ചീയപ്പാറയില്‍ കരിക്ക് വിറ്റവര്‍ക്ക് ജാമ്യം;വനപാലകരുടേത് കള്ളക്കേസെന്ന് കുറ്റാരോപിതർ

Spread the love

ചീയപ്പാറയില്‍ കരിക്ക് വിറ്റതിന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്ത മൂന്നു കുറ്റാരോപിതർക്കും കോടതി ജാമ്യം അനുവദിച്ചു. വനത്തില്‍ അതിക്രമിച്ചു കയറുകയും മാലിന്യം നിക്ഷേപിക്കുകയും ചെയ്തുവെന്ന കേസിലാണ് മൂന്നു പേര്‍ക്കും അടിമാലി ഒന്നാം മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയത്.

പ്രതികൾക്ക് വേണ്ടി അടിമാലിയിലെ മുതിർന്ന അഭിഭാഷകൻ മാർട്ടിൻദാസ് വട്ടക്കുഴി ഹാജരായി.

കൊച്ചി ധനുഷ്‌കോടി ദേശീയപാതയിലെ നേര്യമംഗലം വനത്തില്‍ ചീയപ്പാറ വെള്ളച്ചാട്ടത്തിനു സമീപം റോഡരുകില്‍ വാഹനത്തില്‍ വച്ച് കരിക്ക് വിറ്റു വന്നിരുന്ന അടിമാലി പത്താം മൈല്‍ സ്വദേശികളായ രണ്ടു യുവാക്കളെയും ഇവരുടെ സഹായിയായ ഉത്തർപ്രദേശ് സ്വദേശിയേയും നേര്യമംഗലം റേഞ്ചോഫീസറുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഇവര്‍ കരിക്ക് വില്‍ക്കുവാന്‍ ഉപയോഗിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തു.

വനം-വന്യജീവി നിയമത്തിലെ വിവിധ വകുപ്പുകള്‍ ഉപയോഗിച്ച് കേസെടുത്തതെന്ന് റേഞ്ച് ഓഫീസര്‍ പറഞ്ഞു. വന മേഖലയുടെ ഭാഗമായ ചീയപ്പാറയില്‍ അടക്കം നടക്കുന്ന മുഴുവന്‍ വഴിയോര കച്ചവടങ്ങള്‍ക്കെതിരെയും ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും അനധികൃത കച്ചവടങ്ങള്‍ അടിയന്തിരമായി ഒഴിപ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍ ചാനല്‍ ടുഡേയോട് പറഞ്ഞിരുന്നു.

എന്നാൽ കരിക്ക് കച്ചവടക്കാരെ അറസ്റ്റ് ചെയ്തത് കള്ളക്കേസുണ്ടാക്കിയാണെന്ന് പ്രതിഭാഗം പറഞ്ഞു. ചില ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സ്വാർത്ഥ താൽപര്യങ്ങളും ഉന്നത ഉദ്യോഗസ്ഥന്റെ ഈഗോയുമാണ് കേസെടുക്കാൻ കാരണമായതെന്ന് വനം വകുപ്പിലെ ഒരു വിഭാഗം ജീവനക്കാർ തന്നെ പറയുന്നു.

വനപാലകർ കസ്റ്റഡിയിലെടുത്ത വാഹനം വിട്ടു നൽകിയിട്ടില്ല. ഇതിനായി പുതിയ അപേക്ഷ സമർപ്പിക്കും.

ഇതിനിടെ നേര്യമംഗലം വന മേഖലയിലൂടെ കടന്നു വരുന്ന ദേശീയപാതയിലെ വനം വകുപ്പിന്റെ അമിത അവകാശത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് വന മേഖലയില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതിനടക്കം വനം വകുപ്പ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് വന വകുപ്പ് ദേശീയപാതയില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. ഇതിനെതിരെ ജനകീയ കൂട്ടായ്മയുടേയും പ്രതിപക്ഷ സംഘടനകളുടേയും പ്രതിഷേധം ശക്തമായതോടെ തുടര്‍ നടപടികളില്‍ നിന്നും വനം വകുപ്പ് തല്‍ക്കാലം പിന്‍മാറിയിരുന്നു.

എന്നാല്‍ വനപാതയിലെ വെള്ളച്ചാട്ടത്തിനു സമീപമുളള കച്ചവടക്കാര്‍ക്കെതിരെയടക്കം പുതിയ നടപടികള്‍ വന്നതോടെ പ്രദേശവാസികള്‍ ആശങ്കയിലായി. വന മേഖലയോട് ചേര്‍ന്ന കിടക്കുന്ന പ്രദേശങ്ങള്‍ ബഫര്‍ സോണ്‍ പരിധിയിലാക്കാന്‍ വനം-പരിസ്ഥിതി വകുപ്പുകള്‍ നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് പുതിയ കേസുകളെന്നാണ് നാട്ടുകാരുടേയും അറസ്റ്റിലായവരുടെ ബന്ധുക്കളുടേയും വാദം. എന്നാല്‍ വനത്തില്‍ അതിക്രമിച്ചു കയറിയതിനു പുറമെ അറസ്‌ററിലായവര്‍ വന മേഖലയില്‍ മാലിന്യം നിക്ഷേപിക്കുകയും ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയെന്നും വനപാലകര്‍ പറഞ്ഞു. എന്നാല്‍ ഞായറാഴ്ച വൈകിട്ടുണ്ടായ സംഭവത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണി വരെ പോലിസില്‍ വനപാലകരുടെ പരാതി ലഭിച്ചിട്ടില്ല.

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: