പാലക്കാട്: ഗ്രാമപഞ്ചായത്ത് അംഗത്തെ മരിച്ച നിലയിൽ കണ്ടെത്തി. പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് അംഗം കല്ലുവഴി താനായിക്കൽ ചെമ്മർകുഴിപറമ്പിൽ സി പി മോനിഷിനെയാണ് (32) വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണു സംഭവം.
സംഭവ സമയത്ത് അമ്മയും അച്ഛനും ഭാര്യയും സഹോദരിയും വീട്ടിലുണ്ടായിരുന്നില്ല. തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന പിതൃസഹോദരൻ വീട്ടിലെത്തി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.
Also Read- ദേശീയ സിനിമാ അവാർഡ് ജേതാവ് ദിനേശ് മേനോന്റെ സംസ്കാരം സംസ്ഥാന ബഹുമതികളോടെ
സാമ്പത്തിക ബാധ്യതയാണ് മരണത്തിന് കാരണമെന്ന് മോനിഷ് എഴുതിവച്ച കത്ത് പൊലീസിന് ലഭിച്ചു. മോനിഷ് പൂക്കോട്ടുകാവിൽ ഇലക്ട്രിക് കടയും നടത്തിയിരുന്നു. പൂക്കോട്ടുകാവ് നോർത്ത് എട്ടാം വാർഡിനെയാണ് സിപിഎം അംഗമായ സി പി മോനിഷ് പ്രതിനിധീകരിച്ചിരുന്നത്.
സിപിഎം ഭരിക്കുന്ന പഞ്ചായത്താണ് പൂക്കോട്ടുകാവ്. ജില്ലയിൽ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ്. 2020 ൽ നടന്ന തെരഞ്ഞെടുപ്പിലാണ് മോനിഷ് പഞ്ചായത്തംഗമായി മികച്ച ഭൂരിപക്ഷത്തിൽ ജയിച്ചത്. അച്ഛൻ: രവീന്ദ്രൻ. അമ്മ: പത്മിനി. ഭാര്യ: ദീപ്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.