പകൽ ദീർഘ ദൂരയാത്രക്കാർ അങ്കമാലിയിൽ ബസ് മാറികയറണം; പുതിയ പരിഷ്ക്കാരവുമായി കെഎസ്ആർടിസി

Spread the love


Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം: ദീർഘദൂര സർവീസുകളുടെ കാര്യത്തിൽ പുതിയ പരിഷ്ക്കാരവുമായി കെഎസ്ആർടിസി. അങ്കമാലിയെ ട്രാൻസിറ്റ് ഹബാക്കി മാറ്റും. ഇതോടെ തിരുവനന്തപുരത്ത് നിന്ന് വടക്കാൻകേരളത്തിലേക്കുള്ള യാത്രയ്ക്കിടെ അങ്കമാലിയിൽവെച്ച് ബസ് മാറി കയറേണ്ടിവരും. ഇപ്പോൾ നടപ്പാക്കുന്ന സിംഗിൾ ഡ്യൂട്ടി പരിഷ്ക്കാരം ദീർഘദൂര ബസുകളിൽ നടപ്പാക്കുന്നതിന്‍റെ ഭാഗമായാണിത്. ഉദാഹരണത്തിന് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് യാത്ര ചെയ്യുന്നയാൾ അങ്കമാലിയിൽവെച്ച് മറ്റൊരു ബസിൽ കയറി യാത്ര തുടരേണ്ടിവരും. മുൻകൂട്ടി സീറ്റ് റിസർവ് ചെയ്യുന്നവർക്ക് മാറി കയറുന്ന ബസിൽ അതേ സീറ്റ് തന്നെ ലഭിക്കും.

തിരുവനന്തപുരത്തുനിന്ന് വടക്കൻകേരളത്തിലേക്ക് കൊല്ലം, എറണാകുളം ദേശീയപാതവഴിയും കൊട്ടാരക്കര, കോട്ടയം എം.സി റോഡ് വഴിയുമാണ് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നത്. ദേശീയപാതയുടെയും എംസി റോഡിന്‍റെയും സംഗമകേന്ദ്രം അങ്കമാലിയാണ്. അതിനാലാണ് അങ്കമാലിയെ ട്രാൻസിറ്റ് ഹബാക്കിയിരിക്കുന്നത്.

പുതിയ തീരുമാനം നടപ്പിലാകുന്നതോടെ 14 മണിക്കൂർ തുടർച്ചയായി ബസ് ഓടിക്കുന്ന അവസ്ഥ ഡ്രൈവർമാർക്ക് ഒഴിവാക്കാനാകും. ഡ്രൈവർമാരുടെ ഡ്യൂട്ടി സമയം കുറയുന്നതോടെ ജോലിഭാരം കുറയ്ക്കാനും അതുവഴിയുള്ള അപകടങ്ങൾ ഒഴിവാക്കാനും കഴിയും.

നിലവിൽ കെഎസ്ആർടിസി തിരുവനന്തപുരം-കോഴിക്കോട് റൂട്ടിൽ ബൈപ്പാസ് റൈഡർ എന്ന പേരിൽ ഓരോ മണിക്കൂറിലും ബസ് ഓടിക്കുന്നുണ്ട്. സ്വിഫ്റ്റും, ലോഫ്ലോർ ബസുകളുമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ ബസുകൾ അങ്കമാലിയിൽ എത്തുമ്പോൾ ക്രൂചേഞ്ച് നടത്തുകയോ അല്ലെങ്കിൽ മറ്റൊരു ബസിലേക്ക് യാത്രക്കാരെ മാറ്റുകയോ ചെയ്യുന്ന രീതിയിലാകും പുതിയ പരിഷ്ക്കാരം.

പ്രധാനമായും അർദ്ധരാത്രിക്ക് ശേഷവും പുലർച്ചെയുമായി ആരംഭിക്കുന്നതും പകൽ സമയത്ത് അവസാനിക്കുന്നതുമായ സർവീസുകളിലാണ് പുതിയ പരിഷ്ക്കാരം നടത്തുന്നത്. അങ്കമാലി വരെയാണ് ഒരു ക്രൂവിന്‍റെ കീഴിൽ സർവീസ് ഓപ്പറേറ്റ് ചെയ്യുക. ഇവിടെനിന്ന് ജീവനക്കാർ മാറി കയറും. അതേസമയം രാത്രിയിൽ നടത്തുന്ന സർവീസുകളിൽ അത്യാവശ്യമാണെങ്കിൽ മാത്രമാകും യാത്രക്കാരെ മറ്റ് ബസിലേക്ക് മാറ്റുക. യാത്രക്കാർ ഉറങ്ങുന്ന സമയമായതിനാലാണിത്. തിരുവനന്തപുരം-കോഴിക്കോട് ബസ് അങ്കമാലിയിൽ എത്തുമ്പോൾ, അങ്കമാലിയിൽനിന്ന് വടക്കോട്ട് കൂടുതൽ യാത്രക്കാരുണ്ടെങ്കിൽ ബസ് മാറില്ല. യാത്രക്കാർ കുറവാണെങ്കിൽ മറ്റൊരു ബസിലേക്ക് ക്രമീകരിച്ചു വിടും. ഈ പരിഷ്ക്കാരത്തോടെ ബസുകളുടെ എണ്ണം കുറയ്ക്കാനും അതുവഴി റോഡിലെ ട്രാഫിക് കുറയ്ക്കാനും കഴിയും. കൂടാതെ യാത്രക്കാരില്ലാതെ ബസുകൾ സർവീസ് നടത്തുന്നതുമൂലം ഉണ്ടാകുന്ന നഷ്ടം കുറയ്ക്കാൻ കെഎസ്ആർടിസിക്കും കഴിയും.

അതിനൊപ്പം തിരുവനന്തപുരം മുതൽ കോഴിക്കോടിനും അതിന് അപ്പുറത്തേക്കും യാത്ര ചെയ്യുന്നവർക്ക് മതിയായ വിശ്രമവും ഇതിലൂടെ ലഭിക്കും. ഭക്ഷണം കഴിക്കാനും ശുചിമുറിയിൽ പോകാനും വിശ്രമിക്കാനും ആവശ്യത്തിന് സമയം ലഭിക്കും. കൂടാതെ ജീവനക്കാർക്കും വിശ്രമിക്കാനുള്ള സൌകര്യം അങ്കമാലിയിൽ ഒരുക്കും.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box
error: Content is protected !!