പ്രവാസ ലോകത്ത് പുതു ചരിത്രം രചിച്ച് ബഹ്‌റൈന്‍ പ്രതിഭ പാലം ദി ബ്രിഡ്ജ്

Spread the love



Thank you for reading this post, don't forget to subscribe!

മനാമ > സൂഫി സംഗീതവും നാടന്‍ പാട്ടും വാദ്യകലകളും സാംസ്‌കാരിക ഘോഷയാത്രയും സമ്പന്നമാക്കിയ രണ്ടു നാള്‍. കലാ, സാംസ്‌കാരിക വൈവിധ്യങ്ങള്‍ കൊണ്ടാടിയ ബഹ്‌റൈന്‍ പ്രതിഭ പാലം – ദി ബ്രിഡ്ജ് സാംസ്‌കാരികോത്സവത്തിന് സമാപനം. രണ്ടുനാള്‍ ബഹ്‌റൈന്‍ പ്രവാസ സാംസ്‌കാരിക മേഖലയില്‍ സംഗീതത്തിന്റെയും കലയുടെയും വിസ്മയചെപ്പ് സമ്മാനിച്ചാണ് പാലത്തിന് തിരശ്ശീല വീണത്.

ബഹ്‌റൈന്‍ കേരള സാംസ്‌ക്കാരിക വിനിമയം എന്ന ആശയം മുന്‍ നിര്‍ത്തി സംഘടിപ്പിച്ച പാലം പേര്‍ അന്വര്‍ഥമാക്കുംവിധം ഇരു മേലയുടെയും നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ചരിത്ര, സാംസ്‌കാരിക ഇടങ്ങളിലെ കൊടുക്കല്‍ വാങ്ങലുകളുടെയും കൂട്ടായ്മയുടെയും ഓര്‍മ്മിപ്പിക്കലും ആഘോഷവുമായി. രണ്ടു നാള്‍ പാലത്തിലേക്ക് ഒഴികെവന്ന ആയിരങ്ങള്‍ വൈവിധ്യങ്ങളുടെ ആഘോഷങ്ങള്‍ക്ക് കണ്ണും മനവുമേകി.

സമാജം ചരിത്രത്തിലെ അഭൂത പൂര്‍വ്വമായ ജനക്കൂട്ടത്തെ സാക്ഷി നിര്‍ത്തി കടുവ ഫെയിം അതുല്‍ നറുകര, പ്രസീത ചാലക്കുടി എന്നിവരുടെ നേതൃത്വത്തില്‍  ബഹ്‌റൈനില്‍ നിന്നുള്ള ഹൃദയ നാടന്‍ പാട്ട് സംഘത്തിന്റെ പിന്തുണയില്‍ അവതരിപ്പിച്ച കോമ്പോ സംഗീത വിരുന്ന് സമാപന ദിവസത്തെ ഇളക്കി മറിച്ചു. നാടന്‍ പാട്ടിനൊപ്പം ആരാധകര്‍ നൃത്തംവെച്ച് പരിപാടി അവിസ്മരണീയമാക്കി.

സമീര്‍ ബിന്‍സി, ഇമാം മജ്ബൂര്‍ എന്നിവരുടെ സൂഫി മെഹ്‌വില്‍ സംഗീത മഴയില്‍ ആദ്യ ദിനം സംഗീത സാന്ദ്രമായി. സ്‌നേഹ മൈത്രിയുടെ നിദര്‍ശനങ്ങളായ ഗസലുകളും ഖവ്വാലികളുമായി എത്തിയ ഇവരെ ആരാധകര്‍ നെഞ്ചേറ്റി. ഇബ്‌നു അറബി, മന്‍സൂര്‍ ഹല്ലാജ്, അബ്ദുല്‍ യാ ഖാദിര്‍ ജീലാനി, റാബിഅ ബസരിയ്യ, ഉമര്‍ ഖാദി തുടങ്ങിയവരുടെ അറബി കാവ്യങ്ങള്‍, ജലാലുദ്ദീന്‍ റൂമി, ഹാഫിസ്, ജാമി തുടങ്ങിയവരുടെ പേര്‍ഷ്യന്‍ കാവ്യങ്ങള്‍, ഖാജാ മീര്‍ ദര്‍ദ്, ഗൗസി ഷാ, നുസ്‌റത്ത് ഫത്തേഹ് അലി ഖാന്‍ തുടങ്ങിയവരുടെ ഉര്‍ദു ഗസലുകള്‍, ഇച്ച മസ്താന്‍, അബ്ദുല്‍ റസാഖ് മസ്താന്‍, മസ്താന്‍ കെവി അബൂബക്കര്‍ മാസ്റ്റര്‍ തുടങ്ങിയവരുടെ മലയാളം സൂഫി കാവ്യങ്ങള്‍ എന്നിവ ആലപിച്ചു. ഇവരുടെ സൂഫി സംഗീതത്തില്‍ നാരായണ ഗുരു, ഗുരു നിത്യചൈതന്യയതി തുടങ്ങിയവരുടെ യോഗാത്മക ശീലുകള്‍, വേദ വചനങ്ങള്‍, വിവിധ നാടോടി പുരാവൃത്തങ്ങള്‍ തുടങ്ങിയവ കണ്ണി ചേര്‍ന്നു.

