ഉന്നത ഉദ്യോഗസ്ഥന്മാർക് രാജ്യത്തെ നിയമങ്ങൾ ബാധകമല്ലേ..?

Spread the love


അൻഷിഫ് ആവള

മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീരാം വെങ്കിട്ടരാമൻ എന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച സർക്കാർ നയം തികച്ചും അപലപനീയമാണ്. 2019 August 3 ന് രാത്രി സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെഎം ബഷീർ ബൈക്കിൽ സഞ്ചരിക്കുമ്പോയായിരുന്നു മദ്യലഹരിയിലായിരുന്ന ശ്രീരാം വെങ്കിട്ടരാമൻ കാറുമായി അമിതവേഗതയിലെത്തി ബഷീറിനെ ഇടിച്ചുതെറിപ്പിച്ചത്.മാരകമായി പരിക്കേറ്റ ബഷീർ സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. നിയമങ്ങളെല്ലാം കാറ്റിൽപറത്തിയായിരുന്നു ഡ്രൈവിംഗ്.

പൊതുജനങ്ങൾക്ക് മാതൃകയാകേണ്ട ഒരു സിവിൽസർവീസ് ഉദ്യോഗസ്ഥൻ തന്നെയാണ് നിയമങ്ങളെല്ലാം ലംഘിച്ച് വാഹനം ഓടിച്ചു ഒരു വിലപ്പെട്ട ജീവൻ നഷ്ടപ്പെടുത്തിയത് എന്ന കാര്യം തികച്ചും നമ്മുടെ സമൂഹത്തിന് അപമാനകരമാണ്.

പ്രതിയെ ആദ്യം സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നെങ്കിലും കുറച്ചു മാസങ്ങൾക്ക് ശേഷം സംസ്ഥാന സർക്കാരിന്റെ ആരോഗ്യവകുപ്പിൽ ജോയിൻ സെക്രട്ടറിയായി നിയമിതനായത് നാം കണ്ടതാണ്. ഇപ്പോൾ ഒരു ജില്ലയുടെ ഉന്നത സ്ഥാനത്തേക്ക് അദ്ദേഹത്തെ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇതിൽ നിന്ന് സർക്കാർ പൊതുസമൂഹത്തിന് നൽകുന്ന സന്ദേശം എന്താണ്? ഉന്നത ഉദ്യോഗസ്ഥന്മാർക് രാജ്യത്തെ നിയമങ്ങൾ ബാധകമല്ലേ.. അതോ അത് സാധാരണക്കാർക്ക് മാത്രം ബാധകമായതാണോ?ഭരണഘടനയുടെ Article 14 വളരെ പ്രസക്തമാണ് (Equality before the law (Article 14) (This provision states that all citizens will be treated equally before the law) നിയമത്തിന്റെ കണ്ണിൽ എല്ലാവരും തുല്യരാണെന്ന് ഭരണഘടനാ അനുച്ഛേദം നിലനിൽക്കെ സാധാരണ ജനങ്ങൾക്ക് ഒരു നിയമവും ഉദ്യോഗസ്ഥന്മാർക്ക് മറ്റൊരു നിയമവും നടപ്പിലാക്കുന്ന സർക്കാരിന്റെ ഇരട്ടത്താപ്പാണ് ആദ്യം അവസാനിപ്പിക്കേണ്ടത്.

അന്വേഷണം നടത്തി മാധ്യമപ്രവർത്തകന്റെ മരണത്തിന് കാരണക്കാരനായ സിവിൽസർവീസ് ഉദ്യോഗസ്ഥന് അർഹമായ ശിക്ഷ വാങ്ങി കൊടുക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനും ആഭ്യന്തരവകുപ്പിനും ഇല്ലേ? അതിനുപകരം കൊല്ലപ്പെട്ട ബഷീറിന്റെ കുടുംബത്തോട് ഒരു മാപ്പ് പോലും പറയാൻ അഹങ്കാരം അനുവദിക്കാത്ത ഒരു വ്യക്തിയെ ഉന്നതാധികാര കേന്ദ്രങ്ങളിലേക്ക് പ്രമോട്ട് ചെയ്ത് സംസ്ഥാന സർക്കാർ മാതൃകയാവുകയാണ്. തികച്ചും തെറ്റായ സന്ദേശമാണ് ഇത്തരം പ്രവർത്തികളിലൂടെ സർക്കാർ സമൂഹത്തിന് നൽകിക്കൊണ്ടിരിക്കുന്നത്. ഇനിയും ഇത്തരത്തിലുള്ള ഹീനമായ പ്രവർത്തികൾ ആവർത്തിക്കപ്പെടാനേ സർക്കാരിന്റെ ഇത്തരം ഇരട്ട നീതികൾ സഹായകമാവുകയുള്ളൂ എന്നത് ഭരണകൂടം ഗൗരവമായി ആലോചിക്കേണ്ടിയിരിക്കുന്നു.
അൻഷിഫ് ആവള
#JusticeforkmBasheer

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!