സാന്റാ റാലിക്ക് തുടക്കം? നിഫ്റ്റിയില്‍ വന്‍മുന്നേറ്റം; അറിയണം 4 കാരണങ്ങള്‍!

Spread the love


Thank you for reading this post, don't forget to subscribe!

‘സാന്റാ റാലിക്ക്’ തുടക്കമിടുകയാണോ ഇന്ത്യന്‍ വിപണി? പുതിയ വാരം 16,800 മാര്‍ക്കിന് മുകളില്‍ തുടരെ കയറാന്‍ ശ്രമിക്കുന്ന നിഫ്റ്റി സൂചിക നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണ്. റിലയന്‍സിനൊപ്പം ബാങ്ക്, ഐടി ഓഹരികളുടെ കൂടെ പിന്‍ബലം മാര്‍ക്കറ്റിനുണ്ട്.

ജൂണ്‍ 17 -ന് കുറിക്കപ്പെട്ട 52 ആഴ്ച്ച താഴ്ച്ചയില്‍ (15,183.40) നിന്നും നിഫ്റ്റിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് സംഭവബഹുലമെന്നുതന്നെ വിശേഷിപ്പിക്കാം. അദാനി എന്റര്‍പ്രൈസസ്, ഐടിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, ഐഷര്‍ മോട്ടോര്‍സ് തുടങ്ങിയ വമ്പന്മാര്‍ നിഫ്റ്റിയില്‍ താരത്തിളക്കം കൈവരിക്കുന്നുണ്ട്. ഈ അവസരത്തില്‍ നിഫ്റ്റിയുടെ പുത്തന്‍ കുതിപ്പിന് പിന്നിലെ കാരണങ്ങളെന്തെന്ന് ചുവടെ അറിയാം.

1. ഫെഡ് നയം

അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുന്ന വേഗം കുറയ്ക്കുമെന്ന് ആഗോള വിപണികള്‍ കരുതുന്നു. നവംബറില്‍ ചേര്‍ന്ന ഫെഡ് യോഗത്തിന്റെ വിശദമായ വിവരങ്ങള്‍ പോയവാരം പുറത്തുവന്നിരുന്നു. നിലവിലെ നയം മയപ്പെടുത്താനുള്ള ആലോചന ഫെഡിനുണ്ട്.

നവംബര്‍ യോഗത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നതുതൊട്ട് ഇന്ത്യയടക്കമുള്ള വിപണികള്‍ കുതിപ്പിന്റെ പാതയിലാണ്. ഡിസംബര്‍ യോഗത്തില്‍ 50 അടിസ്ഥാന പോയിന്റുകളുടെ നിരക്ക് വര്‍ധനവായിരിക്കും ഫെഡറല്‍ റിസര്‍വ് കൈക്കൊള്ളുകയെന്ന് സാമ്പത്തിക വിദഗ്ധര്‍ നിരീക്ഷിക്കുന്നു.

2. ക്രൂഡ് ഓയില്‍ വില

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില താഴേക്ക് കൂപ്പുകുത്തുകയാണ്. ബാരലിന് 80 ഡോളറിനരികിലാണ് ബ്രെന്‍ഡ് ക്രൂഡിന് വില. 2022 ജനുവരിക്ക് ശേഷം ബ്രെന്‍ഡ് ക്രൂഡിന്റെ വില ഇത്രയേറെ താഴുന്നത് ഇതാദ്യം.

ചൈനയില്‍ വീണ്ടുമുണരുന്ന കോവിഡ് ഭീതിയും ലോക്ക്ഡൗണുകളും എണ്ണ ഡിമാന്‍ഡ് കുറയ്ക്കുമെന്ന് വ്യാപാരികള്‍ ആശങ്കപ്പെടുന്നു. യൂറോപ്പിലും അമേരിക്കയിലും പിടിമുറുക്കുന്ന സാമ്പത്തിക മാന്ദ്യവും എണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. എണ്ണവില കുറയുന്നത് എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് ഗുണകരമാണ്.

3. ദുര്‍ബലമാവുന്ന ഡോളര്‍

നേരത്തെ, 83 മാര്‍ക്കിന് താഴേക്ക് ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണിരുന്നു. എന്നാല്‍ അപകടം നിറഞ്ഞ അസറ്റുകളിലേക്ക് നിക്ഷേപകര്‍ വീണ്ടും ശ്രദ്ധ പതിപ്പിക്കാന്‍ തുടങ്ങിയതോടെ 82 മാര്‍ക്കിന് മുകളിലേക്ക് കയറിപ്പറ്റാന്‍ ഇന്ത്യന്‍ രൂപയ്ക്ക് സാധിച്ചിട്ടുണ്ട്. മറുഭാഗത്ത് ഡോളര്‍ സൂചികയാകട്ടെ, 114.78 എന്ന ഉയരം കീഴടക്കിയതിന് ശേഷം 106 മാര്‍ക്കിലേക്ക് ക്രമപ്പെട്ടിട്ടുണ്ട്.

