അടിമാലിയിലെ സ്വാതന്ത്ര്യ ദിനാഘോഷം: സമ്മാനതുക നല്‍കാതെ സംഘാടക സമിതി സ്‌കൂളുകളേയും കോളേജുകളേയും കുടുംബശ്രീകളേയും വഞ്ചിച്ചു. കുട്ടികളെ പൊരിവെയിലില്‍ നിര്‍ത്തിയത് മണിക്കൂറുകളോളം

Spread the love

അടിമാലിയിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളില്‍ മികച്ച പ്രകടനം കാഴ്ചവക്കുന്ന സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും നല്‍കേണ്ട പണത്തില്‍ സംഘാടക സമിതി കയ്യിട്ടു വാരിയതായി ആക്ഷേപം. സമ്മാനതുക നല്‍കാതെ സംഘാടക സമിതി സ്‌കൂളുകളേയും കോളേജുകളേയും വഞ്ചിച്ചു.

റാലിയില്‍ മികച്ച പ്രകടനം കാഴ്ചവക്കുന്ന സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഒന്നാം സമ്മാനമായി 5,000 രൂപയും രണ്ടാം സമ്മാനമായി 3,000 രൂപയുമാണ് നല്‍കാന്‍ വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഉള്‍പ്പെടുന്ന ആഘോഷ കമ്മറ്റി തീരുമാനിച്ചത്. ഇതോടൊപ്പം അന്‍പതില്‍ അധികം അംഗങ്ങളെ ഉള്‍പ്പെടുത്തി റാലിയില്‍ പങ്കെടുക്കുന്ന കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് പ്രോല്‍സാഹന സമ്മാനമായി 1500 രൂപയും നല്‍കാന്‍ തീരുമാനിച്ചിരുന്നു

കുട്ടികളേയും കുടുംബശ്രീ അംഗങ്ങളേയും സ്‌കൂള്‍ – കോളേജ് അധ്യാപകരേയും റാലിയുടെ ഭാഗമായി മണിക്കൂറുകളോളം പൊരിവെയിലില്‍ നിര്‍ത്തിയ ശേഷമാണ് വാഗ്ദാനം ചെയ്ത സമ്മാന തുക നല്‍കാതെ സംഘാടക സമിതി വഞ്ചിച്ചത്. റാലിയില്‍ പങ്കെടുക്കുന്നതിന് സ്‌കൂള്‍-കോളേജ്-കുടുംബശ്രീ അംഗങ്ങള്‍ നാളുകളായി പരിശീലനം നടത്തിയിരുന്നു. കൂടാതെ വലിയ തുക മുടക്കി ദേശീയപതാകകളും മറ്റു അലങ്കാര വസ്തുകളും വാങ്ങിയിരുന്നു. ഇതോടൊപ്പം സ്‌കൂള്‍-കോളേജുകളില്‍ നിന്നും കുട്ടികളേയും അധ്യാപകരേയും അടിമാലിയില്‍ എത്തിക്കുന്നതിന് വാഹന കൂലി ഇനത്തിലും വലിയ തുക ചിലവു വന്നു.

കുടംബശ്രീ അംഗങ്ങള്‍ക്കായി ഒരേ തരത്തിലുള്ള സാരിയടക്കമുള്ള വസ്ത്രങ്ങള്‍ക്കായും നല്ലൊരു തുക മുടക്കിയിരുന്നു. ഇത്തരത്തില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചവരേയാണ് സംഘാടക സമിതി സമ്മാന തുകയായ ക്യാഷ് അവാര്‍ഡ് നല്‍കാതെ വഞ്ചിച്ചത്. വര്‍ഷങ്ങളായി നാടിന്റെ ഉത്സവമായി മാറിയിരുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയാണ് ചിലരുടെ കഴിവുകേടും സ്വാര്‍ത്ഥ താല്‍പര്യവും മൂലം ഇല്ലാതാവുന്നത്.

അടിമാലിയില്‍ നടന്ന സ്വാതന്ത്ര്യ ദിന റാലിയുടെ പ്രസക്ത ഭാഗങ്ങള്‍

ദേവികുളം എം.എല്‍ എ അഡ്വ.എ. രാജ ചെയര്‍മാനായ ആഘോഷ കമ്മിറ്റിയില്‍ ജനറല്‍ കണ്‍വീനറായി പി വി സ്‌കറിയയും, റാലി കമ്മിറ്റിയില്‍ കെ കെ സുകുമാരന്‍, കെ. പി അസീസ് , പബ്ലിസിറ്റി കണ്‍വീനര്‍മാരായി ഹാപ്പി കെ വര്‍ഗീസ്, സി ഡി ഷാജി, ഫിനാന്‍സ് കമ്മിറ്റിയില്‍ ബാബു പി കുര്യാക്കോസ്, ജോണ്‍ സി ഐസക് തുടങ്ങിയ സമിതിയാണ് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്യാന്‍ തീരുമാനമെടുത്തത്.

വിജയികള്‍ക്കുള്ള സമ്മാന തുക വ്യക്തമാക്കിയുള്ള സംഘാടക സമിതിയുടെ നോട്ടീസ്‌

മല്‍സര വിജയികള്‍ക്ക് സമ്മാന തുക നല്‍കാത്ത നടപടിയെ കുറിച്ച് അന്വേഷണം നടത്തണം: എംഎല്‍എ എ.രാജ

സമ്മാന തുക നല്‍കാന്‍ വേണ്ടി നടത്തിയ ഫണ്ട് ശേഖരണം വിജയമാകാതിരുന്നതാണ് ക്യാഷ് അവാര്‍ഡ് നല്‍കുന്നതിന് തടസമായതെന്ന് ഫിനാന്‍സ് കമ്മറ്റി അംഗം ബാബു പി കുര്യാക്കോസ് ചാനല്‍ ടുഡേയോട് പറഞ്ഞു. എന്നാല്‍ മല്‍സര വിജയികള്‍ക്ക് സമ്മാന തുക നല്‍കാത്ത നടപടിയെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ദേവികുളം എംഎല്‍എ അഡ്വക്കേറ്റ് എ. രാജ ആവശ്യപ്പെട്ടു. സംഘാടക സമിതി ക്യാഷ് അവാര്‍ഡ് നല്‍കുന്നില്ലായെന്ന വിവരം തന്നോട് പറഞ്ഞിട്ടില്ലെന്നും എംഎല്‍എ ചാനല്‍ ടുഡേയോട് വ്യക്തമാക്കി.

ഫണ്ട് ശേഖരണം വിജയിച്ചില്ല- സമ്മാന തുക നല്‍കാന്‍ സാധിച്ചില്ല: ഫിനാന്‍സ് കമ്മറ്റി

സംഭവം വിവാദമായതോടെ വിജയികള്‍ക്ക് മറ്റൊരു പരിപാടി നടത്തി അവാര്‍ഡ് നല്‍കി തലയൂരാനാണ് സംഘാടക സമിതിയുടെ പുതിയ നീക്കം. നടത്തിപ്പിലെ അവ്യക്തതയും സംഘാടക പിഴവും അഴിമതിയിലും മുങ്ങി വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിന്നു പോയ അടിമാലി ഫെസ്റ്റിന്റെ സ്ഥിതി സ്വാതന്ത്ര്യ ദിന റാലിക്കും വന്നതായി നാട്ടുകാര്‍ പറയുന്നു.

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: