ഇടുക്കിയിൽ തൊഴിലാളി യുവതി ആംബുലൻസിനുള്ളിൽ പ്രസവിച്ചു
1 min read
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളി യുവതിക്ക് കനിവ് 108 ആംബുലൻസിനുള്ളിൽ പ്രസവം

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളി യുവതിക്ക് കനിവ് – 108 ആംബുലൻസിനുള്ളിൽ പ്രസവം. അസം സ്വദേശിനിയും വണ്ടിപ്പെരിയാർ വള്ളക്കടവിൽ താമസക്കാരിയുമായ ചാർമിള ബീഗം (20) ആണ് ആംബുലൻസിൽ പെണ്‍കുഞ്ഞിന് ജ·ം നൽകിയത്.

പുലർച്ചെ രണ്ടരയോടെയാണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ചാർമിളയെ ബന്ധുക്കൾ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. ഡോക്ടറുടെ നിർദേശാനുസരണം വിദഗ്ധ പരിചരണത്തിനായി 108 ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്പോഴാണ് പ്രസവം നടന്നത്.

പെരുവന്താനം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആശുപത്രിയിലെ കനിവ് – 108 ആംബുലൻസ് പൈലറ്റ് പി.വി. വിനോദ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ രമ്യ ശശി എന്നിവരാണ് ചാർമിളയുമായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയത്. ആംബുലൻസ് മുണ്ടക്കയം ഭാഗത്ത് എത്തിയപ്പോൾ ചാർമിളയുടെ ആരോഗ്യനില കൂടുതൽ വഷളാവുകയും തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ രമ്യ ശശി നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നു മനസിലാക്കി ആംബുലൻസിൽ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കി.
രമ്യ ശശിയുടെ പരിചരണത്തിൽ ചാർമിള കുഞ്ഞിന് ജ·ം നൽകി.
തുടർന്ന് രമ്യ അമ്മയ്ക്കും കുഞ്ഞിനും വേണ്ട പ്രഥമശുശ്രൂഷ നൽകി.
ഇരുവരെയും ഉടൻ ആംബുലൻസ് പൈലറ്റ് വിനോദ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.