പട്ടയം നല്‍കാമെന്ന് ധരിപ്പിച്ച് പണം തട്ടി;തട്ടിപ്പിനിരയായവരില്‍ ഗ്രാമ പഞ്ചായത്തംഗത്തിന്റെ കുടുംബവും
1 min read
പട്ടയം നല്‍കാമെന്ന് ധരിപ്പിച്ച് പണം തട്ടിയെന്ന പരാതിയില്‍ ഭരണ കക്ഷി പ്രാദേശിക നേതാവിനെതിരെ പാര്‍ട്ടി അന്വേഷണം തുടങ്ങി. ദേവികുളം താലൂക്ക് പരിധിയിലെ 63 സ്ഥലം ഉടമകളില്‍ നിന്ന് പട്ടയം തരപ്പെടുത്തി നല്‍കാമെന്ന് കാണിച്ച് പണം വാങ്ങിയെന്ന പരാതിയിലാണ് ജില്ലാ കമ്മറ്റി അംഗത്തിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘം അന്വേഷണം തുടങ്ങിയത്.

ആനച്ചാല്‍ സ്വദേശിയായ ലോക്കല്‍ കമ്മറ്റി അംഗത്തിനെതിരേയാണ് അന്വേഷണം. സ്ഥലം അളക്കുന്നതിനുള്ള കൂലി എന്ന പേരിലാണ് പണം വാങ്ങിയതെന്ന് പാര്‍ട്ടിക്ക് നല്കിയ പരാതിയില്‍ പാര്‍ട്ടി അംഗങ്ങളായ സ്ഥലം ഉടമകള്‍ പറയുന്നു. ഏക്കറിനു 2000 മുതല്‍ 25,000 രൂപ വരെ ഇത്തരത്തില്‍ ലോക്കല്‍ കമ്മറ്റിയംഗം വാങ്ങിയെന്നാണ് ആക്ഷേപം. ആനച്ചാല്‍ ഈട്ടിസിറ്റി സ്വദേശിയായ പാര്‍ട്ടി അംഗം കഴിഞ്ഞ സമ്മേളന കാലയളവില്‍ പ്രാദേശിക നേതാവിന്റെ ഇത്തരം അഴിമതിക്കെതിരെ ശക്തമായ ആരോപണം ഉന്നയിച്ചിരുന്നു. പ്രാദേശിക നേതാവിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കണമെന്നും സമ്മേളനത്തില്‍ ആക്ഷേപം ഉയര്‍ന്നു. വെള്ളത്തൂവല്‍ ഗ്രാമ പഞ്ചായത്തിലെ പ്രതിപക്ഷ അംഗത്തിന്റെ മാതാവില്‍ നിന്നു പോലും ഇയാള്‍ പണം വാങ്ങിയതായി പരാതി ഉയര്‍ന്നിട്ടുണ്ട്.
2022 മാര്‍ച്ച് മാസം 7, 22 എന്നീ തീയതികളിലായി ദേവികുളം താലൂക്ക് ഭൂമി പതിവ് കമ്മറ്റി ചേര്‍ന്നിരുന്നു കുഞ്ചിത്തണ്ണി, വെള്ളത്തൂവല്‍, പള്ളിവാസല്‍ എന്നീ വില്ലേജുകളിലെ 63 ഭൂമിപതിവ് അപേക്ഷകള്‍ പരിശോധിച്ച് അംഗീകരിച്ചിട്ടുള്ളതാണ്. കൂടാതെ വിവിധ ഭവനനിര്‍മ്മാണ പദ്ധതികളുമായി ബന്ധപ്പെട്ട് മന്നാംകണ്ടം, കുഞ്ചിത്തണ്ണി, ആനവിരട്ടി, വെള്ളത്തൂവല്‍ എന്നീ വില്ലേജുകളിലായി 29 കൈവശരേഖ അപേക്ഷകളും അംഗീകരിച്ചിട്ടുണ്ട്. ദേവികുളം താലൂക്ക് ഓഫീസിലെ പട്ടയ നടപടികളുമായി ബന്ധപ്പെട്ട് ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതിലേക്ക് പൊതുജനങ്ങളില്‍ നിന്നും പണപ്പിരിവ് നടത്തുന്നുണ്ടെന്നും പരാതികള്‍ ജില്ലാ കളക്ടര്‍ക്കും ദേവികുളം തഹസില്‍ദാര്‍ക്കും ലഭിച്ചിരുന്നു.
അപ്രകാരം ആരെയും ഓഫീസില്‍ നിന്നും നിയോഗിച്ചിട്ടില്ലായെന്ന് തഹസില്‍ദാര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗരൂകരായിരിക്കേണ്ടതാണ്. ഇങ്ങനെയുള്ള അനധികൃത ഇടപാടുകള്‍ നടത്തുന്ന വ്യക്തികളേയോ സംഘടനകളേയോ സംബന്ധിച്ച വിവരങ്ങള്‍ ദേവികുളം തഹസില്‍ദാരുടെ 9447026416 എന്ന ടെലിഫോണ്‍ നമ്പറിലോ നേരിട്ടോ അറിയിക്കേണ്ടതാണെന്നും, അങ്ങനെയുള്ളവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും തഹസീല്‍ദാര്‍ അറിയിച്ചു.