ചീയപ്പാറയില്‍ കരിക്ക് വിറ്റവര്‍ക്കെതിരെ വനത്തില്‍ അതിക്രമിച്ചു കയറിയതിനു കേസ്; മൂന്നു പേര്‍ റിമാന്‍ഡില്‍

Spread the love

ചീയപ്പാറയില്‍ കരിക്ക് വിറ്റവര്‍ക്കെതിരെ വനത്തില്‍ അതിക്രമിച്ചു കയറിയതിനു കേസ്; മൂന്നു പേര്‍ റിമാന്‍ഡില്‍

കൊച്ചി ധനുഷ്‌കോടി ദേശീയപാതയിലെ നേര്യമംഗലം വനത്തില്‍ ചീയപ്പാറ വെള്ളച്ചാട്ടത്തിനു സമീപം റോഡരുകില്‍ വാഹനത്തില്‍ വച്ച് കരിക്ക് വിറ്റു വന്നിരുന്ന മൂന്നു യുവാക്കളെ വനപാലകര്‍ അറസ്റ്റ് ചെയ്തു. വനത്തില്‍ അതിക്രമിച്ചു കയറിയെന്ന കുറ്റം ആരോപിച്ചാണ് അടിമാലി പത്താം മൈല്‍ സ്വദേശികളായ മൂന്നു യുവാക്കളെ നേര്യമംഗലം റേഞ്ചോഫീസറുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഇവര്‍ കരിക്ക് വില്‍ക്കുവാന്‍ ഉപയോഗിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തതായാണ് വിവരം.

സംഭവത്തില്‍ അടിമാലി പത്താംമൈല്‍ സ്വദേശികളായ വര്‍ഗീസ് സി.ജെ, മീരാന്‍കുഞ്ഞ്, മുഹമ്മദ് ഷാ എന്നിവരെ ഇന്നു രാവിലെ കോടതി റിമാന്‍ഡ് ചെയ്തു. നേര്യമംഗലം സംരക്ഷിത വനമേഖലയില്‍ അനധികൃതമായി പ്രവേശിച്ചു കച്ചവടം നടത്തിയതിന് വനം-വന്യജീവി നിയമത്തിലെ വിവിധ വകുപ്പുകള്‍ ഉപയോഗിച്ച് കേസെടുത്തതെന്ന് റേഞ്ച് ഓഫീസര്‍ പറഞ്ഞു. വന മേഖലയുടെ ഭാഗമായ ചീയപ്പാറയില്‍ അടക്കം നടക്കുന്ന മുഴുവന്‍ വഴിയോര കച്ചവടങ്ങള്‍ക്കെതിരെയും ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും അനധികൃത കച്ചവടങ്ങള്‍ അടിയന്തിരമായി ഒഴിപ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍ ചാനല്‍ ടുഡേയോട് പറഞ്ഞു.

ഇതിനിടെ നേര്യമംഗലം വന മേഖലയിലൂടെ കടന്നു വരുന്ന ദേശീയപാതയിലെ വനം വകുപ്പിന്റെ അമിത അവകാശത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് വന മേഖലയില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതിനടക്കം വനം വകുപ്പ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് വന വകുപ്പ് ദേശീയപാതയില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. ഇതിനെതിരെ ജനകീയ കൂട്ടായ്മയുടേയും പ്രതിപക്ഷ സംഘടനകളുടേയും പ്രതിഷേധം ശക്തമായതോടെ തുടര്‍ നടപടികളില്‍ നിന്നും വനം വകുപ്പ് തല്‍ക്കാലം പിന്‍മാറിയിരുന്നു.

എന്നാല്‍ വനപാതയിലെ വെള്ളച്ചാട്ടത്തിനു സമീപമുളള കച്ചവടക്കാര്‍ക്കെതിരെയടക്കം പുതിയ നടപടികള്‍ വന്നതോടെ പ്രദേശവാസികള്‍ ആശങ്കയിലായി. വന മേഖലയോട് ചേര്‍ന്ന കിടക്കുന്ന പ്രദേശങ്ങള്‍ ബഫര്‍ സോണ്‍ പരിധിയിലാക്കാന്‍ വനം-പരിസ്ഥിതി വകുപ്പുകള്‍ നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് പുതിയ കേസുകളെന്നാണ് നാട്ടുകാരുടേയും അറസ്റ്റിലായവരുടെ ബന്ധുക്കളുടേയും വാദം. എന്നാല്‍ വനത്തില്‍ അതിക്രമിച്ചു കയറിയതിനു പുറമെ അറസ്‌ററിലായവര്‍ വന മേഖലയില്‍ മാലിന്യം നിക്ഷേപിക്കുകയും ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയെന്നും വനപാലകര്‍ പറഞ്ഞു. എന്നാല്‍ ഞായറാഴ്ച വൈകിട്ടുണ്ടായ സംഭവത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണി വരെ പോലിസില്‍ വനപാലകരുടെ പരാതി ലഭിച്ചിട്ടില്ല.

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: