20/06/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

തൊടുപുഴ വിദ്വേഷപ്രസംഗം; പി സി ജോർജിനെ സംരക്ഷിച്ച് മതസ്പർധാ കേസ് അവസാനിപ്പിച്ച് പൊലീസ്

1 min read

കഴിഞ്ഞവർഷം തൊടുപുഴയിൽ നടത്തിയ വിദ്വേഷ പ്രസം​ഗ കേസിൽ വിദ്വേഷ പ്രചാരകനും മുൻ പൂഞ്ഞാർ എംഎൽഎയുമായ പി സി ജോർജിനെ സംരക്ഷിച്ച് പൊലീസ്. ജോർജിനെതിരായ മതസ്പർധാ കേസ് അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുകയാണ് പൊലീസ്. ജോർജിന്റെ പ്രസം​ഗം മതസ്പർധ വളർത്തുന്നതാണെന്നതിന് തെളിവില്ലെന്ന് പറഞ്ഞാണ് കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള റിപ്പോർട്ട് തൊടുപുഴ പൊലീസ് തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയത്.

പൂഞ്ഞാർ എംഎൽഎ ആയിരിക്കെ 2021 ഏപ്രിൽ 11ന് തൊടുപുഴയിൽ ഹൈറേഞ്ച് റൂറൽ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ജോർജിന്റെ വിദ്വേഷ പ്രസംഗം. ഇതു സംബന്ധിച്ച് സാമൂഹിക പ്രവർത്തക ശ്രീജ നെയ്യാറ്റിൻകര നൽകിയ പരാതിപ്രകാരം രജിസ്റ്റർ കേസിലാണ് പൊലീസ് കോടതിയിൽ റഫേർഡ് ചാർജ് റിപ്പോർട്ട് (ആർസി- കേസ് അവസാനിപ്പിച്ച് റിപ്പോർട്ട്) നൽകിയിരിക്കുന്നത്. പരാതിയിൽ ഐപിസി 153എ വകുപ്പ് പ്രകാരം ജോർജിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

എന്നാൽ അന്വേഷത്തിനൊടുവിൽ കോടതിയിൽ പി സി ജോർജിന് അനുകൂല റിപ്പോർട്ട് നൽകുകയാണ് പൊലീസ് ചെയ്തത്. അന്വേഷണത്തിൽ ജോർജിന്റെ പ്രസം​ഗത്തിനെതിരെ 153എ (മതസ്പർധ) വകുപ്പ് ചുമത്താനാവില്ലെന്ന് കണ്ടെത്തിയതിനാലാണ് കോടതിയിൽ ആർസി റിപ്പോർട്ട് നൽകിയതെന്നാണ് തൊടുപുഴ സിഐ വിഷ്ണുകുമാർ ന്യൂസ്ടാ​ഗ് ലൈവിനോടു പറഞ്ഞത്.

‘സമൂഹത്തില്‍ മതാടിസ്ഥാനത്തില്‍ ചേരിതിരിവ് ഉണ്ടാക്കി സ്പര്‍ധ വളര്‍ത്തണം എന്ന ഉദ്ദേശത്തോടും കരുതലോടും കൂടി 11-04-2021 പത്തരമണിക്ക് തൊടുപുഴയില്‍ ഹൈറേഞ്ച് റൂറല്‍ സൊസൈറ്റി ഹാളില്‍ വച്ച് ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കണമെന്നും ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം എന്നും പ്രസംഗിച്ചു’- എന്ന് എഫ്‌ഐആറില്‍ കൃത്യമായി പറയുന്നുണ്ട് എന്നിരിക്കെയാണ് ഇത് മതസ്പര്‍ധ വളര്‍ത്തുന്നതല്ലെന്ന് കാട്ടി പൊലീസ് കേസ് അവസാനിപ്പിച്ചത്.

