നടുവൊടിഞ്ഞു ഇടുക്കിയിലെ ക്ഷീരകർഷകർ; ഇൻസെന്‍റീവ് പദ്ധതിയിൽ പ്രതീക്ഷ

Spread the love

ഉത്പാദന ചെലവിലുണ്ടായ വർധന ക്ഷീരമേഖലയ്ക്കു വരുത്തിയിരിക്കുന്നത് കടുത്ത ആഘാതം. ജില്ലയിൽ നിരവധി ഫാമുകൾ അടച്ചുപൂട്ടി. മികച്ച ക്ഷീരകർഷക അവാർഡ് ലഭിച്ചവർക്കുപോലും പിടിച്ചുനിൽക്കാനായില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ ഉത്പാദന ചെലവിൽ വലിയ വർധനയുണ്ടായി. കാലിത്തീറ്റ, തൊഴിലാളികളുടെ വേതനം, ഇന്ധനവില വർധന എന്നിവയെല്ലാം ക്ഷീരമേഖലയെ ബാധിച്ചു.

പാൽ ഉത്പാദനത്തിലും
ഇടിവ്

പാൽ ഉത്പാദനത്തിൽ മുൻപന്തിയിലായിരുന്ന ജില്ല നിലവിൽ നാലാം സ്ഥാനത്താണ്.

‌സർക്കാരും ക്ഷീരവികസന വകുപ്പും നിരവധി പദ്ധതികൾ ആവിഷ്കരിക്കുന്പോഴും അവയൊന്നും വേണ്ടത്ര പ്രയോജനം ചെയ്യുന്നില്ല. കാലിത്തീറ്റയുടെ വില വർധനയാണ് ഏറ്റവും വലിയ തിരിച്ചടി.
ഒരു വർഷത്തിനിടെ 500 രൂപയോളമാണ് വില കുതിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള കേരള ഫീഡ്സ് മാത്രമാണ് വില കൂട്ടാതിരുന്നത്. കടലപ്പിണ്ണാക്ക്, ചോളത്തവിട്, ഗോതന്പ് തവിട് തുടങ്ങിയവയ്ക്കും വില കൂടി. തൊഴിലാളികളുടെ കൂലി വർധനകൂടിയായതോടെ പലരും പ്രതിസന്ധിയിലായി.

ഇൻസെന്‍റീവിൽ തീരില്ല

മിൽമയുടെ സൊസൈറ്റികളിൽ പാലളക്കുന്ന കർഷകനു നിലവിൽ ഒരു ലിറ്ററിന് 35-40 രൂപ എന്ന നിരക്കിലാണ് വില കിട്ടുന്നത്. നേരത്തെ പൈനാപ്പിൾ കൃഷി ഉപേക്ഷിച്ച തോട്ടങ്ങളിൽനിന്നു യഥേഷ്ടം കന്നാര പോള സംഭരിക്കാനാകുമായിരുന്നെങ്കിൽ ഇത് അതിനും വില നൽകണം. ഒരുകെട്ട് കന്നാരപോളയ്ക്ക് 50 രൂപ വരെയാണ് വില. വൈക്കോലിന് ഒരുകെട്ടിന് 250 രൂപ. കർഷകന്‍റെ നഷ്ടം ഒഴിവാക്കാൻ ഇൻസെന്‍റീവ് മാത്രമാണ് നിലവിലുള്ള പരിഹാരം. ത്രിതല പഞ്ചായത്തുകളുടെ ഫണ്ടിൽ ക്ഷീരമേഖലയ്ക്കായി തുക വകയിരുത്താറുണ്ടെങ്കിലും ഇതു മതിയാകാറില്ല. രണ്ടോ മൂന്നോ മാസത്തേക്ക് നൽകാൻ മാത്രമാണ് ഈ തുക പ്രയോജനപ്പെടുന്നത്.പുതിയ ഇൻസെന്‍റീവ് സ്കീം