4. വിദേശ, ആഭ്യന്തര നിക്ഷേപകര്‍

വിദേശ നിക്ഷേപകരുടെ തിരിച്ചുവരവാണ് പുത്തന്‍ റാലിയുടെ പ്രധാനാകര്‍ഷണം. നവംബറില്‍ ഇതുവരെ 4 ബില്യണ്‍ ഡോളറിലധികം ഫണ്ടുകള്‍ വിദേശത്തുനിന്നും ഇന്ത്യന്‍ വിപണിയിലെത്തി. ഇതേസമയം, വിദേശ നിക്ഷേപകരുടെ കുത്തൊഴുക്കിനെ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ മുതലെടുക്കുന്നുണ്ട്. നടപ്പുമാസം വില്‍പ്പനക്കാരുടെ തൊപ്പിയണിഞ്ഞിരിക്കുന്നതും ഇവര്‍തന്നെ.

‘മാര്‍ക്കറ്റുകള്‍ പുതിയ ഉയരം തൊട്ടതിന് മറ്റൊരു കാരണം വര്‍ധിച്ച വ്യസ്ഥാപിത നിക്ഷേപങ്ങളാണ് (എസ്‌ഐപി). ദീര്‍ഘകാല കാഴ്പ്പാട് പുലര്‍ത്തി വേണം നിക്ഷേപകര്‍ അസറ്റ് അലോക്കേഷനും എസ്‌ഐപി നിക്ഷേപങ്ങളും തുടരാന്‍. മാര്‍ക്കറ്റിലെ ഹ്രസ്വകാല ചാഞ്ചാട്ടങ്ങള്‍ നിക്ഷേപകര്‍ ഗൗനിക്കേണ്ടതില്ല’, കൊട്ടാക്ക് എഎംസിയുടെ മാനേജിംഗ് ഡയറക്ടര്‍ നിലേഷ് ഷാ പറയുന്നു.

തിങ്കളാഴ്ച്ചയും നേട്ടത്തിലാണ് ഇന്ത്യന്‍ ഓഹരി വിപണി വ്യാപാരം പൂര്‍ത്തിയാക്കിയത്. 3 ശതമാനത്തിലേറെ ഉയര്‍ന്ന റിലയന്‍സ് ഓഹരികളുടെ അകമ്പടിയോടെ നിഫ്റ്റി 50 പോയിന്റ് കൂട്ടിച്ചേര്‍ത്തു. സെന്‍സെക്‌സില്‍ 211 പോയിന്റും വന്നണഞ്ഞു. ഓയില്‍ & ഗ്യാസ്, എനര്‍ജി സൂചികകളാണ് ഇന്ന് ഏറ്റവും മുന്നേറിയത്. മറുഭാഗത്ത് ലോഹ ഓഹരികള്‍ കാര്യമായ ആഘാതം ഏറ്റുവാങ്ങി.

ഇന്‍ട്രാഡേ ചാര്‍ട്ടുകളിലെ ഹയര്‍ ബോട്ടം രൂപീകരണങ്ങള്‍ മുന്നോട്ട് കയറ്റം തുടരുമെന്ന സൂചനയാണ് നല്‍കുന്നത്. 18,400-18,350 നില നിഫ്റ്റിക്ക് പിന്തുണ സമര്‍പ്പിക്കും. 18,605-18,650 നിലവാരത്തില്‍ ശക്തമായ പ്രതിരോധവും രൂപംകൊള്ളും. ഇതേസമയം, മാര്‍ക്കറ്റ് 18,350 -ന് താഴേക്ക് പോവുകയാണെങ്കില്‍ തിരിച്ചുവരവ് ദുര്‍ബലമാവാനിടയുണ്ട്.

Get Latest News alerts.

Allow Notifications

You have already subscribed

English summary

Santa Rally In Nifty; Indian Indices Fly High On Monday; Know The Reasons Why Markets Will Continue This Bull Run Ahead

Santa Rally In Nifty; Indian Indices Fly High On Monday; Know The Reasons Why Markets Will Continue This Bull Run Ahead. Read in Malayalam.

Story first published: Monday, November 28, 2022, 16:43 [IST]



Source link

Facebook Comments Box
error: Content is protected !!