ആലുവ- മൂന്നാർ രാജപാത കിടങ്ങ് നിർമിച്ചും ജണ്ടയിട്ടും വനംവകുപ്പ് അടച്ചു.
1 min read
പഴയ ആലുവ- മൂന്നാർ രാജപാത കിടങ്ങ് നിർമിച്ചും ജണ്ടയിട്ടും വനംവകുപ്പ് അടച്ചു. മാങ്കുളം ഫോറസ്റ്റ് റെയിഞ്ചിന്റെ പരിധിയിൽ വരുന്ന പെരുന്പൻകുത്തിനും 50ാം മൈലിനും ഇടയിൽ 700 മീറ്ററോളം നീളത്തിലാണ് കിടങ്ങ് താഴ്ത്തിയത്. സമീപത്തായി ജണ്ടകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിനെതിരെ മാങ്കുളം മേഖലയിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. പാത തുറക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടികൾ ആരംഭിച്ചപ്പോഴാണ് വനംവകുപ്പ് വഴി അടയ്ക്കലുമായി എത്തിയിരിക്കുന്നത്.
ഞങ്ങളറിഞ്ഞില്ല!
അതേസമയം, വനം വകുപ്പിന്റെ നടപടിയെക്കുറിച്ച് അന്വേഷിച്ച കുട്ടന്പുഴ പഞ്ചായത്ത് ഗ്രാമവികസന സമതി പ്രവർത്തകനായ ഷാജി പയ്യാനിക്കലിനു വിവരാവകാശ നിയമപ്രകാരം അധികൃതർ നൽകിയ മറുപടിയിൽ ഇത്തരത്തിൽ നിർമാണ പ്രവർത്തനം നടത്തിയിട്ടില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. വനംവകുപ്പിന്റെ നിർമാണ പ്രവർത്തനങ്ങൾക്കെതിരെ ഷാജി പയ്യാനിക്കൽ കോടതിയെ സമീപിച്ചിട്ടുണ്ട്. പാത തുറന്നു കിട്ടണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.
തുറന്നു കൊടുക്കണം
കുട്ടന്പുഴ മാമലക്കണ്ടം മാങ്കുളം വഴി ലക്ഷ്മി എസ്റ്റേറ്റിൽ എത്തുന്ന ആലുവ-മൂന്നാർ രാജപാത സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 99 പ്രളയത്തിൽ (1924) കരിന്തിരിമല ഇടിഞ്ഞതിനെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം മുടങ്ങുകയായിരുന്നു. ബ്രിട്ടീഷുകാരാണ് ഇതുവഴി പാത രൂപപ്പെടുത്തിയത്. അക്കാലത്തു നിർമിച്ച കലുങ്കുകളും പാലങ്ങളും കാര്യമായ കേടുപാടുകളില്ലാതെ ഇന്നും നിലനിൽക്കുന്നുണ്ട്. പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ പട്ടികയിൽ രാജപാതയും ഇടംപിടിച്ചിട്ടുണ്ടെങ്കിലും ഇത് അംഗീകരിക്കാൻ വനംവകുപ്പ് തയാറായിട്ടില്ല.
പാത തുറന്നാൽ പുറമെനിന്നു കൂടുതൽ ആളുകൾ വനമേഖലയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും ഇതു ഗുരുതര പ്രത്യാഘാതങ്ങൾക്കു വഴിതെളിക്കുമെന്നുമാണ് വനംവകുപ്പിന്റെ വാദം. എന്നാൽ, ഈ വാദം അടിസ്ഥാനരഹിതമാണെന്നു നാട്ടുകാർ പറയുന്നു.
രാജപാത തുറന്നുകിട്ടിയാൽ മാങ്കുളം മേഖലയിൽ ഉള്ളവർക്കു പുറംലോകവുമായി ബന്ധപ്പെട്ടാൻ ഏറ്റവും സൗകര്യം ലഭിക്കും. ഇതിനാണ് വനംവകുപ്പ് വിലങ്ങുതടി തീർത്തിരിക്കുന്നത്.
റോഡ് പുനഃസ്ഥാപിച്ചാൽ മൂന്നാർ – കോതമംഗലം പാത യ്ക്ക് സമാന്തര പാതയാകും.