ഗ്രാമീണ തൊഴിലുറപ്പു പദ്ധതി അട്ടിമറിച്ചു; നൂറു തൊഴിൽദിനം വെട്ടിക്കുറച്ചു
1 min read
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഒരു പഞ്ചായത്തിൽ ഒരേസമയം 20 സൈറ്റുകളിൽ മാത്രം ജോലിയെന്ന കേന്ദ്ര സർക്കാർ നിബന്ധന നിലവിൽവന്നു.
ഓഗസ്റ്റ് ഒന്നു മുതൽ പദ്ധതി നടപ്പാക്കണമെന്നായിരുന്നു സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകിയിരുന്ന നിർദേശം.
ഇതനുസരിച്ച് എല്ലാ പഞ്ചായത്തുകളിലും സൈറ്റുകൾ ക്രമീകരിച്ചു. ഇതോടെ ഗ്രാമീണ മേഖലയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് 100 ദിവസം തൊഴിലുറപ്പ് നൽകിയിരുന്ന അവസ്ഥ ഇല്ലാതാകും.
വർഷം തോറും 100 തൊഴിൽ ദിനം ഉറപ്പാക്കാൻ ഉത്പാദന, ആസ്തി വികസന പദ്ധതികൾ ഏറ്റെടുക്കാൻ സംസ്ഥാനത്തിന് ഉണ്ടായിരുന്ന അധികാരവും ഇതോടെ ഇല്ലാതായി. ദാരിദ്യ്ര നിർമാർജനത്തിന് കൊണ്ടുവന്ന പദ്ധതിയുടെ ലക്ഷ്യംതന്നെ ഇതോടെ ഇല്ലാതായി.ഓരോ പഞ്ചായത്തുകളിലും നഗരസഭകളിലും 13 മുതൽ 25 വരെ വാർഡുകളോ ഡിവിഷനുകളോ ഉണ്ട്.
ഇതിൽ ഓരോന്നിലും രണ്ടു മുതൽ 10 വരെ പ്രവർത്തികൾക്ക് ഇതുവരെ ഒരേസമയം അംഗീകാരം ഉണ്ടായിരുന്നു.
ഓരോ തൊഴിലാളിക്കും 100 തൊഴിൽ ദിനം കിട്ടുംവിധമായിരുന്നു ക്രമീകരണം.
കൂടുതൽ വാർഡുകളോ ഡിവിഷനുകളോ ഉള്ള പഞ്ചായത്തിലും നഗരസഭയിലും നിലവിൽ ഉണ്ടായിരുന്ന പ്രവൃത്തികളുടെ നാലിൽ ഒന്നുപോലും ഏറ്റെടുക്കാൻ കഴിയാത്ത സ്ഥിതിയാണ് പുതിയ ഉത്തരവുമൂലം ഉണ്ടായിരിക്കുന്നത്.
സംസ്ഥാനത്ത് 19 ലക്ഷത്തോളം തൊഴിലുറപ്പ് തൊഴിലാളികളുണ്ട്.