ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ അതിജീവന മാർച്ച് നടത്തി
1 min read
സാധാരണക്കാരായ കർഷകരും വ്യാപാരികളും നടത്തുന്ന ജനകീയ സമരത്തെ ഭയന്ന് നൂറുകണക്കിന് പോലീസിനെ ഉപയോഗിച്ച് രണ്ടു കിലോമീറ്റർ അകലെ തടയുന്ന ഭീരുക്കളാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ.ആർ. വിനോദ് ആരോപിച്ചു. ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ഗ്രൗണ്ടിൽനിന്നും സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ വേദിയായ വാഴത്തോപ്പ് സ്കൂൾ മൈതാനിയിലേക്ക് നടത്തിയ അതിജീവന മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു വിനോദ്. പട്ടയത്തിനായി ഏഴു പതിറ്റാണ്ടായി കാത്തിരിക്കുന്നവരാണ് ഇടുക്കിയിലെ ജനതയെന്നും വിനോദ് പറഞ്ഞു.

കെവിവിഇഎസ് ജില്ലാ ട്രഷറർ സണ്ണി പൈന്പിള്ളിൽ അധ്യക്ഷത വഹിച്ചു. അതിജീവന പോരാട്ടവേദി ജനറൽ കണ്‍വീനർ റസാഖ് ചൂരവേലിൽ വിഷയാവതരണം നടത്തി.
ഡീൻ കുര്യാക്കോസ് എംപി, കെവിവിഇഎസ് ജില്ലാ സെക്രട്ടറി പി.എം. ബേബി, കർഷക രക്ഷാസമിതി പ്രസിഡന്റ് പ്രഫ. ജോസുകുട്ടി ജെ. ഒഴുകയിൽ, ജയിംസ് പരുമല, അതിജീവന പോരാട്ടവേദി കണ്‍വീനർ ഡയസ് പുല്ലൻ എന്നിവർ പ്രസംഗിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി, അതിജീവന പോരാട്ട വേദി, ഫിഫാ, കർഷക സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലാണ് കർഷക മാർച്ച് സംഘടിപ്പിച്ചത്.
ഇടുക്കിയിൽ നിന്നാരംഭിച്ച മാർച്ച് ചെറുതോണിക്ക് സമീപം പുതിയ പാലത്തിൽ പോലീസ് തടഞ്ഞു. ചെറുതോണി പാലത്തിലേക്ക് സമരക്കാരെ പ്രവേശിപ്പിക്കരുതെന്ന് പോലീസിന് കർശന നിർദേശം നൽകിയിരുന്നു. പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് റോഡ് ഉപരോധിക്കുകയായിരുന്നു. വാഹനങ്ങൾ വഴിതിരിച്ചു വിട്ടിരുന്നെങ്കിലും ടൗണിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.