ഇന്ത്യയെ ഹിന്ദുരാഷ്ട്രം ആയി പ്രഖ്യാപിക്കണമെന്നും സ്വന്തം താല്പര്യങ്ങൾക്ക് അനുസരിച്ച് ഇടത്- വലത് മുന്നണികൾ തീവ്രവാദികളുമായി ചേർന്ന് 2030ഓടെ ഇന്ത്യയെ ഇസ്‍‍ലാമിക രാജ്യമാക്കി മാറ്റാൻ ശ്രമിക്കുകയാണെന്നുമായിരുന്നു ജോർജിന്റെ വിദ്വേഷ പ്രസം​ഗം.ലൗ ജിഹാദില്ലെന്ന് സുപ്രീംകോടതി പറഞ്ഞാലും ഉണ്ടെന്ന് തനിക്കുറപ്പാണെന്നും ജോർജ് പറഞ്ഞിരുന്നു. ഇത് പറഞ്ഞാൽ കോടതിയെന്താ തന്നെ മൂക്കിൽ വലിച്ചു കയറ്റുമോ എന്നും ജോർജ് ചോദിച്ചിരുന്നു.

ഇതിനെതിരെ സാമൂഹിക പ്രവർത്തക ശ്രീജ നെയ്യാറ്റിൻകര ആഭ്യന്തരവകുപ്പിനും ഡിജിപിക്കും നൽകിയ പരാതി തൊടുപുഴ പൊലീസിന് കൈമാറുകയായിരുന്നു. പി സി ജോർജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ- സാമൂഹിക- മാധ്യമ- സാസ്കാരിക പ്രവർത്തകരും രംഗത്തെത്തിയിരുന്നു. എന്നാൽ പ്രസംഗത്തിന്റെ വീഡിയോ തെളിവുകൾ അടക്കം ഉണ്ടായിരിക്കെ വിദ്വേഷ പ്രചാരകനായ ജോർജിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുകയാണ് പൊലീസ് ചെയ്തിരിക്കുന്നത്. ജോർജിന്റെ ഈ പ്രസംഗം 153എ വകുപ്പ് (മതസ്പർധ) ചുമത്താൻ കഴിയുന്നതാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, റഫേർഡ് ചാർജ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതു പ്രകാരം പരാതിക്കാരിയായ ശ്രീജ നെയ്യാറ്റിൻകരയ്ക്ക് തൊടുപുഴ സിജെഎം കോടതിയിൽ നിന്ന് നോട്ടീസ് വന്നിട്ടുണ്ട്. അടുത്ത മാസം 18ന് കോടതിയിൽ ഹാജരാവണം എന്നാണ് നോട്ടീസിൽ പറയുന്നത്. പരാതി പ്രകാരം രജിസ്റ്റർ ചെയ്ത കേസ് അവസാനിപ്പിച്ചതിനെതിരെ ശ്രീജയ്ക്ക് കോടതിയെ എതിർപ്പറിയിക്കുകയും അതേ വകുപ്പ് തന്നെ ചുമത്തണം എന്ന് ആവശ്യപ്പെടുകയും അന്വേഷണം തൊടുപുഴ സ്റ്റേഷനിൽ നിന്ന് മാറ്റാൻ ആവശ്യപ്പെടുകയും ചെയ്യാം. വിഷയത്തിൽ ഇനി കോടതിയാണ് അന്തിമ തീരുമാനമെടുക്കുക.



പൊലീസിന്റേത് പി സി ജോർജിനെ സംരക്ഷിക്കുന്ന നിലപാടാണെന്നും ഇതിനെതിരെ കോടതിയിൽ തന്റെ ഭാഗം അറിയിക്കുമെന്നും നിയമപോരാട്ടവുമായി മുന്നോട്ടുപോവുമെന്നും പരാതിക്കാരിയായ ശ്രീജ നെയ്യാറ്റിൻകര ന്യൂസ്ടാഗ് ലൈവിനോടു പറഞ്ഞു. ഇതിനിടെ, നോട്ടീസ് സംബന്ധിച്ച് അറിയാനായി തൊടുപുഴ സ്റ്റേഷനിൽ വിളിച്ചപ്പോൾ, ഈ കേസിൽ താൻ പ്രതിയാണ് എന്നായിരുന്നു ഫോണെടുത്ത പൊലീസുകാരി പറഞ്ഞതെന്ന് ശ്രീജ പറ‍ഞ്ഞു. പിന്നീട് എസ്ഐയെ വിളിച്ചപ്പോഴാണ് കാര്യം മനസിലായതെന്നും അവർ കൂട്ടിച്ചേർത്തു.



