കുട്ടികള്‍ക്ക് ആധാര്‍ കാർഡ് ലഭ്യമാക്കാന്‍ ക്യാമ്പ്

Spread the loveഅഞ്ച് വയസ് പൂര്‍ത്തിയാവാത്തതും ജനന സര്‍ട്ടിഫിക്കറ്റ് ഉള്ളതുമായ എല്ലാ കുട്ടികള്‍ക്കും ആധാര്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനായി തൊടുപുഴ നഗരസഭയില്‍ ദ്വിദിന ക്യാമ്പ് ആരംഭിച്ചു.

മുനിസിപ്പല്‍ ഓഫീസിന് താഴെയുള്ള സി.ഡി.എസ് ഹാളിലാണ് ക്യാമ്പ്. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ക്യാമ്പിന്റെ പ്രവര്‍ത്തനം. ഇന്‍ഡ്യന്‍ പോസ്റ്റ് പെയ്മെന്റ്സ് ബാങ്ക്, വനിത ശിശു വികസന വകുപ്പ്, നഗരസഭ എന്നിവ സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ അങ്കണവാടി വര്‍ക്കര്‍മാരാണ് ചെയ്യുന്നത്. സാങ്കേതിക സഹായത്തിനായി ഇന്ത്യന്‍ പോസ്റ്റ് പെയ്മെന്റ്സ് ബാങ്കില്‍ നിന്നുള്ള 10 ജീവനക്കാര്‍ ക്യാമ്പിലുണ്ടാകും.

ആധാര്‍ നമ്പര്‍ മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്യാത്തവര്‍ക്ക് അതിനുള്ള സൗകര്യവും ക്യാമ്പില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലിങ്ക് ചെയ്യുന്നതിന് മാത്രം 50 രൂപ ഫീസ് ഈടാക്കും. കുട്ടികളുടെ ആധാര്‍ എടുക്കുന്നത് പൂര്‍ണമായും സൗജന്യമാണെന്നും അധികൃതര്‍ അറിയിച്ചു.
നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. രണ്ട് ദിവസമായി നടക്കുന്ന ക്യാമ്പില്‍ നഗരസഭയിലെ 35 വാര്‍ഡുകളിലേയും കുട്ടികള്‍ക്ക് ആധാര്‍കാര്‍ഡ് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ചെയര്‍മാന്‍ പറഞ്ഞു.

ചടങ്ങില്‍ വനിത ശിശുവികസന വകുപ്പ് ഓഫീസര്‍ സിസിലിയാമ്മ മാത്യു അദ്ധ്യക്ഷയായി. അങ്കണവാടി വര്‍ക്കര്‍ വി.എന്‍. മായ, ഇന്ത്യന്‍ പോസ്റ്റ് പെയ്മെന്റ്സ് ബാങ്ക് പ്രതിനിധി രേഷ്മ ജോസ്, വനിത ശിശുവികസന വകുപ്പ് സൂപ്പര്‍വൈസര്‍ നൈനി മോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ക്യാമ്പില്‍ എത്തുന്നവര്‍ ശ്രദ്ധിക്കേണ്ടവ: കുട്ടിയുടെ പേരുള്ള ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. (നിര്‍ബന്ധമായും കുട്ടിയുടെ പേര് ജനന സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടായിരിക്കണം) കുട്ടിയുടെ അച്ഛനോ അമ്മയോ ആരെങ്കിലും അവരുടെ ആധാര്‍ കാര്‍ഡുമായികൂടെ ഉണ്ടായിരിക്കണം.
അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പുതിയ ആധാര്‍ എടുക്കുവാന്‍ മാത്രമുള്ള സൗകര്യമാണ് ക്യാമ്പിലുള്ളത്. ആധാര്‍ കാര്‍ഡ് പുതുക്കുവാനുള്ള സൗകര്യം ക്യാമ്പില്‍ ഉണ്ടായിരിക്കുന്നതല്ല. ജനന സര്‍ട്ടിഫിക്കറ്റ് അല്ലാതെ മറ്റ് രേഖകള്‍ ഒന്നും അനുവദനീയമല്ല.

ചിത്രം: തൊടുപുഴ നഗരസഭയില്‍ കുട്ടികള്‍ക്കായി നടത്തുന്ന ആധാര്‍ കാര്‍ഡ് രജിസ്‌ട്രേഷന്‍ ക്യാമ്പില്‍ നിന്ന്

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!