മലയോരം കാത്തിരുന്ന പ്രവേശനോത്സവം; ഇടുക്കി മെഡിക്കൽ കോളേജിലേക്ക് ഇന്ന് വിദ്യാർഥികളെത്തും

Spread the love



Thank you for reading this post, don't forget to subscribe!

ചെറുതോണി > നാടിന്റെ പ്രതീക്ഷകൾ പൂവണിഞ്ഞു, ആശങ്കകൾക്കും ആകുലതകൾക്കും വിരമമിട്ട്, ഇടുക്കി മെഡിക്കൽ കോളേജിലേക്ക് ചൊവ്വാഴ്ച 100 വിദ്യാർഥികൾ എത്തുന്നു. ദേശീയ മെഡിക്കൽ കൗൺസിൽ അംഗീകാരത്തോടെ മലയോരം കാത്തിരുന്ന പ്രവേശനോത്സവത്തിന് ചൊവ്വാഴ്ച്ച തിരിതെളിയും. രാവിലെ ഒമ്പതിന് മന്ത്രി റോഷി അഗസ്റ്റിൻ  ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് അധ്യക്ഷനാകും. കലക്ടർ ഷീബ ജോർജ് , ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷനും ആശുപത്രി വികസന സമിതി സർക്കാർ പ്രതിനിധിയുമായ സി വി വർഗീസ്,  ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് വർഗീസ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ഡി  മീന എന്നിവർ പങ്കെടുക്കും.

 

നാടിന്റെ ഉത്സവം

 

മെഡിക്കൽ കോളേജ്  വികസനത്തിൽ പങ്കാളികളായ എല്ലാവരേയും ഉൾപ്പെടുത്തി പ്രവേശനോത്സവം നാടിന്റെ ഉത്സവമാക്കി മാറ്റും. ആവശ്യമായ ഇരിപ്പിടങ്ങളോടുകൂടി ആരോഗ്യകരമായ ക്ലാസ് മുറികളാണ് വിദ്യാർഥികൾക്കായി സജ്ജീകരിക്കുന്നത്. പ്രവേശനത്തെ തുടർന്ന് അധ്യാപകരുടെയും രക്ഷിതാക്കളുടെയും യോഗം നടക്കും. 10ന് ആദ്യ പിടിഎ യോഗം അവസാനിക്കുമ്പോൾ കുട്ടികൾക്കുള്ള ഓറിയന്റേഷൻ ക്ലാസും നടക്കും. 16 മുതൽ കോളേജിൽ റഗുലർ ക്ലാസുകളും ആരംഭിക്കും. 21 ന് ആരോഗ്യ മന്ത്രി വീണ ജോർജ് അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സൗകര്യങ്ങൾ വിലയിരുത്തുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് വർഗീസ് പറഞ്ഞു.

 

ഹോസ്റ്റൽ പ്രവേശനം തുടങ്ങി

 

ആദ്യഘട്ടത്തിൽ പ്രവേശനം ലഭിച്ച 76 പേരിൽ 64 പേർ മെഡിക്കൽ കോളേജിൽ നേരത്തെ തന്നെ എത്തിച്ചേർന്നു. ഇതിൽ 40 പേർ പെൺകുട്ടികളാണ് ഇവരെ പൈനാവ് ഗിരി റാണി ഹോസ്റ്റലിലുംആൺകുട്ടികളെ  പൈനാവ് മെഡിക്കൽ കോളേജ് ഹോസ്റ്റലിലും താമസിപ്പിച്ചു. വിദ്യാർഥികളുടെ സൗകര്യാർഥം ഇരു ഹോസ്റ്റലുകളിലും ഭക്ഷണം  തയാറാക്കി നല്കും. ഹോസ്റ്റലിൽനിന്ന് കോളേജിലെത്താൻ പൈനാവ് പോളിടെക്നിക് കോളജിന്റെ ബസും ഉപയോഗിക്കും. കുട്ടികളോടൊപ്പം വിവിധ ജില്ലകളിൽ നിന്നും പ്രവേശനോത്സവത്തിനായി എത്തിയ രക്ഷകർത്താക്കൾ പുറത്ത് മുറിയെടുത്തു.

 

അധ്യാപകർ റെഡി

 

മെഡിക്കൽ കോളേജിൽ ആവശ്യമായ മുഴുവൻ അധ്യാപകരും നിലവിലുണ്ടെന്ന് പ്രിൻസിപ്പൽ ഡോ. ഡി. മീന പറഞ്ഞു. അനാട്ടമി, ഫി സിയോളജി, ബയോകെമിസ്ട്രി, കമ്യൂണിറ്റി മെഡിസിൻ എന്നീ വിഭാഗങ്ങളിലാണ് ആദ്യ വർഷ ക്ലാസുകൾ. ഓരോ വിഭാഗത്തിലും ഒരു പ്രഫസർ, ഒരു അസോസിയേറ്റ്  പ്രഫസർ, രണ്ടു വീതം അസിസ്റ്റന്റ് പ്രഫസർമാർ എന്നിങ്ങനെയാണ്  വേണ്ടത്. 33 പേരാണ് അധ്യാപകരായി ചുമതലയേറ്റത്. ലാബ്, ലൈബ്രറി തുടങ്ങിയ അനുബന്ധ വിഭാഗങ്ങളിലും ആവശ്യത്തിനു ജീവനക്കാരുണ്ട്. ഡിസംബർ അവസാനത്തോടെ  അഡ്മിഷൻ പൂർത്തിയാക്കാനാവും.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!