പാൽവില കൂട്ടാതെതന്നെ ക്ഷീരകർഷകനെ സഹായിക്കാൻ ക്ഷീരവികസന വകുപ്പ് 28 കോടി രൂപയാണ് ഇത്തവണ അനുവദിച്ചിട്ടുള്ളത്. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടുകൂടി പ്രയോജനപ്പെടുത്തി ഒരു ലിറ്ററിന് നാലു രൂപ വീതം ഇൻസെന്‍റീവ് നൽകാനാണ് തീരുമാനം. ഇതു അടുത്ത മാസം മുതൽ നൽകും. എല്ലാ മാസവും പത്താം തീയതിക്കുള്ളിൽ പണം കർഷകനു ബാങ്ക് അക്കൗണ്ടിൽ ലഭിക്കുന്ന വിധത്തിലാണ് പദ്ധതി. എന്നാൽ, തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് നേരത്തെ തന്നെ ലഭിച്ചിരുന്നതാണ്. ഈ തുകതന്നെ പുതിയ ഇൻസെന്‍റീവ് സ്കീമിൽ ഉൾപ്പെടുത്താനാണ് ശ്രമിക്കുന്നതെങ്കിൽ കർഷകനു കാര്യമായ പ്രയോജനം കിട്ടാതെ വരും. വർഷം മുഴുവൻ ഒരു ലിറ്ററിന് നാലു രൂപയെങ്കിലും ഇൻസെന്‍റീവായി ലഭിച്ചെങ്കിൽ മാത്രമേ നിലവിലെ പ്രതിസന്ധിയിൽ ചെറിയ ആശ്വാസമാകൂ.ക്ഷീരമേഖല പ്രതിസന്ധി:
നിവേദനം നൽകി

ക്ഷീരമേഖല പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടു കേരള സ്റ്റേറ്റ് മിൽക്ക് സൊസൈറ്റീസ് അസോസിയേഷന്‍റെ നേതൃത്വത്തിൽ എറണാകുളം മേഖല യൂണിയൻ ചെയർമാൻ ജോണ്‍ തെരുവത്തിനു നിവേദനം നൽകി. പാൽവില കൂട്ടുക, മിൽമ സംഘങ്ങൾക്ക് പത്തു ശതമാനം മാർജിൻ നൽകുക, ക്ഷീര കർഷകരുടെ മക്കൾക്കു വിവാഹ ധനസഹായവും സ്കോളർഷിപ് പദ്ധതിയും നടപ്പാക്കുക, ഓഡിറ്റിംഗ് ഫീസ് കുറയ്ക്കുക എന്നീ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്. അസോസിയേഷൻ ജില്ലാ പ്രസിഡന്‍റ് പി.ആർ. സലികുമാർ, സെക്രട്ടറി എം.ആർ. അനിൽകുമാർ, എ.ജെ. മാനുവൽ, ട്രഷറർ കെ.പി.ബേബി, തൊടുപുഴ താലൂക്ക് യൂണിയൻ പ്രസിഡന്‍റ് എം.ടി.ജോണി, സജി കൊച്ചുകുടി എന്നിവർ ചേർന്നാണ് നിവദേനം നൽകിയത്.അതിർത്തി കടന്ന് വ്യാജപാൽ

തമിഴ്നാട് അടക്കമുള്ള ഇതര സംസ്ഥാനങ്ങളിൽ‌നിന്നു ഗുണനിലവാരം കുറഞ്ഞതും മായം കലർന്നതുമായ പാൽ സംസ്ഥാനത്തേക്ക് എത്തുന്നതായി നേരത്തെമുതൽ ആക്ഷേപമുണ്ട്. എന്നാൽ, ഇതു തടയാൻ കാര്യക്ഷമമായ നടപടിയില്ല.

ചെക്ക്പോസ്റ്റ് പരിശോധന കർശനമാക്കണം. ഫ്രഷ് പാലെന്ന വ്യാജേന രാസപദാർത്ഥങ്ങൾ ചേർത്തു തയാറാക്കുന്ന കൊഴുപ്പുകൂടിയ പാൽ വിറ്റഴിക്കപ്പെടുന്നുണ്ട്. പല ഹോട്ടലുകളിലും റസ്റ്ററന്‍റുകളിലും ബേക്കറികളിലുമെല്ലാം ഇത്തരം പാലാണ് എത്തുന്നത്. കൊഴുപ്പ് കൂടുതലായതിനാൽ ചായ, ഷെയ്ക്ക്, കട്ടിത്തൈര് എന്നിവയ്ക്കാണ് ഇവ കൂടുതലായും ഉപയോഗിക്കുന്നത്. ഇവ കടുത്ത ആരോഗ്യപ്രശ്നത്തിനു കാരണമാകും.

ഓണക്കാലം അടുത്തു വരുന്നതോടെ വ്യാജ പാലിന്‍റെ നിർമാണവും വിതരണവും കൂടാനാണ് സാധ്യത. അതിനാൽ ചെക്ക്പോസ്റ്റുകളിൽ പരിശോധന ശക്തമാകണം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!