ഇരു കരകളുടെയും ചരിത്രാതീത ബന്ധത്തെ അനുസ്മരിച്ച് സമാജത്തില്‍ നിര്‍മ്മിച്ച പാലം കാണികള്‍ക്ക് അദ്ഭുതമായി.  കാസര്‍ഗോഡ് ബേക്കല്‍ കോട്ട, കോഴിക്കോട് മിഠായിതെരുവ്, ടൗണ്‍ ഹാള്‍, കൊച്ചിയിലെ ജൂത പള്ളി, തിരുവനന്തപുരം പാളയം, സെക്രട്ടറിയേറ്റ്… പാലം ഇറങ്ങിയ കാഴ്ചകള്‍ വിസ്മയമായി. മിഠായിതെരുവില്‍ ആല്‍ബര്‍ട്ടിന്റെ നേതൃത്വത്തില്‍ ചിത്രകാരന്മാര്‍ തീര്‍ത്ത വര്‍ണ്ണപ്പൊലിമയും എസ്‌കെ പൊറ്റക്കാടിന്റെ ഒരു തെരുവിന്റെ കഥയുടെ ചിത്രാവിഷ്‌കാരവും കോഴിക്കോടന്‍ ഹലുവയും ചായപ്പീടികയിലെ റേഡിയോവിലൂടെ ഒഴുകിയെത്തുന്ന പാട്ടുകളും ഹലുവാ സ്റ്റാളിലെ മെഹ്ഫിലും തെരുവിലൂടെ സൈക്കിളില്‍ വരുന്ന പോസ്റ്റ്‌മേനും ജനതിരക്ക് നിയന്ത്രിക്കുന്ന പൊലീസും കോഴിക്കോടന്‍ ഭക്ഷണ സ്റ്റാളുകളും മിഠായി തെരുവിന്റെ നേര്‍ സാക്ഷ്യമായി.

സാംസ്‌കാരി ഘോഷയാത്ര സാംസ്‌കാരിക കേരളത്തിന്റെ പരിഛേദമായി. തെയ്യം, വില്ല് വണ്ടി, പൂരക്കളി, കോല്‍ക്കളി, മാര്‍ഗ്ഗംകളി, ചുണ്ടന്‍ വള്ളം, കെഎസ്ആര്‍ടിസി ബസും എണ്ണകിണറും ഘോഷയാത്രയെ സമൃദ്ധമക്കി. ബഹ്‌റൈന്‍ സ്വദേശികള്‍ അവതരിപ്പിച്ച പരമ്പരാഗത നൃത്തവും ‘ബാക്ക’ എന്ന സംഗീതവും ഷോഷയാത്രയ്ക്ക് മിഴിവേകി, അതോടൊപ്പം സാംസ്‌കാരിക വിനിമയത്തിന്റെ ജീവസുറ്റ ഏടായി മാറി.

സമാനതകളില്ലാത്ത സംഘാടകമികവും കൂട്ടായ്മയും അടയാളപ്പെടുത്തിയാണ് പാലം സമാപിച്ചത്.