ജോർജിന്റെ പരാമർശം ഇന്ത്യൻ ഭരണഘടനയെ അട്ടിമറിക്കുന്നതും ഇന്ത്യൻ മതേതരത്വത്തെ തള്ളിപ്പറയുന്നതും സുപ്രീംകോടതിയെ അപകടകരമാം വിധത്തിൽ വെല്ലുവിളിക്കുന്നതുമാണെന്ന് ശ്രീജ പരാതിയിൽ പറഞ്ഞിരുന്നു. മതേതര ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി.പ്രഖ്യാപിക്കണം എന്ന് ജോർജ് പരസ്യമായി ആഹ്വാനം ചെയ്യുകയും നിരവധി അന്വേഷണങ്ങൾക്കൊടുവിൽ സുപ്രീംകോടതി തന്നെ തള്ളിക്കളഞ്ഞ ലൗ ജിഹാദ് എന്ന ആർഎസ്എസ് നുണയെ ചൂണ്ടിക്കാട്ടി സുപ്രീംകോടതി വിധി തെറ്റാണെന്നും പ്രസംഗിക്കുകയും ചെയ്തു.



ഈ പ്രസംഗം പരമത വിദ്വേഷം പ്രചരിപ്പിക്കുന്നതും ഇന്ത്യ എന്ന മതേതര രാജ്യത്തോടും സുപ്രീംകോടതിയോടുമുള്ള വെല്ലുവിളിയുമാണ്. സമാനമായ വിദ്വേഷ പ്രചാരണങ്ങൾ ഇതിനു മുമ്പും ജോർജ് നടത്തിയിട്ടുണ്ട്. ഒരു ജനപ്രതിനിധി ഒരിക്കലും ചെയ്യാൻ പാടില്ലാത്ത സമൂഹത്തിൽ വിദ്വേഷം പടർത്തുക, രാജ്യത്തെ ജനവിഭാഗത്തെ മതപരമായി വിഭജിക്കാൻ ആഹ്വാനം ചെയ്യുക സുപ്രീംകോടതിയെ വെല്ലുവിളിക്കുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് പി സി ജോർജ് ചെയ്‌തിരിക്കുന്നത്. കൂടാതെ സത്യപ്രതിജ്ഞാ ലംഘനവും നടത്തിയിരിക്കുന്നു. അതിനാൽ ഈ പരാതിയെ കുറിച്ച് ന്വേഷിച്ച് കുറ്റക്കാരനെതിരെ ഉചിതമായ നിയമനടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.



ഈ വർഷം ഏപ്രിൽ 29ന് തിരുവനന്തപുരം അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ നടത്തിയ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിലും ആദ്യഘട്ടത്തിൽ ജോർജിനെ സംരിക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചിരുന്നത്. പിന്നീട് വിവിധ സംഘടനകൾ പരാതി നൽകുകയും വൻ പ്രതിഷേധം ഉയരുകയും ചെയ്തതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്യാൻ തയാറായത്. എന്നാൽ തിരുവനന്തപുരത്തെത്തിച്ച് കോടതിയിൽ ഹാജരാക്കിയ ജോർജിന് മിനിറ്റുകൾക്കകം ജാമ്യം ലഭിച്ചിരുന്നു. ഇത് പൊലീസിന്റെ വീഴ്ചയാണെന്ന വിമർശനം ശക്തമായിരുന്നു.



വിദ്വേഷ പ്രസംഗം ആവർത്തിക്കരുത് എന്ന വ്യവസ്ഥയിലാണ് ജാമ്യം നൽകിയതെന്നിരിക്കെ എറണാകുളം വെണ്ണലയിലും ഇയാൾ മുസ്‌ലിംവിരുദ്ധ-വിദ്വേഷ പ്രസംഗം നടത്തി. ഇതിൽ കേസെടുത്തെങ്കിലും അപ്പോഴും അറസ്റ്റ് ചെയ്യാതെ പൊലീസ് സംരക്ഷിച്ചു. പിന്നീട് ഇയാൾക്ക് കോടതി മുൻകൂർ ജാമ്യം നൽകി. ഇതോടെ പ്രതിഷേധം ശക്തമാവുകയും ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിക്കുകയും തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം റദ്ദാക്കുകയും ചെയ്തു. എന്നാൽ ഹൈക്കോടതിയിൽ നിന്നും ജോർജ് പിന്നീട് ജാമ്യം നേടുകയും ചെയ്തു.

Courtesy: News tag live

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!