‘എല്ലാം പറഞ്ഞു തീർത്തു; കോൺഗ്രസിനെ വിശ്വാസം’; മുസ്ലീം ലീഗ് സുധാകരൻ്റെ RSS പ്രസ്താവനാ വിവാദത്തിൽ ചർച്ച അവസാനിപ്പിച്ചു

Spread the love


Thank you for reading this post, don't forget to subscribe!
മലപ്പുറം: കെ. സുധാകരൻ്റെ ആർഎസ്എസ് പ്രസ്താവനകളെ തുടർന്ന് ഉണ്ടായ പ്രതിഷേധങ്ങൾ അവസാനിച്ചതായി മുസ്ലിം ലീഗ്. പ്രസ്താവനകളെ കുറിച്ച് കെ സി വേണുഗോപാൽ, വി ഡി സതീശൻ എന്നിവരോട് സംസാരിച്ചു. കെ. സുധാകരൻ നേരിട്ട് വിളിച്ച് കാര്യങ്ങളെല്ലാം സംസാരിക്കുകയും ചെയ്തു. കോൺഗ്രസ് നേതൃത്വത്തെ വിശ്വാസത്തിൽ എടുക്കുകയാണ്. അതുകൊണ്ട് തന്നെ ഇനി അത്തരം പ്രസ്താവനകൾ ഉണ്ടാകില്ലെന്ന് ലീഗ് വിശ്വസിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ എല്ലാം അവസാനിപ്പിക്കുന്നതായി യോഗ ശേഷം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി എം എ സലാം വിശദീകരിച്ചു.

“ഇക്കാര്യത്തിൽ കോൺഗ്രസ് നൽകിയ ഉറപ്പ് വിശ്വസിക്കുകയാണ്. കേന്ദ്ര സംസ്ഥാന നേതൃത്വങ്ങൾ ലീഗ് നേതാക്കളുമായി സംസാരിച്ചു. ലീഗിൻ്റെ വികാരം ഞങ്ങൾ പങ്ക് വെച്ചു, കോൺഗ്രസ് അത് അംഗീകരിച്ചു. ഞങ്ങളുടെ കാര്യങ്ങൾ അവർക്ക് മനസ്സിലായിട്ടുണ്ട്. കോൺഗ്രസ് നൽകിയ മറുപടി സ്വീകാര്യം ആണ്”.
യുഡിഎഫിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്യുമോ എന്ന ചോദ്യത്തിന് പ്രതികരണം ഇങ്ങനെ ആയിരുന്നു.” യുഡിഎഫ് യോഗം ചേരുമ്പോൾ സ്വാഭാവികമായും എല്ലാ സംഭവ വികാസങ്ങളും ചർച്ച ചെയ്യും. അക്കൂട്ടത്തിൽ ഇതും ഉണ്ടാകും”.

കെ. സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണം എന്ന് മുസ്ലിം ലീഗ് ആരോടും പറഞ്ഞിട്ടില്ല. കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ലീഗ് ഇടപെടേണ്ടതില്ല എന്നതാണ് നിലപാടെന്നും പി എം എ സലാം പറഞ്ഞു.

അതേസമയം ഗവർണർക്ക് എതിരായ ഓർഡിനൻസിൽ കോൺഗ്രസ് പങ്ക് വെക്കുന്നത് അവരുടെ മാത്രം അഭിപ്രായം ആണെന്നും സലാം വ്യക്തമാക്കി. ” യുഡിഎഫിൻ്റെ അഭിപ്രായം യുഡിഎഫ് യോഗം ചേർന്നതിന് ശേഷം നിശ്ചയിക്കും. ഓർഡിനൻസ് വിഷയത്തിൽ ലീഗ് ഇതുവരെ തീരുമാനം എടുത്തിട്ടില്ല. കോൺഗ്രസ്സിനും ലീഗിനും രണ്ട് അഭിപ്രായങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികം ആണ്. അതുകൊണ്ടാണ് രണ്ടും രണ്ട് പാർട്ടികൾ ആയി നിൽക്കുന്നത്. എന്നാല് യുഡിഎഫ് യോഗം ചേർന്ന് ഐക്യകണ്ഠേന ഇക്കാര്യത്തിൽ തീരുമാനം എടുക്കും. അതുവരെ കൂടുതൽ ഒന്നും പറയാൻ ഇല്ല. “

മെമ്പർഷിപ്പ് കാമ്പയിൻ, പാഠ്യപദ്ധതി പരിഷ്കരണം എന്നീ വിഷയങ്ങൾ ആയിരുന്നു യോഗത്തിൻ്റെ മറ്റ് പ്രധാന അജണ്ടകൾ. തീരദേശ ഹൈവേ നിർമാണത്തിന് ഭൂമി ഏറ്റെടുക്കുമ്പോൾ ദേശീയ പാതയ്ക്ക് ഭൂമി ഏറ്റെടുത്തപ്പോൾ കൊടുത്ത അത്ര തുക നൽകുന്നില്ല. ആളുകളുടെ കിടപ്പാടം നഷ്ടപ്പെടുത്തുന്ന തരത്തിൽ ഉള്ള പ്രവർത്തനങ്ങൾ അംഗീകരിക്കുന്നില്ലെന്നും സലാം പറഞ്ഞു.
വിലക്കയറ്റത്തിന് എതിരെ ഈ മാസം 21 ന് മുസ്ലിം ലീഗ് പ്രതിഷേധം സംഘടിപ്പിക്കും . പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കുമാകും പ്രതിഷേധം സംഘടിപ്പിക്കുകയെന്നും സലാം പറഞ്ഞു.

മലപ്പുറം മുസ്ലിം ലീഗ് ആസ്ഥാനത്ത് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ  ചേർന്ന യോഗത്തിൽ പി. കെ കുഞ്ഞാലിക്കുട്ടി, ഇ. ടി. മുഹമ്മദ് ബഷീർ, പി എം എ സലാം,  എം. കെ മുനീർ, കെ. പി. എ. മജീദ്, പി വി അബ്ദുൽ വഹാബ്, അബ്ദുസമദ് സമദാനി, ആബിദ് ഹുസൈൻ തങ്ങൾ, കെ.എം. ഷാജി തുടങ്ങി ജില്ലാ ഭാരവാഹികളും യുവജന സംഘടനാ ഭാരവാഹികളും പങ്കെടുത്തു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box
error: Content is protected !!