യുട്യൂബിലൂടെ മോഷണം പഠിച്ചു; മൂന്നാറില്‍ രണ്ടു പേര് അറസ്റ്റില്‍
1 min read
യൂട്യൂബിലൂടെ മോഷണം പഠിച്ചശേഷം ബൈക്ക് മോഷ്ടിച്ച രണ്ട് യുവാക്കളെ മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാർ ഇക്കാനഗർ മഹാത്മാഗാന്ധി കോളനിയിൽ താമസിക്കുന്ന ആർ. വിനു (19), ലക്ഷ്മി പാർവതി ഡിവിഷനിൽ താമസിക്കുന്ന രാമമൂർത്തി (19) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മൂന്നാർ വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഓഫീസിന്റെ മുറ്റത്തുനിന്നു കഴിഞ്ഞ 18നാണ് ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ഹോണ്ട ഹോസ്റ്റൽ ബൈക്ക് മോഷണം പോയത്. സൊസൈറ്റി ജീവനക്കാരൻ അനൂപിന്േറതാണ് ബൈക്ക്. കഴിഞ്ഞദിവസം വാഹന മോഷണവുമായി ബന്ധപ്പെട്ട മൂന്നാർ പോലീസ് തേനി പോലീസിനെ സമീപിച്ചിരുന്നു. ഇവരിൽനിന്ന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്.

യൂട്യൂബ് മുഖേന മോഷണം നടത്തുന്നത് പഠിച്ചശേഷം രാത്രിയിൽ കറങ്ങിനടന്നു വാഹനങ്ങൾ മോഷ്ടിക്കുകയാണ് യുവാക്കൾ ചെയ്യുന്നതെന്ന് സിഐ മനീഷ് കെ. പൗലോസ്, എസ്ഐ ഷാഹുൽഹമീദ് എന്നിവർ പറഞ്ഞു. ആഡംബരത്തിനായി വാഹനങ്ങൾ വിറ്റുകിട്ടുന്ന പണം ഉപയോഗിക്കുകയാണ് യുവാക്കളുടെ രീതി.

മൂന്നാറിൽ കഴിഞ്ഞ കുറച്ചു വർഷം മുന്‍പ് നടന്ന മോഷണ കേസുകളിൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. ഒരു മാസത്തിനിടെ മൂന്നാറിൽ നടന്ന രണ്ട് വലിയ മോഷണക്കേസുകളിലെ പ്രതികളെയാണ് മൂന്നാർ പോലീസ് പിടികൂടിയത്. എസ്ഐമാരായ നിസാം, ചന്ദ്രൻ വിൻസന്റ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.