അടിമാലി പഞ്ചായത്ത് ഭൂമി: മുന്‍മന്ത്രിക്ക് നല്‍കാനുള്ള ശുപാര്‍ശയെ ചൊല്ലി ഇടതുമുന്നണിയില്‍ പൊട്ടിത്തെറി
1 min read
സിപിഐ വനിതാ അംഗത്തെ കരുവാക്കി–അന്വേഷണം വേണം
അടിമാലി : മുൻമന്ത്രിക്ക് അടിമാലി പഞ്ചായത്തിന്റെ ഭൂമി വിട്ടുനൽകാൻ പഞ്ചായത്ത് ശുപാർശചെയ്ത സംഭവത്തിൽ ഇടതുമുന്നണിയില്‍ പൊട്ടിത്തെറി. എൽ.ഡി.എഫ്. അംഗങ്ങൾ മാധ്യമങ്ങളെ കണ്ടപ്പോൾ സി.പി.ഐ. അംഗം വിട്ടുനിന്നു. സി.പി.ഐ.യുടെ മൂന്നാംവാർഡംഗം സൗമ്യ അനിലാണ് വിട്ടുനിന്നത്.


ഇടതുമുന്നണി ഭരിക്കുമ്പോൾ മാർച്ച് 15-ന് നടന്ന കമ്മിറ്റിയിലാണ് ഭൂമി വിട്ടുനൽകാൻ ശുപാർശ നൽകിയത്. അന്ന് ഈ വിഷയം അജൻഡയിൽ ഉൾപ്പെടുത്താതെയാണ് കമ്മിറ്റി ചർച്ചചെയ്തതും ശുപാർശ നൽകിയതും. ആ കമ്മിറ്റിയിൽ എൽ.ഡി.എഫിന്റെ പഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യുവും പങ്കെടുത്തിരുന്നു. എന്നാൽ, പഞ്ചായത്ത് യോഗതീരുമാനങ്ങൾ ഓൺലൈനിൽ രജിസ്റ്റർ ചെയ്തപ്പോൾ കമ്മിറ്റിയുടെ അധ്യക്ഷയായി പേര് ചേർത്തിരിക്കുന്നത് സി.പി.ഐ. അംഗം സൗമ്യ അനിലിേന്റതാണ്.


‘ഈ വിവരം അറിയുന്നത് ജൂലായ് 20-ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിലാണ്. ഉടൻ വിയോജനം രേഖപ്പെടുത്തുകയും 21-ന് സെക്രട്ടറിക്ക് പരാതി നൽകുകയുംചെയ്തു. ഞാനറിയാതെ അധ്യക്ഷയായത് സംബന്ധിച്ച് അന്വേഷണം വേണം’-സൗമ്യ അനിൽ പറഞ്ഞു.
പാർട്ടി നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് മറ്റംഗങ്ങൾക്കൊപ്പം മാധ്യമങ്ങളെ കാണാതിരുന്നതെന്ന് സൗമ്യ പറഞ്ഞു. ഇതിനിടെ, പാർട്ടിയുടെ പഞ്ചായത്തംഗം വാർത്താസമ്മേളനത്തിന് പോകേണ്ടതില്ലെന്ന് നിർദേശം നൽകിയിരുന്നതായി സി.പി.ഐ. അടിമാലി മണ്ഡലം സെക്രട്ടറി കെ.എം.ഷാജിയും പറഞ്ഞു.


ശുപാര്‍ശ നല്‍കിയത് നടപടി പൂര്‍ത്തിയാക്കിയാണെന്ന് സി.പി.എം. പ്രതിനിധികള്‍
പഞ്ചായത്തിന്റെ ഭൂമി എൽ.ഡി.എഫ്. ഭരണസമിതി മുൻമന്ത്രിക്ക് പതിച്ചുനൽകുന്നതിന് ഒത്താശചെയ്തെന്ന യു.ഡി.എഫ്. ആരോപണം വാസ്തവമില്ലാത്തതാണെന്ന് ഇടതംഗങ്ങൾ അറിയിച്ചു. കഴിഞ്ഞ യു.ഡി.എഫ്. ഭരണസമിതിയുടെ അവസാനകാലത്താണ് ഭൂമി വിട്ടുനൽകാൻ തീരുമാനിച്ചത്. തുടർന്ന് അധികാരത്തിൽ ഇടതുമുന്നണി തുടർനടപടികൾ പൂർത്തിയാക്കുകയാണ് ചെയ്തത്. ഭൂമി അളന്നു. എല്ലാ ഫയലുകളും കരസ്ഥമാക്കി. 18.5 സെൻറ് ഭൂമി അധികമുണ്ടെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി വിട്ടുകൊടുക്കാൻ പഞ്ചായത്ത് ഡയറക്ടർക്ക് ശുപാർശക്കത്ത് നൽകിയതെന്നും ഇടതംഗങ്ങളായ സി.ഡി.ഷാജി, ഷേർളി മാത്യു, മേരി തോമസ് തുടങ്ങിയവർ അറിയിച്ചു.