അടിമാലി പഞ്ചായത്ത് ഭൂമി കൈമാറ്റം; വ്യാജ രേഖ ചമച്ചവര്‍ക്കെതിരെ ഭരണ സമിതി നിയമ നടപടിയിലേക്ക്
1 min read
SPECIAL CORRESPONDENT
മുൻ മന്ത്രിക്ക് ഭൂമി നൽകാനുള്ള തീരുമാനം റദ്ദാക്കും. ജൂലൈ 27ന് പ്രത്യേക പഞ്ചായത്ത് കമ്മറ്റി യോഗം
അടിമാലി പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിക്കുന്ന സ്ഥലത്തെ 18.5 സെന്റ് ഭൂമി മുന്‍ മുന്‍ ഭരണ സമിതിയുടെ കാലത്ത് വ്യാജരേഖ ചമച്ച് സ്വകാര്യവ്യക്തിക്ക് പതിച്ച് നല്കാന് ഒത്താശ ചെയ്തുവെന്ന ആക്ഷേപത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് പഞ്ചായത്ത് ഭരണ സമിതി. ഇന്നു ചേര്‍ന്ന അടിമാലി പഞ്ചായത്ത് ഭരണ സമിതിയുടെ അടിയന്തിര യോഗമാണ് അന്വേഷണം നടത്താന്‍ തത്വത്തില്‍ തീരുമാനമെടുത്തത്. സംഭവത്തില്‍ വലിയ അഴിമതി നടന്നുവെന്ന് ആരോപിച്ച് നിലവിലെ യുഡിഎഫ് ഭരണ സമിതിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി, പഞ്ചായത്ത് വകുപ്പ് മന്ത്രി, വിജിലന്‍സ്, ഓംബുഡ്സ്മാന് എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും ഭരണ സമിതി അംഗങ്ങള്‍ അറിയിച്ചു.

അടിമാലിയിലെ വിവരാവകാശ പ്രവര്‍ത്തകനായ അലിയുടെ അപേക്ഷക്ക് പഞ്ചായത്ത് നല്കിയ മറുപടിയിലാണ് ഭൂമി കൈമാറ്റം സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്. ഈ രേഖ പരിശോധിച്ചപ്പോഴാണ് യുഡിഎഫ് ഭരണ സമിതിക്കും വിവരം ലഭിച്ചത്.

36 വര്‍ഷമായി പഞ്ചായത്തിന്റെ കൈവശത്തിലുള്ള നിലവിലെ പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന 1 ഏക്കര്‍ 50 സെന്റ് സ്ഥലത്തിന് നാളിതു വരെ കരം അടച്ചിട്ടില്ല. ഭൂമിയുടെ റീ സര്‍വെ നടപടികള്‍ നടക്കാത്തതാണ് കരം അടയ്ക്കുന്നതിന് തടസമെന്ന് പഞ്ചായത്ത് വിവരാവകാശം അനുസരിച്ച് നല്കിയ മറുപടിയിലെ 8-ാം നമ്പര്‍ ഉത്തരമായി പറയുന്നത്.

എന്നാല്‍ ഇതേ മറുപടി കത്തിലെ 7-ാം നമ്പര്‍ ഉത്തരമാകട്ടെ പഞ്ചായത്ത് ഭൂമിയില്‍ സര്‍വെ പൂര്‍ത്തിയായതായും ഈ സര്‍വെ പ്രകാരം സ്വകാര്യ വ്യക്തിക്ക് 18.5 സെന്റ് സ്ഥലം വിട്ടു നല്‍കണമെന്നും ഇതിനായി സര്‍ക്കാര്‍ ഉത്തരവ് വാങ്ങുന്നതിന് നടപടി സ്വീകരിക്കുമെന്നും രേഖപ്പെടുത്തിയിരിക്കുന്നു. കൂടാതെ ഇതിന്റെ അനുബന്ധമായി ചേര്‍ത്തിരിക്കുന്ന 15.03.2022ലെ പഞ്ചായത്ത് ഭരണ സമിതിയുടെ 9-6 നമ്പര്‍ കമ്മറ്റി തീരുമാനത്തില്‍ സര്‍വെ പ്രകാരം അധികമായി കണ്ട 18.5 സെന്റ് ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടു നല്‍കണമെന്നും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രേഖയാണ് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തിരുത്തിയതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്.

മുന്‍ മന്ത്രി ടി.യു.കുരുവിളയ്ക്കും ബന്ധുവിനും പഞ്ചായത്തിന്റെ 18.5 സെന്റ് ഭൂമി വിട്ട് നല്‍കാനാണ് രേഖകള്‍ തയ്യാറാക്കിയത്. ഇതിന് അന്ന് പഞ്ചായത്ത് ഭരിച്ചിരുന്ന ഇടതുമുന്നണിക്കും അറിവുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് സനിതാ സജി, വൈസ് പ്രസിഡന്റ് കെ.എസ്. തുടങ്ങിയവര്‍ പറഞ്ഞു. 1988-ല്‍ ടി.യു.കുരുവിളയില്‍നിന്ന് പഞ്ചായത്ത് ഒന്നര ഏക്കര്‍ ഭൂമി ബസ്സ്റ്റാന്‍ഡിനായി വാങ്ങിയിരുന്നു. 2020-ല്‍ കുരുവിള അടിമാലിയിലെ തന്റെ ബാക്കിയുള്ള ഭൂമി അളന്നപ്പോള്‍ 18.5 സെന്റ് കുറവ് കണ്ടെത്തി. കൂടുതല്‍ പോയ ഭൂമി തിരികെ കിട്ടാന്‍ കുരുവിള 2020 ഒക്ടോബര്‍ 30-ന് പഞ്ചായത്തിന് അപേക്ഷ നല്കി. കൂടുതല്‍ ഭൂമി ഉണ്ടെന്ന് പഞ്ചായത്തിനെ രേഖാമൂലം ബോധ്യപ്പെടുത്തിയാല്‍ തിരികെ നല്‍കാമെന്ന് അന്നത്തെ ഭരണ സമിതി മറുപടിയും നല്കി. രണ്ട് വര്‍ഷക്കാലം യാതൊരു നടപടിക്രമങ്ങളും ഉണ്ടായില്ല. ഇതിനിടെ 2022 മാര്‍ച്ചില്‍ കുരുവിള വീണ്ടും എല്‍.ഡി.എഫ്. ഭരണസമിതിക്ക് അപേക്ഷ നല്കി. എന്നാല്‍, ഈ കത്ത് സംബന്ധിച്ച് യാതൊരു അറിയിപ്പും പഞ്ചായത്ത് അംഗങ്ങളെ സെക്രട്ടറി അറിയിച്ചില്ല. ഇതിനിടെ 2022 മാര്‍ച്ച് 15-ന് കൂടിയ കമ്മിറ്റിയുടെ ആറാം നമ്പര്‍ തീരുമാന പ്രകാരം 18.5 സെന്റ് ഭൂമി അപേക്ഷകന് വിട്ട് നല്‍കുന്നതിന് അനുമതിയുണ്ടാകണമെന്ന് കാണിച്ച് പഞ്ചായത്ത് ഡയറക്ടര്‍ക്ക് പഞ്ചായത്ത് കമ്മിറ്റിയുടേതായി തീരുമാനം എടുത്ത് അപേക്ഷകന് നല്‍കിയതായാണ് ഇപ്പോള്‍ ഭരണസമിതി ആരോപിക്കുന്നത്.