സജീവമാകാൻതന്നെ തീരുമാനം; ‘കൂമൻ’ വിശേഷങ്ങളുമായി തിരക്കഥാകൃത്ത്‌ കെ ആർ കൃഷ്‌ണകുമാർ

Spread the love


Thank you for reading this post, don't forget to subscribe!

അയഞ്ഞ താളത്തിൽ തുടങ്ങി, പതിയെ മുറുകി പ്രേക്ഷകരെ ഉദ്വേഗത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്ന സിനിമയാണ്‌ ജീത്തു ജോസഫ്‌ സംവിധാനംചെയ്‌ത കൂമൻ. കേരള – തമിഴ്‌നാട് അതിർത്തിയിലെ നെടുമ്പാറ എന്ന മലയോരഗ്രാമത്തിൽ നടക്കുന്ന കഥ, പൊലീസും കള്ളനും എന്ന രണ്ട്‌ മാനസികാവസ്ഥകളിലൂടെയാണ്‌ വളരുന്നത്‌. ട്വൽത്‌ മാൻ എന്ന ചിത്രത്തിനുശേഷം കെ ആർ കൃഷ്‌ണകുമാർ തിരക്കഥയെഴുതിയ ചിത്രത്തിന്‌ മികച്ച പ്രതികരണമാണ്‌. തിയറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി തിരക്കഥാകൃത്ത്‌….

കൂമൻ

നല്ല പ്രതികരണങ്ങളാണ്‌ ഓരോ ഷോ കഴിയുമ്പോഴും. ജീത്തു ജോസഫുമായി ആദ്യം ആലോചിച്ചത്‌ ഒരു കോമഡി കഥയായിരുന്നു. അതിനിടയ്‌ക്ക്‌, ഒരിക്കൽ ‘കൂമൻ’ കഥ പറഞ്ഞപ്പോൾ ഇഷ്ടമായി അത്‌ ചെയ്യാൻ തീരുമാനിച്ചു. ചിത്രീകരണംവരെ പ്ലാൻ ചെയ്‌തു. എന്നാൽ, കോവിഡ്‌ വന്നതോടെ നിർത്തി. ഇതിനിടയ്‌ക്ക്‌ യാദൃച്ഛികമായിട്ടാണ്‌ ‘ട്വൽത്‌ മാൻ’ ചെയ്‌തത്‌. അങ്ങനെ നീണ്ടുപോയ പടമാണിത്‌.

കൂമൻ സിനിമയിൽ ജാഫർ ഇടുക്കിയും ആസിഫ്‌ അലിയും

കള്ളനും പൊലീസും

ഗിരിശങ്കർ എന്ന പൊലീസുകാരന്റെ യാത്രകളാണ്‌ ചിത്രത്തിൽ. ആസിഫ്‌ അലി ഈ വേഷം അതിഗംഭീരമായി കൈകാര്യം ചെയ്‌തിട്ടുണ്ട്‌. ഗിരിയുടെ മനസ്സിന്റെ താളവും താളക്കേടുമാണ്‌ കഥയെ മുന്നോട്ടുകൊണ്ടുപോകുന്നത്‌. തിരക്കഥ എഴുതുംമുമ്പ്‌ നിരവധി പൊലീസുകാരുമായും കള്ളന്മാരുമായെല്ലാം സംസാരിച്ചിരുന്നു. തമിഴ്‌നാട്ടിലെ ഒരു ജയിലിൽ പോയി കള്ളന്മാരുമായി ഇടപഴകുകയും അവരെക്കുറിച്ച്‌ പഠിക്കുകയുംചെയ്‌തു. അവരുടെ സംസാരത്തിൽ അറിയാതെ വന്ന ചില ഫിലോസഫികളൊക്കെ സംഭാഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. പ്രശസ്‌ത സൈക്യാട്രിസ്റ്റ്‌ ഡോ. സി ജെ ജോണിനെ പോലുള്ളവരുമായും പലതവണ സംസാരിച്ചിട്ടുണ്ട്‌. എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രമാണ്‌ ജാഫർ ഇടുക്കിയുടേത്‌. ‘മണിയൻ’ എന്ന കള്ളനെ എഴുതിവച്ചതിനേക്കാൾ ഉയരത്തിൽ എത്തിക്കാൻ അദ്ദേഹത്തിന്‌ കഴിഞ്ഞു. മലയാളത്തിന്‌ ഏറെ പ്രതീക്ഷിക്കാവുന്ന നടനാണ്‌ ജാഫർ.