സമാപന സമ്മേളനം കേരള തദ്ദേശ ഭരണ മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രതിഭ പ്രസിഡണ്ട് അഡ്വ. ജോയ് വെട്ടിയാടന്‍ അധ്യക്ഷനായി. പ്രതിഭ മുഖ്യ രക്ഷാധികാരിയും സംഘാടക സമിതി ചെയര്‍മാനുമായ പി ശ്രീജിത്, പ്രശസ്ത നാടക, സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഡോ. സാംകുട്ടി പട്ടം കരി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി പ്രദീപ് പതേരി സ്വാഗതവും പാലം ദി ബ്രഡ്ജ് ജനറല്‍ കണ്‍വീനര്‍ സുബൈര്‍ കണ്ണൂര്‍ നന്ദിയും  പറഞ്ഞു.

സംസ്‌കാരങ്ങള്‍ തമ്മിലുളള പാലം: മന്ത്രി എംബി രാജേഷ്


ഏകത്വം എന്ന പുതിയ കാലത്തിന്റെ ആക്രോശങ്ങളില്‍ നിന്നും മാറി നാനാത്വത്തില്‍ ഏകത്വം എന്ന ആശയ പരിസരത്തിലൂടെ സഞ്ചരിക്കാനായി സംസ്‌ക്കാരങ്ങള്‍ തമ്മിലുള്ള പാലം തീര്‍ക്കാനുള്ള പ്രതിഭയുടെ ഉദ്യമം അങ്ങേയറ്റം ശ്ലാഘീനിയമാണെന്ന് മന്ത്രി പറഞ്ഞു. ബഹ്‌റൈന്‍ പ്രതിഭ പാലം ദി ബ്രിഡ്ജ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രവാസികളായ കേരളീയ വാദ്യ കലാകാരന്‍മാര്‍ തീര്‍ത്ത താളവാദ്യമായ പഞ്ചാരി മേളത്തിലൂടെ സാംസ്‌ക്കരിക വിനിമയത്തിന് തുടക്കമിടുകയും തദ്ദേശവാസികള്‍  അവതരിപ്പിച്ച അറബിക് സംഗീതത്തോടെ പാലം അവസാനിപ്പിക്കുകയും ചെയ്യുമ്പോള്‍ തീര്‍ച്ചയായും സംഘടകരുടെ ലക്ഷ്യം പൂവണിയുകയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

സൂഫി സംഗീതവും നാടന്‍ പാട്ടും കോര്‍ത്തിണക്കിയത് കേള്‍ക്കാന്‍  അഭൂത പൂര്‍വ്വമായി ഒഴുകിയെത്തിയ ജനതതിയെ കാണുമ്പോള്‍ ഏകത്വ അജണ്ടക്കാരായവരോട്  പറയാന്‍ തോന്നുന്നത് നിങ്ങളുടെ അപകടകരമായ രാഷ്ട്രീയം ജര്‍മനിയില്‍ തകര്‍ന്ന പോലെ മറ്റിടത്തും തകര്‍ന്നു പോകും എന്നാണ്. സംസ്‌ക്കാരങ്ങളും മറ്റിതര ഭരണങ്ങളും തകര്‍ക്കാന്‍ നിങ്ങള്‍ നടത്തുന്ന ഗൂഢശ്രമങ്ങളെ ജനം തിരിച്ചറിഞ്ഞ്  തള്ളും അദ്ദേഹം പറഞ്ഞു.

തദ്ദേശ ഭരണ വകുപ്പില്‍ നടമാടുന്ന പ്രവാസികള്‍ അടക്കമുളളവരെ ബുദ്ധിമുട്ടിക്കുന്ന കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ക്ക്  ജനോപകാരപ്രദമായ പുതിയ ഭേദഗതി അടുത്ത്  ചേരുന്ന നിയമസഭ  സമ്മേളനത്തില്‍ കൊണ്ടു വരുമെന്ന് അദ്ദേഹം പറഞ്ഞു. സഭ പാസ്സാക്കിയാലും ജനോപകാരപ്രദമായ ആ  നിയമം പ്രാബല്യത്തില്‍  എത്താന്‍ ഏകത്വ അജണ്ടയുടെ ഒരു ഒപ്പ്  കൂടി ബാക്കിയുണ്ടെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!