ജീപ്പ് പുഴയിൽ പതിച്ചു: യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു
1 min read
ജീപ്പിലുണ്ടായിരുന്ന മണിയാറൻകുടി പുതിയകുന്നേൽ ബിജു (45), ഭൂമിയാംകുളം ലിസി ഭവൻ നൗഷാദ് (36)എന്നിവരാണ് രക്ഷപ്പെട്ടത്.
തൊമ്മൻകുത്തിനു സമീപം കനത്ത മഴയിൽ മുങ്ങിയ മണ്ണൂക്കാട് ചപ്പാത്തിൽനിന്ന് ജീപ്പ് പുഴയിലേക്കു പതിച്ചു. വാഹനത്തിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം.
ജീപ്പിലുണ്ടായിരുന്ന മണിയാറൻകുടി പുതിയകുന്നേൽ ബിജു (45), ഭൂമിയാംകുളം ലിസി ഭവൻ നൗഷാദ് (36)എന്നിവരാണ് രക്ഷപ്പെട്ടത്.

വാഹനം പുഴയിലേക്ക് പതിച്ചതോടെ ഒരാൾ നീന്തി രക്ഷപ്പെട്ടു. ജീപ്പിനു മുകളിൽ കയറിനിന്നയാളെ ഓടിയെത്തിയ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. പുഴയിലേക്ക് പതിച്ച ജീപ്പ് പിന്നീട് പൂർണമായും വെള്ളത്തിൽ മുങ്ങിപ്പോയി.
തടിയന്പാടുനിന്ന് ആടുകളെയുമായി വന്ന വാഹനം തിരികെ പോകുന്നതിനിടെയാണ് പുഴയിൽ പതിച്ചത്. വിവരമറിഞ്ഞ് കരിമണ്ണൂർ പോലീസും തൊടുപുഴയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി.
രണ്ടാൾ താഴ്ചയിൽ മുങ്ങിയ വാഹനം ക്രെയിൻ ഉപയോഗിച്ച് പുഴയിൽ നിന്ന് ഉയർത്തുന്നതിനുള്ള ശ്രമങ്ങൾ രാത്രി വൈകിയാണ് പൂർത്തിയായത്.
പോലീസ്, ഫയർഫോഴ്സ്, റെസ്ക്യൂ & റിലീഫ് ടീം , പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്.

ഉടുന്പന്നൂർ- കരിമണ്ണൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് മണ്ണൂക്കാട് ചപ്പാത്ത്. മഴക്കാലത്ത് ചപ്പാത്ത് വെള്ളത്തിൽ മുങ്ങുന്നതിനാൽ സാഹസികമായാണ് വാഹനങ്ങൾ അക്കരെയിക്കരെ കടക്കുന്നത്.