ജീത്തു ജോസഫ്‌

ജീത്തു ജോസഫ്‌ സിനിമയിൽ വരുന്നതിന്‌ മുമ്പുതന്നെ സുഹൃത്തുക്കൾ ആയിരുന്നതിനാൽ വലിയ സ്വാതന്ത്ര്യം കിട്ടിയിരുന്നു. ത്രില്ലർ സിനിമകളുടെ ചേരുവ കൃത്യമായി അറിയാവുന്ന സംവിധായകനാണ്‌ അദ്ദേഹം. ഒരു സബ്‌ജക്ട്‌ കേട്ടാൽ അതിലെ സിനിമയുടെ സാധ്യത തിരിച്ചറിയാനുള്ള അപാരമായ കഴിവ്‌ അദ്ദേഹത്തിനുണ്ട്‌.

ത്രില്ലറും പ്രേക്ഷകരും

കോവിഡ്‌ കാലത്ത്‌ ഒരുപാട്‌ പുതിയ എഴുത്തുകാർ നമുക്ക് ഉണ്ടായിട്ടുണ്ട്‌. അതിൽ കൂടുതലും ത്രില്ലർ നോവലുകളും കഥകളുമാണ്‌ എഴുതിയത്‌. മാത്രമല്ല, നിരവധി ത്രില്ലർ സിനിമകളും ആളുകൾ കണ്ടുകഴിഞ്ഞു. പ്രേക്ഷകരുടെ ആസ്വാദന നിലവാരം മാറിയെന്നതാണ്‌ ശരി. അതുകൊണ്ടുതന്നെ തീർത്തും വ്യത്യസ്‌തമായ കഥകൾ സിനിമ ആയാലേ അവർ സ്വീകരിക്കൂ. ആ വെല്ലുവിളി ഏറ്റെടുത്താണ്‌ കൂമൻ ചെയ്‌തത്‌. ഓരോ അഞ്ച്‌ മിനിറ്റ്‌ കൂടുമ്പോഴും കാണുന്നവർക്ക്‌ എന്തെങ്കിലും ഉദ്വേഗം ജനിപ്പിക്കുന്ന കാര്യങ്ങൾ ഇട്ടുകൊടുക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്‌.

സിനിമ എന്ന സ്വപ്‌നം

ഹരിപ്പാടാണ്‌ സ്വദേശം. കുട്ടിക്കാലത്തേ സിനിമ സ്വപ്‌നമായിരുന്നു. കോളേജ്‌ പഠനകാലത്ത്‌ കഥകളൊക്കെ എഴുതുമായിരുന്നു. ജേർണലിസം  കഴിഞ്ഞശേഷം സിനിമയിലേക്കുള്ള വഴിയെന്നനിലയിൽ പരസ്യരംഗത്ത്‌ 20 വർഷത്തോളം പ്രവർത്തിച്ചു. എഴുതിയേ തീരൂ എന്ന തോന്നൽ വന്നപ്പോഴാണ്‌ ജീത്തു ജോസഫിനോട്‌ കഥകൾ ചർച്ച ചെയ്യുന്നത്‌. അദ്ദേഹവുമായി 20 വർഷത്തെ പരിചയമുണ്ട്‌. എന്റെ മൂന്ന്‌ തിരക്കഥ  അദ്ദേഹം സിനിമയാക്കുന്നുണ്ട്‌. ഒന്നുരണ്ട്‌ പുതിയ സംവിധായകരുമായി ചർച്ചകൾ നടക്കുന്നു. സിനിമയിൽ സജീവമാകാൻ തന്നെയാണ്‌ തീരുമാനം.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!