അടിമാലി റേഞ്ചിലെ അനധികൃത മരംമുറി; 2 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.
1 min read
ന്യൂസ് ഡെസ്ക്
അടിമാലി ഫോറസ്റ്റ് റേഞ്ചിലെ കല്ലാർ വാലി എസ്റ്റേറ്റിൽ അനധികൃതമായി വൻതോതിൽ മരത്തിന്റെ ശിഖരങ്ങൾ മുറിച്ച സംഭവത്തിൽ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.

പള്ളിവാസൽ മുൻ സെക്ഷൻ ഓഫീസറും നിലവിലെ മച്ചിപ്ലാവ് എസ്എഫ്ഒയുമായ എൽദോ, പള്ളിവാസലിലെ ഗ്രേഡ് എസ്എഫ്ഒ രതീഷ് എന്നിവരെയാണ് ഹൈറേഞ്ച് സർക്കിൾ ചീഫ് കണ്സർവേറ്റർ ഓഫ് ഫോറസ്റ്റ് ജോർജി പി. മാത്തച്ചൻ സസ്പെൻഡ് ചെയ്തത്.
ഇരുവർക്കും മരംമുറി വിഷയത്തിൽ ഗുരുതര വീഴ്ച പറ്റിയതായി നേരത്തെ മൂന്നാർ ഡിഎഫ്ഒ കണ്ടെത്തിയിരുന്നു. മരങ്ങളുടെ ശിഖരം വൻതോതിൽ മുറിച്ചു നീക്കിയ സംഭവം ഇരുവരും അറിഞ്ഞിട്ടും ബന്ധപ്പെട്ട മേലുദ്യോഗസ്ഥരെ അറിയിക്കാതെ വിവരം പൂഴ്ത്തിയെന്നാണ് പരാതി. സ്ഥലത്ത് 3500ഓളം മരങ്ങളുടെ ശിഖരങ്ങളാണ് മുറിച്ചത്. ഉണങ്ങിയ മരങ്ങൾ ചുവടെ വെട്ടിമാറ്റിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മരംമുറി ആരംഭിച്ചത്. 300 ഏക്കറോളം വരുന്ന തോട്ടത്തിൽ 148 ഏക്കർ ഭൂമിയിലെ ശിഖരം മുറിക്കാനാണ് ആദ്യഘട്ടത്തിൽ വനംവകുപ്പ് അനുമതി നൽകിയത്. എന്നാൽ ഇത് മറികടന്ന് വലിയ ശിഖരങ്ങൾപോലും മുറിച്ചു. പിന്നീട് മുറിച്ച വിറക് കഴിഞ്ഞ ഏപ്രിലിൽ ലേലത്തിൽ വച്ചു. ഇത് തോട്ടം ഉടമകൾതന്നെ ലേലത്തിൽ പിടിച്ചു. എന്നാൽ തടി കൊണ്ടുപോകാനായില്ല.
ദേവികുളം റേഞ്ചിൽ ആനവിരട്ടി വില്ലേജിലെ ഏലത്തോട്ടം 25 വർഷത്തോളമായി കൃഷി ഉപേക്ഷിച്ച് തൊഴിൽ തർക്കങ്ങളിൽപ്പെട്ട് കിടക്കുകയായിരുന്നു. ആന്ധ്ര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം 2021ൽ കട്ടപ്പന സ്വദേശികൾ വാടകയ്ക്ക് എടുത്ത് കൃഷി ആരംഭിക്കുകയായിരുന്നു. ഇതിന്റെ മറവിലാണ് വൻതോതിൽ മരം മുറിച്ചത്.
കഴിഞ്ഞ 12ന് ദേവികുളം റേഞ്ചിലെ വിവിധ സെക്ഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്ത് സംയുക്ത പരിശോധന ആരംഭിച്ചിരുന്നു. ഇതുവരെ ആയിരത്തിൽ താഴെ മരങ്ങളുടെ വിവരങ്ങളാണ് വനംവകുപ്പിന് മഹസറിൽ ചേർക്കാനായത്. മഴ താൽകാലികമായി മാറിയതോടെ കണക്കെടുപ്പ് പൂർത്തിയാക്കാനുള്ള ശ്രമം ആരംഭിച്ചു. ഒരുമാസം മുന്പാണ് വിഷയത്തിൽ പരാതി ഉണ്ടായത്.