ഭരണഘടനാതത്വം മറക്കുന്നു , സമ്മർദം ഉൽക്കണ്ഠയുണ്ടാക്കുന്നു : മുഖ്യമന്ത്രി

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം
തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ സമ്മർദത്തിലാക്കാൻ, ഉയർന്ന ഭരണഘടനാ പദവികൾ വഹിക്കുന്നവർപോലും ഉപയോഗിക്കപ്പെടുന്നത് വർത്തമാനകാലത്തെ ഉൽക്കണ്ഠയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാരുകൾ രാജ്യത്തിന്റെ വികസനത്തിൽ കേന്ദ്ര സർക്കാരുമായി തുല്യപങ്കാളിത്തം വഹിക്കേണ്ടവയാണെന്ന അടിസ്ഥാന ജനാധിപത്യതത്വം വിസ്മരിക്കപ്പെടുകയാണ്. 73––ാം വാർഷികത്തിലും ഭരണഘടന നേരിടുന്ന വെല്ലുവിളികൾ നിസ്സാരമല്ല. ഭരണഘടനാ മൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ നാം പ്രതിജ്ഞാബദ്ധരാണെന്നും ഭരണഘടനാദിന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

സംതൃപ്തമായ സംസ്ഥാനങ്ങളും ശക്തമായ കേന്ദ്രവും ചലിക്കുന്ന തദ്ദേശസർക്കാരുകളുമെന്ന യഥാർഥ ഫെഡറൽ സങ്കൽപ്പം സാർഥകമാകാതിരിക്കാൻ കടമ്പകൾ സൃഷ്ടിക്കുന്നു. ഭരണഘടനാമൂല്യങ്ങൾ യാഥാർഥ്യമാകുന്നതിന് ജനകീയ സമരങ്ങളും നിയമപോരാട്ടങ്ങളും നടക്കുന്നു. പൗരാവകാശ സംരക്ഷണത്തിന്, സ്വതന്ത്ര ഇന്ത്യയിൽ മദ്രാസ് സർക്കാരിനെതിരെ എ കെ ജി നടത്തിയ നിയമപോരാട്ടം അന്ന് വിജയം കണ്ടില്ലെങ്കിലും ആ കേസിലെ ന്യൂനപക്ഷ വിധി ശരിയായിരുന്നെന്ന് ദശാബ്ദങ്ങൾക്കുശേഷം സുപ്രീംകോടതി ആധാർ കേസ് വിധിയിലൂടെ അംഗീകരിച്ചു.

മതനിരപേക്ഷ, ജനാധിപത്യ, ഫെഡറൽ മൂല്യങ്ങൾ കനത്ത വെല്ലുവിളി നേരിടുകയാണ്. പൗരത്വം മതാടിസ്ഥാനത്തിലാക്കാനുള്ള നീക്കങ്ങളും നടക്കുന്നു. സമ്പദ്ഘടനയുടെ കൂറ്റൻ തൂണുകളാകേണ്ട പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി വിറ്റഴിക്കുന്നു. തൊഴിലെടുക്കുന്നവരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ മതനിരപേക്ഷ തത്വങ്ങൾ അട്ടിമറിക്കപ്പെടുന്നു. ഇവയെല്ലാം നിയമപരമായും പൊതുമണ്ഡലങ്ങളിലെ പ്രതിഷേധങ്ങളിലൂടെയും എതിർക്കപ്പെടുന്നുണ്ട്. ബഹുസ്വരതയെ ഇല്ലാതാക്കി പിന്തിരിപ്പൻ ആശയങ്ങൾ വരുംതലമുറയിൽ കുത്തിനിറയ്ക്കാൻ പാഠപുസ്തകങ്ങളുടെ ഉള്ളടക്കം മാറ്റിയുള്ള നീക്കം അപകടകരമാണ്. ഉന്നതവിദ്യാഭ്യാസരംഗത്ത് ശാസ്ത്രാവബോധം തകർക്കാനുള്ള പരീക്ഷണങ്ങളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.



Source link

Facebook Comments Box
error: Content is protected !!