വിനീതിന്റെ ഒരു കള്ളത്തരവും ഇതുവരെ വീട്ടില്‍ പിടിക്കപ്പെട്ടിട്ടില്ലെന്നാണ് ധ്യാന്‍ പറയുന്നത്. അതിന് കാരണം വിനീത് അങ്ങനെ കള്ളത്തരങ്ങളൊന്നും കാണിക്കില്ലെന്നും അദ്ദേഹത്തിന് സുഹൃത്തുക്കളൊന്നുമില്ലെന്നുമാണ് ധ്യാന്‍ പറയുന്നത്. സ്‌കൈലാര്‍ക്ക് പിക്ചേഴ്സ് എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
‘വിനീതേട്ടന്റെ ഒരു കള്ളവും വീട്ടില്‍ പൊക്കിയിട്ടില്ല. പുള്ളി സത്യം മാത്രമേ പറയുകയുള്ളൂ. ഫ്രണ്ട്സൊന്നും പുള്ളിയെ അടുപ്പിക്കത്തുപോലുമില്ല. കള്ളുകുടിയില്ല, സിഗരറ്റ് വലിയില്ല, ഇങ്ങനെയുള്ള ഒരാളെ ആരെങ്കിലും പിടിച്ച് കൂടെ നിര്‍ത്തുവോ. അങ്ങനെയുള്ള ആളുകള്‍ക്ക് സുഹൃത്തുക്കളുണ്ടാകുമോ. കുറെ അസിസ്റ്റന്റ്സും അസോസിയേറ്റ്സും കൊളീഗ്സും ഉണ്ട്, ഫ്രണ്ട്സൊന്നുമില്ല, പാവമാ. ആദ്യം എന്നെയായിരുന്നു കാര്യം. കല്യാണം കഴിച്ചതോടെ ഞാന്‍ ഔട്ടായി,’ എന്നാണ് ചേട്ടനെക്കുറിച്ച് ധ്യാന്‍ പറയുന്നത്.
ധ്യാനിന്റെ അഭിമുഖങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം വിനീതും അഭിപ്രായപ്പെട്ടിരുന്നു. ധ്യാന്റെ ഇന്റര്‍വ്യു കണ്ടിട്ട് അച്ഛന്‍ ഒരുപാട് ചിരിച്ചുവെന്നാണ് വിനീത് പറഞ്ഞത്. ആശുപത്രിയിലായ സമയത്ത് അച്ഛന്‍ ധ്യാനിന്റെ ഇന്റര്‍വ്യൂ കണ്ടിട്ട് മുഴുവന്‍ ചിരിയായിരുന്നു. അവന് പിന്നെ എല്ലാത്തിനും ലൈസന്‍സുണ്ടല്ലോ. അത് അവന് പണ്ട് മുതലേ ഉള്ളതാ. അവന്‍ കഥ പറയാന്‍ മിടുക്കനാണെന്നാണ് ധ്യാനെക്കുറിച്ച് വിനീത് പറയുന്നത്.
ധ്യാന്‍ സംവിധാനം ചെയ്ത ചിത്രമായ ലവ് ആക്ഷന്‍ ഡ്രാമയെക്കുറിച്ചും വിനീത് സംസാരിക്കുന്നുണ്ട്. ലവ് ആക്ഷന്‍ ഡ്രാമയുടെ കഥ പറഞ്ഞപ്പോള്‍ ഞാന്‍ ഒരുപാട് ചിരിച്ചു. അത്‌പോലെ മറ്റൊരു സ്‌ക്രിപ്റ്റ് വായിച്ചിട്ട് ഞാന്‍ അത്രയധികം ചിരിച്ചിട്ടില്ല. പക്ഷെ അവസാനം ഷൂട്ട് ചെയ്തതും സിനിമയില്‍ വന്നതും അതൊന്നുമല്ലെന്നാണ് വിനീത് പറഞ്ഞത്. ധ്യാനോട് ഒന്നും സംസാരിക്കാന്‍ പറ്റില്ലെന്നും അങ്ങോട്ട് എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ പറഞ്ഞ് നമ്മളെ തന്നെ തിരുത്തിക്കളയുമെന്നും വിനീത് തമാശരൂപേണ പറഞ്ഞിരുന്നു.
അതേസമയം, വീക്രമാണ് ഉടന്‍ റിലീസിന് എത്തുന്ന ധ്യാനിന്റെ ചിത്രം. സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ഡിസംബര്‍ 9ന് തിയേറ്ററുകളില്‍ എത്തും. കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സാഗര്‍ ഹരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ ജയിലര്‍, നദികളില്‍ സുന്ദരി യമുന എന്നിവയും ധ്യാന്റേതായി അണിയറയിലുണ്ട്.