പരിശോധന ഉൗർജിതം: തൊടുപുഴയിൽ അഞ്ചു ഭക്ഷണ ശാലകൾ പൂട്ടിച്ചു
1 min read
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ പരിശോധനയിൽ ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഇല്ലാതെയും വൃത്തിഹീനമായ അന്തരീക്ഷത്തിലും പ്രവർത്തിച്ച ഒൻപത് ഭക്ഷണശാലകൾ പൂട്ടിച്ചു. ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലാത്ത എട്ട് സ്ഥാപനങ്ങളും വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ച ഒരു സ്ഥാപനവുമാണ് പൂട്ടിച്ചത്.
തൊടുപുഴയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയെ തുടർന്ന് അഞ്ചു ഭക്ഷണശാലകളാണ് അടച്ചു പൂട്ടിയത്. നാലു സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. വെങ്ങല്ലൂർ ഷാപ്പുംപടിയിൽ പ്രവർത്തിക്കുന്ന മുബാറക്ക് ഹോട്ടൽ, കാർത്തിക ഹോട്ടൽ, സാൽമത്ത് ഷേക്ക്സ് ആൻഡ് ഡ്യൂസ് ഷോപ്പ്, ലസി ലോഞ്ച്, അൽഷേബാ ഹോട്ടൽ എന്നി സ്ഥാപനങ്ങളാണ് പൂട്ടിയത്. ഇതിൽ മുബാറക്ക് ഹോട്ടലിൽ റോഡിൽ നിന്ന് പൊടിയടിക്കുന്ന രീതിയിലാണ് അൽഫാം പാകം ചെയ്തിരുന്നത്.
ഇവ പിടിച്ചെടുത്തു നശിപ്പിച്ചു. വിവിധ സ്ഥാപനങ്ങളിൽ നിന്നായി 40000 രൂപ പിഴയടപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കാഞ്ഞിരമറ്റം കവലയിലെ ഭക്ഷ്യശാലയിൽ നടത്തിയ പരിശോധനയിൽ 15 കിലോ കൃത്രിമനിറം ചേർത്ത ഷവർമ പിടികൂടി നശിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ ചെറുതോണിയിൽ ഒരു ഹോട്ടലും ദേവികുളം താലൂക്കിൽ മൂന്നെണ്ണവും അടപ്പിച്ചിരുന്നു. മൂന്നാറിലെ അൽബുഹാരി, റോച്ചാസ്, അടിമാലിയിലെ കണ്ണൂർ കിച്ചണ്‍സ്, ചെറുതോണിയിലെ പാപ്പൻസ് എന്നിവയ്ക്കെതിരെയായിരുന്നു നടപടി. ഇതിൽ റോച്ചാസ് വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിച്ചത്. ചില ഹോട്ടലുകൾ ലൈസൻസ് നേടി വീണ്ടും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.