ആശാ ശരത്തും മകൾ ഉത്തര ശരത്തും ഒരുമിച്ച് അഭിനയിക്കുന്ന സിനിമ ആണ് ഖെദ. അമ്മ മകൾ ബന്ധത്തിന്റെ കഥ പറയുന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. മനോജ് കാനയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെവി അബ്ദുൾ നാസർ നിർമ്മിച്ച സിനിമ ആണിത്.
സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ആശാ ശരത്തും മകൾ ഉത്തര ശരത്തും. മകളോടൊപ്പം അഭിനയിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ഏറെ പ്രതീക്ഷയുള്ള സിനിമ ആണിതെന്നും ആശ ശരത്ത് വ്യക്തമാക്കി.
ആശ ശരത്ത് കരിയറിലും കുടുംബ ജീവിതത്തിലും കൊടുക്കുന്ന ശ്രദ്ധയെ പറ്റി മകൾ ഉത്തര ശരത് സംസാരിച്ചു. ഒരുപാട് കാര്യങ്ങൾ ഒരുമിച്ച് ചെയ്യുന്ന വ്യക്തിയാണ് അമ്മയെന്നും അതിനെ അഭിനന്ദിക്കുന്നെന്നും ഉത്തര ശരത് പറഞ്ഞു. ജിഞ്ചർ മീഡിയയോടാണ് പ്രതികരണം. അമ്മ മൾട്ടി ടാസ്ക് ചെയ്യുന്ന ആളാണ്. ഡാൻസും അഭിനയവും ബിസിനസും എല്ലാമായി.
അതിന്റെ കൂടെ ഞങ്ങളെ ചീത്ത പറയാനും സമയം കണ്ടെത്തും. ഈ സിനിമയുടെ സെറ്റിൽ തന്നെ പ്രിപ്പെയ്ർ ചെയ്ത ശേഷം അമ്മ വേറെ കുറേ കാര്യങ്ങളും നോക്കും. വേറെ സ്ക്രിപ്റ്റുകൾ കേൾക്കും. അത് കഴിഞ്ഞ് ബിസിനസ് എന്തായെന്നും. അക്കാര്യത്തിൽ അമ്മയോട് ബഹുമാനമുണ്ടെന്ന് ഉത്തര ശരത് പറഞ്ഞു.
ഇതേക്കുറിച്ച് ആശ ശരത്തും സംസാരിച്ചു. ‘സ്ത്രീകൾക്കുള്ള കഴിവാണ് അതെന്ന് തോന്നുന്നു. എന്തോരം മൾട്ടി ടാസ്കുകളാണ് ചെയ്യുന്നത്. അതുപോലെ ഒരു അമ്മയാണ് ഞാനും. വീട്ടിൽ എനിക്ക് സഹായിക്കുന്ന ഒരാൾ ഉണ്ട്. എന്ത് കൂട്ടാൻ ഉണ്ടാക്കണം എന്ന് ഞാൻ ഇവിടെ നിന്ന് വിളിച്ച് പറയും. എല്ലാം കാര്യങ്ങളും നടത്താനുള്ള ശ്രമം എന്റെ ഭാഗത്ത് നിന്നുണ്ടാവും’
നമ്മുടെ പ്രൊഫഷൻ കൊണ്ടോ താൽപര്യം കൊണ്ടോ ആരെയും ബുദ്ധിമുട്ടിക്കരുതല്ലോ. ഇവർക്കും ഒരു ബുദ്ധിമുട്ടുണ്ടാവരുത്. എന്റെ സ്വപ്നങ്ങളും നടത്തണം. എല്ലാം കൈകാര്യം ചെയ്യാൻ പറ്റുന്നത് വരെ ചെയ്യാം. ഒരു വർഷത്തിൽ രണ്ട് മൂന്ന് സിനിമകളേ ചെയ്യാറുള്ളൂ. കൂടുതലും കുടുംബത്തോടൊപ്പമാണ്. കൊവിഡ് സമയത്തിന് മുമ്പ് കമ്മിറ്റ് ചെയ്ത സിനിമകൾ എല്ലാം ഒരുമിച്ച് വരികയായിരുന്നെന്നും ആശ ശരത് പറഞ്ഞു.
അടുത്തിടെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുട്ടികൾക്കായി പ്രാണ ഇൻസൈറ്റ് എന്ന മൊബൈൽ ആപ്പും ആശ ശരത് പുറത്തിറക്കിയിരുന്നു. കുങ്കുമപ്പൂവ് എന്ന സീരിയലിൽ ആണ് അവസാനമായി ആശ ശരത് ടെലിവിഷനിൽ അഭിനയിച്ചത്. പിന്നീട് സിനിമകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
ടെലിവിഷൻ പ്രേക്ഷകർക്ക് ജയന്തി എന്ന ഈ സീരിയൽ കഥപാത്രത്തിലൂടെ ആണ് ആശ ശരത്തിനെ സുപരിചിത ആവുന്നത്. ഇപ്പോഴും കുങ്കുമപ്പൂവ് സീരിയലിന്റെ പേരിൽ തന്നെ ഓർക്കുന്നവരുണ്ടെന്ന് ആശ ശരത് മുമ്പൊരിക്കൽ പറഞ്ഞിരുന്നു.