ഗോൾ നിറയ്‌ക്കാൻ ബ്രസീൽ ; നെയ്‌മർ ഉൾപ്പെടെ ഒമ്പത്‌ മുന്നേറ്റക്കാർ

Spread the love



Thank you for reading this post, don't forget to subscribe!


ബ്രസീൽ നയം വ്യക്തമാക്കി. ഖത്തറിൽ ഒറ്റലക്ഷ്യം മാത്രം. എതിർവലയിൽ ഗോൾ നിറച്ച്‌ ആറാംകിരീടം. പരിശീലകൻ ടിറ്റെ പ്രഖ്യാപിച്ച 26 അംഗ ടീമിൽ  ഗോളടിക്കാൻ മാത്രം ഒമ്പതുപേരാണുള്ളത്‌. ആക്രമണ ഫുട്‌ബോളാണ്‌ കളിക്കുക എന്ന്‌ ടിറ്റെ വ്യക്തമാക്കുകയും ചെയ്‌തു. നെയ്‌മറിനാണ്‌ ഗോളടിനിരയുടെ ചുമതല. റിച്ചാർലിസൺ, ഗബ്രിയേൽ ജെസ്യൂസ്‌, വിനീഷ്യസ്‌ ജൂനിയർ, റഫീന്യ, ആന്തണി, ഗബ്രിയേൽ മാർടിനെല്ലി, പെഡ്രോ, റോഡ്രിഗോ എന്നിവരും ഒപ്പംചേരും. ഇതിൽ പെഡ്രോ ഒഴിച്ച്‌ ബാക്കിയെല്ലാവരും യൂറോപ്യൻ ലീഗിൽ കരുത്ത്‌ തെളിയിച്ചവർ. മിടുക്കരായ റോബർട്ടോ ഫിർമിനോയ്‌ക്കും ഗബ്രിയേൽ ബാർബോസിനും സ്ഥാനം കിട്ടിയില്ല.

എട്ട്‌ പ്രതിരോധക്കാരും ആറ്‌ മധ്യനിരക്കാരും മൂന്ന്‌ ഗോൾകീപ്പർമാരുമാണ്‌ ബ്രസീൽ നിരയിൽ. പ്രതിരോധത്തിൽ മുപ്പത്തൊമ്പതുകാരൻ ഡാനി ആൽവേസിന്റെ ഉൾപ്പെടുത്തൽ അപ്രതീക്ഷിതമാണ്‌. രണ്ട്‌ മാസമായി ഈ വലതുപ്രതിരോധക്കാരൻ കളിക്കാനിറങ്ങിയിട്ട്‌. കാനറികൾക്കായി ലോകകപ്പിനിറങ്ങുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടവും ആൽവേസിന്റെ പേരിലായി. 1966ൽ മുപ്പത്തേഴുകാരൻ ദാൽമ സാന്റോസാണ്‌ ഇതിനുമുമ്പ്‌ മഞ്ഞപ്പടയ്‌ക്കായി ബൂട്ട്‌ കെട്ടിയ മുതിർന്ന കളിക്കാരൻ. ‘മുഴുവൻ സമയവും കളിപ്പിക്കാൻ കഴിയുന്ന താരമല്ലെങ്കിലും ടീമിന്റെ പദ്ധതിയിൽ വലിയ സ്ഥാനം ആൽവേസിനുണ്ട്‌. പരിചയസമ്പത്തും യുവതാരങ്ങളെ പ്രചോദിപ്പിക്കാനുള്ള മിടുക്കും മുതൽക്കൂട്ടാകും’–-ടിറ്റെ പറഞ്ഞു. എങ്കിലും മുപ്പത്തൊമ്പതുകാരന്റെ ഉൾപ്പെടുത്തൽ ബ്രസീൽ പ്രതിരോധത്തിലെ ദൗർബല്യം തുറന്നുകാട്ടുന്നതാണ്‌. റൈറ്റ്‌ ബാക്കിൽ ആൽവേസിന്‌ പറ്റിയ പിൻഗാമി ഇതുവരെയും ഉണ്ടായിട്ടില്ല. യുവന്റസിന്റെ ഡാനിലോയാണ്‌ ടീമിൽ ഇടംപിടിച്ച രണ്ടാമൻ.

പ്രതിരോധഹൃദയം കാക്കാൻ മുപ്പത്തെട്ടുകാരൻ തിയാഗോ സിൽവയുണ്ട്‌. ഒപ്പം യുവതാരങ്ങളായ ഏദെർ മിലിറ്റാവോയും മാർക്വീന്യോസും. യുവന്റസിന്റെ ബ്രെമെറാണ്‌ മറ്റൊരു സാന്നിധ്യം. മധ്യനിരയിൽ പരിക്കേറ്റ ഫിലിപ്പെ കുടീന്യോ ഇല്ലാത്തത്‌ ക്ഷീണമാകും. കാസെമിറോ, ലൂക്കാസ്‌ പക്വേറ്റ എന്നിവർക്കൊപ്പം പുതുതാരം ബ്രൂണോ ഗിമറസും അണിനിരക്കും. ടിറ്റെയെ സഹായിക്കാൻ മുൻ പിഎസ്‌ജി കോച്ച്‌ റികാർഡോ ഗോമെസിനെ സഹപരിശീലകനായും ബ്രസീൽ നിയമിച്ചു.

ഇരുപത്‌ വർഷത്തിനുശേഷമൊരു കിരീടമാണ്‌ ലക്ഷ്യം.  കഴിഞ്ഞതവണ ക്വാർട്ടറിൽ ബൽജിയത്തോട്‌ വീണു. 1958, 1962, 1970, 1994, 2002 പതിപ്പിലായിരുന്നു മുൻ നേട്ടങ്ങൾ. 24ന്‌ സെർബിയയും 28ന്‌ സ്വിറ്റ്‌സർലൻഡും ഡിസംബർ രണ്ടിന്‌ കാമറൂണുമായുമാണ്‌ ഗ്രൂപ്പ്‌ മത്സരങ്ങൾ.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!