റൂട്ട് മാപ്പ് ആശ്രയിച്ചാണ് വിനോദ സഞ്ചാരികൾ യാത്ര ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പു കുറെ ബോര്‍ഡുകള്‍ വഴിയോരങ്ങളിലും കവലകളിലും സ്ഥാപിച്ചിരുന്നെങ്കിലും അക്ഷരങ്ങളും അക്കങ്ങളുമെല്ലാം മാഞ്ഞു.


കുത്തിറക്കങ്ങളും അപകട വളവുകളുമുള്ള ഹൈറേഞ്ചിന്റെ റോഡുകളിൽ ദിശാബോർഡുകൾ ഇല്ലാതെയുള്ള ഡ്രൈവിംഗ് പ്രയാസകരമാണ്. ഏത് വേനലിലും വൈകുനേരങ്ങളിൽ റോഡ് കാണാനാവത്തവിധം കുട്ടിക്കാനം പ്രദേശത്ത് മഞ്ഞിറങ്ങുമ്പോൾ ഡ്രൈവർമാർക്ക് ഏറെ സഹായകമാകുന്ന ദിശാബോർഡുകളിൽ മിക്കതും ഇന്ന് ഉപയോഗ ശൂന്യമാണ്.
ദിശാബോര്‍ഡുകള്‍ മറയ്ക്കുന്ന വിധത്തിലാണ് പ്രധാന ജംഗ്ഷനുകളിലും പാതയോരത്തും പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. ഇത്തരം നടപടികള്‍ ദൂരയാത്രക്കാരായ വാഹനയാത്രക്കാരെ ഒട്ടൊന്നുമല്ല ദുരിതത്തിലാക്കുന്നത്.
ദിശ മനസ്സിലാകാതെ വാഹനയാത്രക്കാര്‍ക്ക് റോഡില്‍ കിലോമീറ്ററുകളാണ് അനാവശ്യമായി സഞ്ചരിക്കേണ്ടിവരുന്നത്. വണ്ടിപ്പെരിയാറ്റിലും കുട്ടിക്കാനത്തും പീരുമേട്ടിലും ജംഗ്ഷനുകളിലെ ദിശാബോര്‍ഡുകള്‍ പലതും രാഷ്ട്രീയപാര്‍ട്ടികളുടേതടക്കം പരസ്യങ്ങള്‍കൊണ്ട് മറയ്ക്കപ്പെട്ടിരിക്കുകയാണ്. പരസ്യ ബോർഡുകൾ നീക്കം ചെയ്യാതെ കാലാകാലങ്ങളോളം നീണ്ടു നിൽക്കുന്നതും പതിവാണ്. അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ ദിശാബോർഡുകൾ ശരിയായ രീതിയിൽ സ്ഥാപിക്കേണ്ടത് ആവിശ്യമായിരിക്കുകയാണ്.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!